Rajesh Krishnanയാത്രികർക്ക് അതിരുകളും മതിലുകളും ഉണ്ടോ...? ഭൂപടത്തിലെ ചരിത്രം കാലാകാലങ്ങളിൽ പടുത്തുയർത്തിയ അതിരുകൾ മായ്ച്ചുകൊണ്ടൊരു യാത്രയാണെങ്കിലോ...? സഞ്ചാരികളുടെ സ്വപ്നങ്ങളിൽ എപ്പോഴും ഇത്തരമൊരു യാത്രയുണ്ടാകാം. മണ്ണിൽ പുതഞ്ഞുകിടക്കുന്ന വിത്തുകൾ അനുകൂല സാഹചര്യത്തിൽ മുളപൊട്ടുന്നതുപോലെ, അത്രമേൽ സ്വാഭാവികമായി അത് സംഭവിക്കുകയും ചെയ്യും. ആ യാത്രകളുടെ അതിർത്തികൾ നിശ്ചയിക്കുന്നത് ഒരിക്കലും ഭൂപടങ്ങളാവില്ല. സംസ്കാരങ്ങളുടെയും പടയോട്ടങ്ങളുടെയും രാഷ്ട്രീയ ഞരമ്പിലൂടെ സഞ്ചരിക്കുകയെന്നതാണ് ആ സ്വപ്നത്തിന്റെ അർത്ഥം. പ്രത്യേകിച്ച് ഓരോ നോട്ടവും ഒരുപറ്റം ഓർമപ്പെടുത്തലുകൾ വാഗ്ദാനം ചെയ്യുന്ന അപരിചിതമായ വഴികളിലൂടെ, അല്ലെങ്കിൽ തുടക്കവും ഒടുക്കവും മാത്രം രേഖപ്പെടുത്തി കൃത്യമായ സഞ്ചാരപഥങ്ങളില്ലാതെ ദിശമാത്രം മുന്നിലുള്ള ഒരു ഉഗ്രൻ യാത്ര. ലണ്ടനിൽനിന്ന്‌ കേരളത്തിലേക്ക്‌ അങ്ങനെയൊരാൾ യാത്ര ചെയ്യുന്നു, ഒറ്റയ്ക്ക്. ഭൂപടങ്ങളിൽനിന്ന് ഭൂപടങ്ങളിലേക്ക്‌ റോഡുമാർഗം. ലണ്ടനിൽ താമസിക്കുന്ന മലയാളിയായ മാധ്യമപ്രവർത്തകനും ലോക കേരള സഭാംഗവുമായ രാജേഷ് കൃഷ്ണ ആ സ്വപ്നയാത്രയുടെ അവസാന ഒരുക്കങ്ങളിലാണ്. 

ലണ്ടനിലെ വീട്ടിൽനിന്ന് പത്തനംതിട്ടയിലെ സ്വന്തം വീട്ടിലേക്ക് ഏതാണ്ട് 15,000-17,000 കിലോമീറ്റർ ദൂരം 40-45 ദിവസംകൊണ്ട് രാജേഷ് ഡ്രൈവ് ചെയ്യുന്നു. പാകിസ്താൻ വഴിയാണ് സഞ്ചാരം എന്നതുകൊണ്ടു തന്നെ ഒരേസമയം സാഹസികവും വ്യത്യസ്തവുമാണ് ഈ യാത്ര.  പത്തനംതിട്ട സ്വദേശിയായ രാജേഷ് കൃഷ്ണ മലയാളത്തിൽ ദൃശ്യ-മാധ്യമ പ്രവർത്തകനായാണ് പത്രപ്രവർത്തനം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ ബർമിങാമിൽ നിന്ന് ഇന്റർനാഷണൽ ബ്രോഡ്കാസ്റ്റിങ്‌ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ രാജേഷ് ബി.ബി.സി.യിൽ മാധ്യമപ്രവർത്തകനായി ചേർന്നു. മാധ്യമപ്രവർത്തകനെന്ന നിലയിൽ ലോകംമുഴുവൻ യാത്രചെയ്തു. എന്നാൽ, ആ യാത്രകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഈ റോഡുയാത്ര. കാരണം, ഈ ലോകയാത്ര ഒരാളുടെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിച്ചേക്കാവുന്ന ഒന്നാണ്. യാത്രയെക്കുറിച്ച് സഞ്ചാരിയുടെ വാക്കുകൾ...

