''ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ, കാഞ്ചനമാല മൊയ്തീനുള്ളതാണെങ്കിൽ, ലോകകപ്പ് മഞ്ഞയെ പ്രണയിച്ച കാനറികൾക്കുള്ളതാണ്...'' മഞ്ഞച്ചായം പൂശിയ കടലാസിൽ നീല മഷിയിൽ കുറിച്ച വാക്കുകൾ ഉയർത്തിക്കാട്ടുമ്പോൾ അയാളുടെ കണ്ണുകളിൽ ഒരു കടൽ ഇരമ്പുന്നുണ്ടായിരുന്നു; മഞ്ഞയെ പ്രണയിച്ച കടലിരമ്പം. അയാളെപ്പോലെ പിന്നെയും കണ്ടു ഒരുപാടൊരുപാടു പേരെ. കൊച്ചിയുടെ കളിമുറ്റത്തേക്ക് എവിടെ നിന്നൊക്കെയോ ഒഴുകിയെത്തിയ അവരുടെയെല്ലാം കണ്ണുകളിൽ ഒരേ കടലിരമ്പം...മഞ്ഞയെ പ്രണയിച്ച കടലിരമ്പം. കൗമാര ലോകകപ്പിന്റെ ജീവന്മരണ പോരാട്ടക്കളത്തിലേക്ക് ബ്രസീലും ഹോൺഡുറസും കടന്നുവരുമ്പോൾ അവരെല്ലാം മഞ്ഞയെ മാത്രം സ്നേഹിച്ചത് എന്തുകൊണ്ടായിരിക്കാം...ഉത്തരം ഒന്നു മാത്രം; ബ്രസീലിന് ഫുട്‌ബോൾ ജീവനും ജീവിതവുമാണ്.  

കാത്തിരുന്നു കാത്തിരുന്നു വന്ന മഴ പോലെയാണ് ബ്രസീലിന്റെ മഞ്ഞക്കൂട്ടത്തെ ദീപാവലിയുടെ രാവിൽ കൊച്ചിയിലെ ആരാധകർ നെഞ്ചേറ്റിയത്. ഗ്രൂപ്പിലെ അവസാന മത്സരം കളിക്കാൻ ഗോവയിലേക്കു പോയ ബ്രസീൽ ടീം വീണ്ടും കൊച്ചിയുടെ കളിമുറ്റത്തേക്കെത്തുമ്പോൾ പ്രിയപ്പെട്ടവർ തിരിച്ചുവന്നതിന്റെ ആവേശം എല്ലാവരിലും പ്രകടമായിരുന്നു. ബ്രസീൽ ടീമിന്റെ ബസ് സ്റ്റേഡിയത്തിനു പുറത്ത് വന്നുനിൽക്കുമ്പോൾ ആ സ്നേഹത്തിന്റെ ആദ്യ വിസ്‌ഫോടനം ആരവങ്ങളായി ഉയർന്നു. കളിക്കാർ വാംഅപ്പിനായി മൈതാനത്തേക്കിറങ്ങുമ്പോൾ ആരാധകരുടെ കൈയടികൾ സ്നേഹത്തിന്റെ വലിയൊരു കടലായി. ഒരുപാടുനാളത്തെ വിദേശവാസത്തിനൊടുവിൽ നാട്ടിലേക്ക് തിരിച്ചെത്തിയ പ്രിയപ്പെട്ടവരെപ്പോലെ ഓരോ ബ്രസീൽ താരത്തെയും കൊച്ചിയുടെ കളിമുറ്റം കൈയടികളോടെ സ്വീകരിക്കുമ്പോൾ മനസ്സ് പറഞ്ഞു... ഇത് ഫുട്‌ബോളിന്റെ സ്നേഹം. കാണികളുടെ കൈയടികളുടെ നടുവിലേക്ക് ഇറങ്ങിവരുമ്പോൾ ബ്രസീൽ താരങ്ങളുടെ മുഖത്തും നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു. ഒരുപാടുനാളുകൾക്കു ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയതിന്റെ ആഹ്ലാദവും ആശ്വാസവും നിറഞ്ഞ പുഞ്ചിരിയായിരുന്നുവോ അത്? ഉത്തരം അറിയില്ല. പക്ഷേ ഒന്നറിയാം: ഫുട്‌ബോൾ സ്നേഹത്തിന്റെ ഒരു കടലാണ്.

