സി.സാന്ദീപനി

sandeepanicherkkatt@gmail.com

നൃത്തവും ഒരു ധ്യാനമാണ്. ചുവടുകളിലൂടെ, മുദ്രകളിലൂടെ, മുഖഭാവങ്ങളിലൂടെ വിടരുന്ന താളാത്മകമായ ധ്യാനം. ഒരു നർത്തകി ചിലങ്കയണിഞ്ഞ് അരങ്ങിലാടുമ്പോൾ മറ്റെല്ലാം മറന്ന് ആനന്ദരൂപനായ ഈശ്വരനിൽ ലയിക്കുന്നു. ഈയൊരു ആനന്ദത്തിനുവേണ്ടി മാത്രമാണ് ദുബായിയിലെ കമ്പനിയിൽ പത്തുവർഷത്തിലേറെ എച്ച്.ആർ. മനേജരായിരുന്ന രോഷ്ണി നായർ വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് വീണ്ടും ചിലങ്കയണിഞ്ഞത്.
ആറുവർഷം മുൻപായിരുന്നു അത്. അന്ന് ആത്മാവിന്റെ വിളികേട്ട് നൃത്തത്തിന്റെ വഴിയേ ഇറങ്ങിയ രോഷ്ണി ഇപ്പോൾ അരങ്ങിന് പ്രിയങ്കരിയായിരിക്കുന്നു. ഇന്ത്യയിലും വിദേശത്തുമായി ധാരാളം വേദികളിൽ ചിലങ്കയണിയാൻ കഴിഞ്ഞത് ആ സ്വയംസമർപ്പണത്തിന് കാലം നൽകിയ പ്രതിഫലം. 
ലണ്ടനിലെ നെഹ്രു സെന്ററിൽ, ബ്രാഡ്‌ഫോഡിലെ കലാസംഘത്തിന്റെ അരങ്ങിൽ, ഭുവനേശ്വറിലെ ജയദേവ് സമറോവിൽ, ബെംഗളുരുവിലെ സായീനൃത്തോത്സവവേദിയിൽ, സംസ്ഥാന സർക്കാരിന്റെ ഓണം ഫെസ്റ്റി
െവലിൽ ഒക്കെ രോഷ്ണി ആടിത്തിമർത്തു. 
അടുത്തിടെ ഭരതനാട്യത്തിനുള്ള ജയദേവരാഷ്ട്രീയപുരസ്കാരം ലഭിച്ച രോഷ്ണി അതിലൊന്നും ‘അഹങ്കരിക്കുന്നില്ല’, ‘കലോപാസന എനിക്ക് പണത്തിനോ അംഗീകാരങ്ങൾക്കോ വേണ്ടിയുള്ളതല്ല, അന്തരാത്മാവുമായും ദൈവികതയുമായും ഉൾച്ചേരാനുള്ള മാർഗമാണത്’, രോഷ്ണി പറയുന്നു.
‘എല്ലാ മലയാളിക്കുട്ടികളെയും പോലെ മോഹിനിയാട്ടവും കുച്ചുപ്പുഡിയും ഭരതനാട്യവുമൊക്കെ പഠിക്കുക, യുവജനോത്സവങ്ങളിൽ സമ്മാനം നേടുക- ഇതായിരുന്നു സ്കൂൾ പഠനകാലത്തെ എന്റെ നൃത്തപഠനത്തിന്റെ ലക്ഷ്യം. 