യാത്രയുടെ ആരംഭം

‘‘യാത്രാപ്രേമം കുട്ടിക്കാലത്തേ കൂടെയുണ്ടായിരുന്നെന്നു തോന്നുന്നു. അന്ന് ചെറിയ യാത്രകളെപ്പോലും വളരെ ആവേശത്തോടെയാണ് കണ്ടിരുന്നത്. പ്രായത്തിനൊപ്പം യാത്രാപ്രേമവും വളർന്നു. കോളേജ് പഠനകാലത്ത് ബുള്ളറ്റിലായിരുന്നു സഞ്ചാരം. എന്റെ ബുള്ളറ്റിൽ തെക്കേ ഇന്ത്യ മുഴുവൻ പലവട്ടം പലവഴികളിലൂടെ യാത്ര ചെയ്തു. 2002 മുതൽ ബ്രിട്ടീഷ് ബൈക്ക്-കാർ റാലി ഗ്രൂപ്പായ ‘എൻഡ്യുറോ ഇന്ത്യ’യുടെയും ‘എൻഡ്യുറോ ഹിമാലയ’യുടെയും സംഘാടകനായി പ്രവർത്തിച്ചു. അക്കാലം മുതൽ മനസ്സിൽ യൂറോപ്പ് ഒരു സ്വപ്നമായുണ്ടായിരുന്നു. അങ്ങനെ ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. ബി.ബി.സി.യിൽ മാധ്യമപ്രവർത്തകനായതോടെയും കൂടുതൽകാലവും ടൂറിസം മേഖലയിലെ പരിപാടികളുടെ സഹനിർമാതാവായി പ്രവർത്തിച്ചതോടുകൂടിയും റോഡുമാർഗവും അല്ലാതെയും പല രാജ്യങ്ങളിലേക്കും നീണ്ട  യാത്രകൾ നടത്തേണ്ടതായിവന്നു. പല രാജ്യങ്ങളിലും ഞാൻ തനിയെ ഡ്രൈവ് ചെയ്തിട്ടുമുണ്ട്.’’ 

വീട്ടിൽനിന്ന്‌ വീട്ടിലേക്ക്

‘‘വീട്ടിൽനിന്ന്‌ വീട്ടിലേക്കുള്ള ഒരു യാത്ര. ഈ യാത്രയെപ്പറ്റി സിമ്പിളായി പറഞ്ഞാൽ അത്രയേ ഉള്ളൂ. എന്നെ സംബന്ധിച്ച് ‘ട്രിപ്പ് ഓഫ് എ ലൈഫ് ടൈം’ എന്ന് പറയാവുന്ന ഒരു ട്രിപ്പാണിത്. ഇനി യാത്രയുടെ ലക്ഷ്യമാണെങ്കിൽ ബ്രെയിൻ ട്യൂമർ ബാധിതരായ കുട്ടികളെ സഹായിക്കുന്ന ‘റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി’ക്ക് (www.rncc.org.uk) വേണ്ടിയാണ് യാത്ര. ഇതിൽനിന്ന്‌ ലഭിക്കുന്ന മുഴുവൻ തുകയും അവർക്കുള്ളതാണ്. ഒരു ചാരിറ്റി സംസ്കാരം മലയാളിക്ക് പരിചയപ്പെടുത്തുക എന്നതുകൂടിയാണ് ഇതിലൂടെ ഞാൻ ലക്ഷ്യമിടുന്നത്.’’ 