ആഴങ്ങളിലെ ഹോൺഡുറസ്

മഞ്ഞയെ മാത്രം സ്നേഹിച്ച കടൽത്തീരത്തിലൂടെ നടക്കുമ്പോഴാണ് ഹോൺഡുറസിനെക്കുറിച്ച് ഓർത്തത്. എല്ലാവരും മഞ്ഞയുടെ പൂമരം കൊണ്ടുണ്ടാക്കിയ കപ്പൽ മാത്രം സ്വപ്നം കാണുമ്പോൾ അയാളും കൂട്ടുകാരും ഹോൺഡുറസിനൊപ്പമായിരുന്നു. പട്ടിണിയും ഫുട്‌ബോളും കടൽപോലെ ആഴങ്ങളിൽ പൊതിഞ്ഞ ഒരു നാടിന് പിന്തുണയുമായി കൊച്ചിയുടെ കളിമുറ്റത്തേക്കെത്തുമ്പോൾ അയാൾ പറഞ്ഞത് ആഴങ്ങളിൽ ഫുട്‌ബോളിനെ സ്നേഹിച്ച ഒരു രാജ്യത്തെക്കുറിച്ചായിരുന്നു.

''ഹോൺഡുറസിനെക്കുറിച്ച് കുറേയൊക്കെ വായിച്ചിട്ടുണ്ട്. പട്ടിണിയും ഫുട്‌ബോളുമാണ് അവർക്ക് വേണ്ടുവോളമുള്ളതെന്നാണ് പറയാറുള്ളത്. ഫുട്‌ബോളിനെ സ്നേഹിച്ച് തെരുവുകളിൽ പന്തുതട്ടി നടക്കുന്ന കുട്ടികൾ ഹോൺഡുറസിലെ സ്ഥിരം കാഴ്ചയാണ്. അവരിൽ പലരുടെയും സ്വപ്നങ്ങൾ ആ തെരുവുകളിൽ തന്നെ വീണുടഞ്ഞിട്ടുണ്ട്. പക്ഷേ ഓരോ വീഴ്ചകളിലും പുതിയ പുതിയ സ്വപ്നങ്ങൾ കണ്ട് അവർ വീണ്ടും പന്തുമായി തെരുവുകളിലേക്ക് വന്നുകൊണ്ടിരിക്കും. ഒരിക്കലും അവസാനിക്കാത്ത സ്വപ്‌നമാണ് ഫുട്‌ബോളിലേക്കുള്ള അവരുടെ സഞ്ചാരങ്ങൾ...'' ഹോൺഡുറസിനെക്കുറിച്ച് അയാൾ പറഞ്ഞ വാക്കുകൾ ഓർത്തിരിക്കുമ്പോൾ മുന്നിലേക്ക് പന്തു തട്ടി ആ കുട്ടികളെത്തി...ഹോൺഡുറസിന്റെ കുട്ടികൾ. ദേശീയഗാനം പാടുമ്പോൾ നെഞ്ചോടു ചേർത്ത കൈകളുമായി നിന്ന അവരുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി...അതാ ആ കണ്ണുകളിൽ ഒരിക്കലും അവസാനിക്കാത്ത ഫുട്‌ബോൾ സ്വപ്നങ്ങളുടെ കടൽ ഇരമ്പുന്നു.  

