നാൽപ്പത്തിയേഴ് കൊല്ലം മുമ്പത്തെ ഒരു പ്രഭാതത്തിൽ ഓട്ടപ്പരിശീലനത്തിനിടെ തുടങ്ങിയ ഉറച്ച കൂട്ടുകെട്ട്. കാൽമുട്ടുവേദന ഓട്ടമത്സരങ്ങളിൽനിന്ന് ഇരുവരെയും ‘പിന്നോട്ടോടിച്ചു’. കരഞ്ഞുകൊണ്ട് കരയോടു വിടപറയേണ്ടി വന്നെങ്കിലും ഉള്ളിലെ കായികമനസ്സിൽ ഒരു നീരുറവ തെളിഞ്ഞുവന്നു.ജേക്കബ് എന്ന റിട്ട. ചെയിൻമാനും രവീന്ദ്രൻ എന്ന റിട്ട. എസ്.ഐ.യും ജീവിതം നീന്താൻ തന്നെ തീരുമാനിച്ചു.
69-ാംവയസ്സിൽ ജേക്കബും 64-ാംവയസിൽ രവീന്ദ്രനും തൃശ്ശൂർ ജില്ലയിലെ തിരൂരിലുള്ള ഒരു ‘നാടൻ’ കുളത്തിലേക്ക് എടുത്തുചാടി. 
ശാസ്ത്രീയമായി നീന്താൻ അറിയില്ലായിരുന്നു. രണ്ട് ‘അപ്പൂപ്പന്മാരും’ കുട്ടികളെപ്പോലെ പരസ്പരം മത്സരിച്ചു നീന്തി. എവിടെയോ ഒരു നീന്തൽഭാവി ഇവർ തിരിച്ചറിഞ്ഞു. സ്പോർട്‌സ് കൗൺസിൽ പരിശീലകൻ ഷാജി കുറച്ചൊക്കെ ശാസ്ത്രീയത പറഞ്ഞുകൊടുത്തു. 

മണിക്കൂറിന് 50 രൂപ കൊടുത്ത് തൃശ്ശൂരിലെ സർക്കാർ നീന്തൽക്കുളത്തിൽ കുറച്ചു നാൾ പരിശീലനവും. 2013-ൽ ചാലക്കുടിയിൽ മുതിർന്നവർക്കുള്ള സംസ്ഥാന നീന്തൽ മത്സരം നടന്നപ്പോൾ രണ്ടുപേരും സ്യൂട്ടണിഞ്ഞു. 60-നുമേൽ വിഭാഗത്തിൽ രവീന്ദ്രനും 65-നുമേൽ വിഭാഗത്തിൽ ജേക്കബും മത്സരിച്ചു.
അന്ന് വെറുംകൈയോടെയാണ് എ.പി. ജേക്കബ് തിരൂരിലെ അറയ്ക്കൽ വീട്ടിലേക്കും പി.എസ്. രവീന്ദ്രൻ ചേറൂരിലെ പള്ളിവളപ്പിൽ വീട്ടിലേക്കും മടങ്ങിയെത്തിയത്. എന്നാൽ നീന്തൽ തുടരാൻ ആ കൂട്ടുകാർ തീരുമാനമെടുത്തു. അടുത്തകൊല്ലം തൊടുപുഴയിലെ മത്സരത്തിന് രണ്ടുപേരും എത്തി. തൊടുപുഴയിൽ നീന്തിക്കയറിയത് വിജയതീരത്തായിരുന്നു. രണ്ടു പേർക്കും കിട്ടിയത് മൂന്നു സ്വർണം. 200 മീറ്റർ, 400 മീറ്റർ,4x50 മീറ്റർ ഫ്രീസ്റ്റൈൽ റിലേ എന്നീയിനങ്ങളിലായിരുന്നു സ്വർണം. 

ഒരേയിനങ്ങളിൽ രണ്ടു വിഭാഗങ്ങളിൽ ഈകൂട്ടുകാർക്ക് കിട്ടിയ മെഡലുകളിൽ സ്വർണത്തിനൊപ്പം സൗഹൃദവും തിളങ്ങി നിന്നു. 100മീറ്റർ ഫ്രീസ്റ്റൈൽ, 4x50 മീറ്റർ മെഡ്‌ലെ റിലേ എന്നിവയിൽ രണ്ടുപേരും വെള്ളി നേടി. രവീന്ദ്രന് 100 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്കിൽ ഒരു വെള്ളിമെഡൽക്കൂടി കിട്ടി.
അന്നു കിട്ടിയ അതേരീതിയിലായിരുന്നു പിന്നീട് കോഴിക്കോട്ടും കണ്ണൂരും ഇക്കൊല്ലം കാസർകോട്ടും നടന്ന സംസ്ഥാനമത്സരങ്ങളിലെ ഇരുവരുടെയും മെഡൽ നേട്ടം. ഒരു പക്ഷേ, കായികമത്സരങ്ങളിൽ അധികം കേട്ടിട്ടില്ലാത്തതാവും ഇങ്ങനൊരു ആവർത്തനം.