ലോകം മുഴുവൻ  സുഹൃത്തുക്കളുള്ള ഒരാൾ  ഒറ്റയ്ക്ക് യാത്രചെയ്യുന്നു

‘കാബിൻ ബഗ്ഗ്’ എന്നതെന്താണെന്ന് യാത്രചെയ്താലേ മനസ്സിലാവൂ. സമാന മനസ്കരല്ലെങ്കിൽ ഒരു യാത്രയുടെ മുഴുവൻ ഊർജവും നശിപ്പിക്കാൻ ഒരു സഹയാത്രികൻ മതി. അയാൾ ഒരു ചെറിയ കടുംപിടിത്തക്കാരനായാൽ തീർന്നു. ഇതാകുമ്പോൾ എന്റെ സൗകര്യം, എന്റെ സമയം, എന്റെ സ്വന്തം തീരുമാനങ്ങൾ. പിന്നെ, മറ്റുചില സുഹൃത്തുക്കളുടെ സൗകര്യം കാത്തുനിന്നാണ് ഇത് നീണ്ടുപോയതും. തനിയെയാണ് യാത്ര തുടങ്ങാൻ തീരുമാനിച്ചിരുന്നതെങ്കിലും അടുത്ത സുഹൃത്തുക്കളുടെ സ്നേഹപൂർവമായ നിർബന്ധത്താൽ ഇപ്പോൾ ഒന്നും രണ്ടും രാജ്യങ്ങളിൽ രണ്ടോ മൂന്നോ ദിവസംവീതം യാത്രചെയ്യാൻ ചില സുഹൃത്തുക്കൾ തയ്യാറായി വന്നിട്ടുണ്ട്. ലണ്ടനിൽ വക്കീലായ സന്ദീപ് പണിക്കർ, കൊച്ചിയിലുള്ള സുഹൃത്തും ഛായാഗ്രാഹകനുമായ ആയില്യൻ, ദുബായിലുള്ള സുഹൃത്ത് വേലായുധൻ, എന്റെ സഹോദരീഭർത്താവ് അവിനാഷ്, രാഷ്ട്രീയരംഗത്തെ പ്രമുഖരായ ചില സുഹൃത്തുക്കൾ തുടങ്ങിയവർ ഒന്നോ രണ്ടോ രാജ്യത്ത് ഉണ്ടായേക്കും’’.

Rajesh Krishnan

പലതവണ തീരുമാനിച്ച്  മാറ്റിവച്ച യാത്ര (2014-ലാണ് ആദ്യം ഈ യാത്ര  തീരുമാനിച്ചിരുന്നത്)

‘‘പ്രയോറിട്ടി നിശ്ചയിക്കുന്നതിൽ ഒരു പരാജയമാണ്, ഞാനടക്കമുള്ള നമ്മൾ മലയാളികൾ. ശരാശരി മലയാളിജീവിതത്തിന്റെ യാന്ത്രികഘട്ടങ്ങൾ, ജനനം,നാട്ടുകാർ എന്തു വിചാരിക്കും, അല്ലെങ്കിൽ മറ്റവന്റെ ജീവിതത്തിൽ എന്തു സംഭവിക്കുന്നു? പിന്നെ മരണം. അടുത്ത ഫോർമാറ്റ് കൗമാരം. മാതാപിതാക്കളുടെ ഇഷ്ടപ്പെട്ട കോഴ്‌സ് പഠിച്ചുതീരും. യൗവ്വനം ജോലിയാൽ ബന്ധിതമാകും പിന്നെ അയൽക്കാരന്റെ അല്ലെങ്കിൽ ബന്ധുവിന്റെ വീടിനേക്കാൾ മനോഹരമായ സ്വന്തം ശേഷിക്കപ്പുറമുള്ള ഒരു വീട് മധ്യവയസ്സ് അപഹരിക്കും. റിട്ടയേർഡ്‌ ജീവിതം മക്കളുടെ കല്യാണത്തിന്റെ കടം വീട്ടാനുള്ളതാണ്. ശിഷ്ടകാലം ആരോഗ്യക്ഷയം അപഹരിക്കും. ഇതിനിടയിൽ ജീവിക്കാൻ, യാത്രപോകാൻ നാം മറക്കുന്നു. ഏറ്റവും പ്രധാനമായി ഈ യാത്രയ്ക്ക്‌ വേണ്ടതായി എനിക്ക് തോന്നുന്നത് പരാജയപ്പെടാനുള്ള ഭയമില്ലായ്മയാണ്. ആ മാനസികവളർച്ചയ്ക്കെടുത്ത സമയമാണ് ഇതിനിടയിൽ കടന്നുപോയതെന്നു തോന്നുന്നു.’’

എന്തുകൊണ്ട്  പാകിസ്താൻ വഴി?