നന്ദി കൊളംബസ്... നന്ദി

ഹോൺഡുറസിന്റെ കുട്ടികൾ മൈതാനത്ത് പന്തുതട്ടിത്തുടങ്ങിയപ്പോഴാണ് അയാൾ വീണ്ടും ആ കഥകൾ പറഞ്ഞു തുടങ്ങിയത്. അമേരിക്ക കണ്ടുപിടിച്ച കൊളംബസ് ഹോൺഡുറസ് കണ്ടു പിടിച്ച കഥ. ''ക്രിസ്റ്റഫർ കൊളംബസ് എന്ന സഞ്ചാരിക്കാണ് ഹോൺഡുറസിന്റെ കുട്ടികൾ നന്ദി പറയേണ്ടത്. കൊളംബസ് ഹോൺഡുറസ് കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ ഈ കുട്ടികൾക്ക് ഇപ്പോൾ കൊച്ചിയുടെ കളിമുറ്റത്ത് ഫുട്‌ബോൾ വിരുന്നുമായി വന്നണയാൻ കഴിയുമായിരുന്നോ. ഉൾക്കടലിലൂടെയുള്ള സഞ്ചാരത്തിനൊടുവിൽ കൊളംബസിന്റെ കാലുകൾ ഹോൺഡുറസിന്റെ മണ്ണിൽ സ്പർശിച്ച ആ ദിനം. പേരറിയാത്ത ആ മണ്ണിന് 'ആഴം' എന്ന അർത്ഥമുള്ള ഹോൺഡുറസ് എന്ന പേരിടുമ്പോൾ കൊളംബസിന്റെ മനസ്സിൽ ഫുട്‌ബോൾ ഉണ്ടായിരുന്നോയെന്നറിയില്ല. പക്ഷേ ഒടുവിൽ ഫുട്‌ബോളിനെ കടലിനെക്കാൾ ആഴത്തിൽ സ്നേഹിച്ച നാടായി ഹോൺഡുറസ് മാറുമ്പോൾ നന്ദി പറയേണ്ടത് ആ പേരിട്ട കൊളംബസിന് തന്നെയല്ലേ...'' ഹോൺഡുറസിനെപ്പറ്റിയുള്ള രസകരമായ വിശേഷങ്ങൾ പറഞ്ഞിരിക്കുമ്പോൾ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി...അതാ അവിടെ ഹോൺഡുറസിനോടുള്ള സ്നേഹം ആഴത്തിൽ അലയടിക്കുന്നു.

മഞ്ഞയെ സ്നേഹിച്ചവർ

ഫിഫ അച്ചടക്കത്തിന്റെ ചൂരലുമായി നിന്നതുകൊണ്ടാകാം കാണികൾ കുറഞ്ഞ കൊച്ചിയുടെ കളിമുറ്റത്ത് ദീപാവലി നാളിലും ആ കാഴ്ചയ്ക്ക് കാര്യമായ മാറ്റമുണ്ടായിരുന്നില്ല. വൈകുന്നേരം കാണികളെ സ്റ്റേഡിയത്തിലേക്ക് കയറ്റിത്തുടങ്ങിയ സമയത്ത് ഗാലറികൾ വളരെ ശുഷ്‌കമായിരുന്നു. ബ്രസീലിന്റെ കളിയായിരുന്നിട്ടും കാണികൾ ഇത്രയേറെ കുറയുകയാണോയെന്ന് തോന്നിച്ച നിമിഷങ്ങൾ. നേരം സന്ധ്യയായതോടെ സ്റ്റേഡിയത്തിലേക്ക് കാണികളുടെ ഒഴുക്ക് അല്പാല്പമായി കൂടി വന്നു. ഏഴു മണിയായതോടെ സ്റ്റേഡിയത്തിന്റെ കിഴക്കേഭാഗത്തെ ഗാലറി ഏറെക്കുറെ നിറഞ്ഞു തുടങ്ങി. കിഴക്കേഭാഗത്തെ ഗാലറിയുടെ ഒന്നാം നില ഏതാണ്ട് പൂർണമായി നിറഞ്ഞപ്പോൾ രണ്ടാം നില പകുതിയിലേറെയും നിറഞ്ഞിരുന്നു. എന്നാൽ ഗോൾപോസ്റ്റിനു പിറകിലുള്ള ഭാഗത്ത് രണ്ടിടങ്ങളിലും ഒരുപാട് സീറ്റുകൾ കാലിയായിരുന്നു. പണ്ട് ഐ.എസ്.എല്ലിൽ നിറഞ്ഞു തുളുമ്പിയ കൊച്ചിയുടെ കളിമുറ്റം ഇത്രമേൽ ശുഷ്‌കമായതിൽ സങ്കടം തോന്നിയെങ്കിലും ഒരു കാര്യം ഓർത്തപ്പോൾ കൗതുകം തോന്നി. അന്നും ഇന്നും ഈ കാണികൾ സ്നേഹിക്കുന്നത് ഒന്നിനെ തന്നെയാണല്ലോ...മഞ്ഞ...മഞ്ഞ മാത്രം.