നാലാമത്തെ വയസ്സിൽത്തന്നെ നൃത്തപഠനം തുടങ്ങിയിരുന്നു. അമ്മ അധ്യാപികയായിരുന്നു-സരളട്ടീച്ചർ. അമ്മയ്ക്കും നൃത്തം വളരെ ഇഷ്ടമാണ്. കലാമണ്ഡലം ബേബി ജോണിന്റെ കീഴിൽ ആദ്യം. പിന്നെ കലാമണ്ഡലം കബീർദാസിനുകീഴിൽ. സ്കൂൾ കലോത്സവങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി. പതിമൂന്നാം വയസ്സിൽ കേന്ദ്രസർക്കാരിന്റെ കൾച്ചറൽ റിസോഴ്‌സ് ആൻഡ് ട്രെയിനിങ് സെന്ററിന്റെ (സി.സി.ആർ.ടി.) സ്കോളർഷിപ്പ് കിട്ടി. ഉപരിപഠനത്തിനുചേർന്നതോടെ കലാപഠനത്തിന് ബ്രെയ്ക്ക് വന്നു. 
കോഴിക്കോട് ഗുരുവായൂരപ്പൻകോളേജിലെ പഠനത്തിനുശേഷം കൊച്ചിയിലെ എസ്.സി.എം.എസ്സിൽനിന്ന് എം.ബി.എ. എടുത്തു. തുടർന്ന് ഇംഗ്ലണ്ടിലെ സി.ഐ.പി.ഡിയിൽനിന്ന് പേഴ്‌സണൽ പ്രാക്ടീസിൽ സർട്ടിഫിക്കറ്റ് നേടി. അതിനുശേഷമാണ് ദുബായിയിൽ എച്ച്. ആർ. മാനേജരാവുന്നത്. നൃത്തത്തെ അല്പംകൂടി ഗൗരവത്തിൽക്കാണണമെന്ന തോന്നൽ ഇക്കാലത്ത് ശക്തമായി. ദുബായിയിൽത്തന്നെ ജോലിചെയ്യുന്ന അരിമ്പൂർ സ്വദേശി സന്തോഷ് നായരെ വിവാഹം കഴിച്ചതിനുശേഷമാണ് നൃത്തത്തിൽ ഗൗരവത്തോടെ ശ്രദ്ധയൂന്നാൻ വീണ്ടും അവസരം ലഭിക്കുന്നത്. പതുക്കെ ഓരോ പരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങി. ഭരതനാട്യത്തിലായിരുന്നു ഊന്നൽ.
നൃത്തവുമായുള്ള പ്രണയം ശക്തമായപ്പോൾ 2011-ൽ ജോലി ഉപേക്ഷിച്ച് എറണാകുളത്തെത്തി ഭരതനാട്യപഠനം തുടങ്ങി. കാലടി സംസ്കൃതസർവകലാശാലാ നൃത്തവിഭാഗം തലവൻ ഡോ. സി. വേണുഗോപാലൻനായർ, ഭാര്യ ആർ.എൽ.വി. ബീന എന്നിവരുടെ ശിക്ഷണത്തിൽ.
2012-ൽ ലയനം എന്ന പേരിൽ ആദ്യത്തെ ഭരതനാട്യക്കച്ചേരി അരങ്ങേറി. കലാക്ഷേത്ര സഹദേവൻ, ഷീല എന്നിവരുടെ കീഴിലായി പിന്നെ പഠനം. കഴിഞ്ഞവർഷം ഗുരുവായൂരിൽ രണ്ടരമണിക്കൂർ നേരത്തെ നൃത്താർപ്പണം എന്ന ഭരതനാട്യപരിപാടി അവതരിപ്പിച്ചു. ചെന്നൈയിലെ കെ.എസ്. ബാലകൃഷ്ണൻ എന്ന ഗുരുവിന്റെ നിർദേശങ്ങൾക്കനുസരിച്ച് ഇപ്പോൾ മനോഹരമായ ചില ഭരതനാട്യ ആവിഷ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്’. 
തിരുനാവായയ്ക്കടുത്ത് ചന്ദനക്കാവിലെ പരേതനായ ത്രിവിക്രമൻനായരുടെയും സരളാദേവിയുടെയും മകളാണ് രോഷ്ണി നായർ. 13 വയസ്സുള്ള മകൾ ശിഖയും നൃത്തത്തിന്റെ വഴിയേ ഉണ്ട്.