‘‘വായിച്ചറിഞ്ഞ പാകിസ്താൻ ഇന്ത്യയെപ്പോലെ മനോഹരമായി തോന്നുന്നു. പിന്നെ, ഗസൽ ഗായകൻ ഗുലാം അലി അടക്കമുള്ള ഒരുപിടി നല്ല സുഹൃത്തുക്കളുടെ ‘ഈ രാജ്യമെന്താണെന്ന് നിങ്ങൾ അറിയണം’ എന്ന നിരന്തര പ്രേരണ. ഇങ്ങനെയല്ലാതെ ആ രാജ്യം കാണാനുള്ള അവസരം ഉണ്ടാവില്ല എന്ന വ്യക്തമായ തിരിച്ചറിവ്. പക്ഷേ, ഇതുവരെയും വിസ കിട്ടിയിട്ടില്ല, കാത്തിരിപ്പ് തുടരുന്നു. ബാക്കി വിസകൾ എല്ലാം കിട്ടിയ ശേഷം മാത്രമേ പാകിസ്താൻ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയൂ. വിസ കിട്ടിയില്ലെങ്കിൽ തുർക്‌മെനിസ്താൻ, താജിക്കിസ്താൻ, ചൈന, നേപ്പാൾ വഴിയുള്ള റൂട്ട് തിരഞ്ഞെടുക്കും.

പേപ്പർ വർക്കുകൾ എല്ലാം കൃത്യമായി നീങ്ങിയാൽ ജൂൺ 30-ന് ലണ്ടനിൽനിന്ന് തിരിക്കും. ഷെങ്കൺ വിസ കിട്ടിയതിനാൽ യൂറോപ്പ് എങ്ങനെ വേണമെങ്കിലും കവർ ചെയ്യാം. ഫ്രാൻസ്, ബെൽജിയം ജർമനി, ഓസ്ട്രിയ, െസ്ലാവാക്യ, ഹംഗറി, സെർബിയ, ബൾഗേറിയ വഴി തുർക്കിയിൽ എത്തും. അവിടെനിന്ന് ഇറാൻ-പാകിസ്താൻ വഴി വാഗാ അതിർത്തിയിലൂടെ ഇന്ത്യയിൽ പ്രവേശിക്കും... ഇതാണ് പ്ലാൻ. എന്തായാലും പാകിസ്താൻ ഒഴികെ ഒരു രാജ്യത്തും കൃത്യമായ റൂട്ട് പ്ലാനുകൾ ഇല്ല. യൂറോപ്യൻ രാജ്യങ്ങളിൽ ഏകദേശം 500 കിലോമീറ്ററാണ് ഒരു ദിവസം ഡ്രൈവ് ചെയ്യാനുദ്ദേശിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ ഇതിലും കുറവ് ദൂരമായിരിക്കും ഒരു ദിവസം പിന്നിടുക.’’

ഏതു വാഹനം...? യാത്രയെ  പിന്തുണയ്ക്കുന്നത് ആരെല്ലാം...?

‘‘വോൾവോ എക്സ് സി 60 പോലെ ഒരു മിഡ് എസ്.യു.വി. ആയിരിക്കും വാഹനം. സ്പോൺസർഷിപ്പുകൾക്ക് ശ്രമം തുടരുന്നു. കേരളത്തിലെ രാഷ്ട്രീയ-സിനിമാ രംഗത്തെ പല പ്രമുഖരും പിന്തുണ അറിയിച്ചുകഴിഞ്ഞു. വരുംദിവസങ്ങളിൽ അവരും പരസ്യമായി ഇതിന്റെ ഭാഗമാകും.’’

തയ്യാറെടുപ്പുകൾ 

‘‘പ്ലാൻചെയ്തുള്ള ജീവിതത്തിലെ ആദ്യത്തെ യാത്രയായതുകൊണ്ടുതന്നെ പ്ലാനുകൾ തെറ്റാനും മാറിമറിയാനും ഒട്ടേറെ സാധ്യതകളുണ്ട്. ഒരുപക്ഷേ, യാത്രതന്നെ പരാജയപ്പെട്ടേക്കാം. ഇത്തരം യാത്രകൾക്ക് തയ്യാറെടുക്കാൻ പരിമിതികളുണ്ട്. അതിനാൽ വരുന്നതിനെ വരുന്നിടത്തുവച്ചു കാണാം എന്നാണ് എന്റെ നിലപാട്.’’ രാജേഷ് കൃഷ്ണ എന്ന പ്രൊഫൈലിലും (https://www.facebook.com/londonrk) ‘ലണ്ടൻ ടു കേരള ബൈ റോഡ്’ (https://www.facebook.com/londontokerala) എന്ന പേജിലും പ്രാഥമിക വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.