2009-ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവാണ് രവീന്ദ്രൻ. മക്കളായ പി.ആർ. അരുൺ ഭാരോദ്വഹനത്തിലും പി.ആർ. അർജുൻ ബോക്സിങിലും മികവു തെളിയിച്ചവരാണ്. ഇരുവരും വനംവകുപ്പ് ജീവനക്കാർ.
രവീന്ദ്രനും ജേക്കബും ഇപ്പോഴും പരിശീലനത്തിലാണ്. തിരൂർ പോട്ടോരിലെ ചെന്നംകുളത്തിൽ രാവിലെ ആറരയ്ക്ക് ഇവരെത്തും. 
എട്ടരവരെ നീന്തിയശേഷം വീട്ടിലേക്ക്. രവീന്ദ്രൻ പത്തുമണിക്ക് തൃശ്ശൂരിലെ കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിലേക്ക് പുറപ്പെടും. 
അവിടെ വിജിലൻസ് അസിസ്റ്റന്റിന്റെ സീറ്റിലാകും അദ്ദേഹത്തെ പിന്നീടു കാണുക. വിരമിച്ചശേഷമുള്ള ഒരു താത്കാലിക ജോലി.മകൻ രഞ്ജിത്തിന്റെ കാറ്ററിങ് സ്ഥാപനത്തിൽ സഹായിയായി ജേക്കബിന്റെ പകലും സക്രിയമാകും.

ഓടിത്തുടങ്ങി നീന്തിക്കയറുന്നു

നാൽപ്പത്തിയേഴു കൊല്ലംമുമ്പ് രാമവർമപുരത്തെ എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ വച്ചാണ് രവീന്ദ്രനും ജേക്കബും പരിചയപ്പെടുന്നത്. എന്നും രാവിലെ ജേക്കബ് പത്തു കിലോമീറ്റർ ഓടി ഇവിടെയെത്തുമ്പോൾ രവീന്ദ്രൻ ഓട്ടം തുടങ്ങിയിരിക്കും. രണ്ടുപേരിലെയും കായികമനസ്സുകളുടെ ഒരുമ ഉറച്ച സൗഹൃദത്തിലേക്കു വളർന്നു.
ഇരുവരുടെയും കുടുംബങ്ങളും ഏറെ അടുത്തു. ഓട്ടത്തിലൂടെ നേട്ടങ്ങൾ എങ്ങനെ വെട്ടിപ്പിടിക്കാം എന്നായിരുന്നു പലപ്പോഴും ഈ കൂട്ടുകെട്ടിന്റെ ചർച്ചകൾ. റവന്യൂ വകുപ്പ് ജീവനക്കാരനായ ജേക്കബ് സിവിൽ സർവീസ് കായികമേളയിലൂടെയും രവീന്ദ്രൻ പോലീസ് കായികമേളയിലൂടെയും അത ്ലറ്റിക്സ് മത്സരങ്ങളിലേക്ക് കടന്നു.
400 മീറ്റർ, 800 മീറ്റർ, 1500 മീറ്റർ എന്നീ ഇനങ്ങളിലൂടെ ഇരുവരുടെയും കാലുകൾ വേഗത്തിൽ പാഞ്ഞു. സംസ്ഥാനതലത്തിൽ പലപ്പോഴും സമ്മാനങ്ങൾ ഇരുവർക്കുമൊപ്പം നിന്നു. റിട്ടയർ ചെയ്തശേഷം വെറ്ററൻസ് (മുതിർന്നവർക്കുള്ള) കായികമേളകളിൽ ഇവർ സജീവമായി. 
കുരുക്ഷേത്രയിൽ നടന്ന ദേശീയ വെറ്ററൻസ് മീറ്റിൽ 400, 800, 1500 വിഭാഗങ്ങളിൽ ജേക്കബ് വ്യക്തിഗത ചാമ്പ്യനായിരുന്നു. ഇരുവരും രാജ്യത്തെ മിക്ക സ്റ്റേഡിയങ്ങളിലും ഓടിയിട്ടുണ്ട്. 2004-ൽ മണിപ്പുരിൽ നടന്ന ദേശീയമത്സരത്തിനിടെ വീണ് രവീന്ദ്രന്റെ മുട്ടു പൊട്ടി. അതോടെ ട്രാക്കിനോട് വിട പറയേണ്ടിവന്നു.   2002-ൽ ജേക്കബിന്റെ കാൽമുട്ടിന് വലിയ തേയ്മാനം ഡോക്ടർ കണ്ടെത്തി. ശസ്ത്രക്രിയയും നിർദേശിച്ചു. എന്നാൽ സാമ്പത്തികച്ചെലവ് താങ്ങാനാവാത്തതിനാൽ ശസ്ത്രക്രിയ നടന്നില്ല. ഓട്ടം മതിയാക്കിയ രണ്ടുപേരും പിന്നീട് നീന്തലിലേക്ക് തിരിയുകയായിരുന്നു.