കാലടി: കുപ്പത്തൊട്ടിയിൽനിന്ന് താരപദവിയിലേക്കുള്ള ഉയിർപ്പായിരുന്നു അത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾകൊണ്ട് നക്ഷത്രം നിർമിച്ച് ശ്രീമൂലനഗരം രാജഗിരി ഇടവകയാണ് അതിന് വീഥിയൊരുക്കിയത്‌. പ്ലാസ്റ്റിക് കുപ്പികളിൽനിന്ന് വിരിഞ്ഞത് 18 അടി ഉയരമുള്ള നക്ഷത്രം. ആയിരത്തോളം പ്ലാസ്റ്റിക് കുപ്പികൾ വേണ്ടിവന്നു ഇതിന്. ഇടവകയിൽ നിന്ന്‌ സമാഹരിച്ച കുപ്പികളുപയോഗിച്ച് മൂന്ന് ദിവസത്തെ ശ്രമത്തിന്റെ ഫലമായാണ് നക്ഷത്രം ഉയർന്നത്.

‘പരിസ്ഥിതി സംരക്ഷണം നമ്മുടെ പ്രധാന കടമ’ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം ഉൾക്കൊണ്ടാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിയതെന്ന് വികാരി ഫാ. പീറ്റർ കോയിക്കര പറഞ്ഞു. ഷാജൻ പരപ്പിള്ളി, ജോബി മറ്റപ്പിള്ളി, പ്രിൻസ് കളത്തിപ്പറമ്പിൽ, ക്രിസ്റ്റി പെരുമായൻ, ജേക്കബ് പെരുമായൻ, ദേവസി മരോട്ടിപ്പറമ്പിൽ എന്നിവർ നക്ഷത്രനിർമാണത്തിന് നേതൃത്വം നൽകി.