കളി തുടരട്ടെ....കാഴ്ചകളും

ദീപാവലി രാവിൽ കൊച്ചിയുടെ കളിമുറ്റത്തേക്ക് അവരെത്തുന്നതും കാത്തിരിക്കുമ്പോൾ കാണികളുടെ കൈക്കുമ്പിളിൽ ആ ദീപമുണ്ടായിരുന്നു...മൊബൈൽ ഫോൺ ദീപങ്ങൾ. ബ്രസീലും ഹോൺഡുറസും വാം അപ്പ് കഴിഞ്ഞ് തിരിച്ചുകയറുമ്പോൾ ആരവങ്ങൾ മുഴക്കിയ കാണികൾ പിന്നെ ആ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. മഞ്ഞയിൽ നിറഞ്ഞ് ബ്രസീലും നീലയിൽ നിറഞ്ഞ് ഹോൺഡുറസും മൈതാനത്തേക്ക് ഒഴുകിയെത്തുന്ന നിമിഷം. ഫിഫയുടെ ചിഹ്നം മൈതാന മധ്യത്തിൽ വൃത്താകൃതിയിൽ ഒരുക്കിയ കുട്ടികൾ...ഫെയർപ്ലേ സന്ദേശവുമായി മഞ്ഞ പതാകയുമായി മൈതാനത്തിൽ മുട്ടുകുത്തിയ കുട്ടികൾ...ഇവർക്ക് പിന്നാലെ ബ്രസീലിന്റെയും ഹോൺഡുറസിന്റെയും ദേശീയ പതാകകളുമായി പിന്നെയും കുറേ കുട്ടികൾ. പ്രത്യേക പീഠത്തിൽ വച്ചിരുന്ന പന്തെടുത്ത് മൈതാന മധ്യത്തിലേക്ക് നടന്ന കുട്ടിയുടെ പിന്നാലെ റഫറിമാർ...അതിനും പിന്നാലെ കുഞ്ഞുങ്ങളുടെ കൈപിടിച്ച് ബ്രസീലിന്റെയും ഹോൺഡുറസിന്റെയും താരങ്ങൾ. മൈതാന മധ്യത്തിൽ നിൽക്കുമ്പോൾ താരങ്ങളുടെ കാതുകളിലേക്ക് ദേശീയഗാനം ഒഴുകിയെത്തുന്നു. നെഞ്ചിൽ കൈ വച്ച് ദേശീയഗാനം കേട്ടുനിൽക്കുമ്പോൾ ചിലരുടെ കണ്ണുകളിൽ നനവ്. അഭിമാനവും ആവേശവും ആഹ്ലാദവും ഒരുപോലെ തുടിക്കുന്ന നിമിഷങ്ങൾ. പിന്നെ പന്തുമായി റഫറി മൈതാന മധ്യത്തിലെ വൃത്തത്തിലേക്ക്. അവിടെ സ്വപ്നം നിറച്ച ആ പന്ത് അവരുടെ കാൽസ്പർശങ്ങൾക്കായി കാത്തിരുന്നു. ദീപാവലി നാളിൽ എല്ലാം ശുഭമാകട്ടെയെന്ന ആശംസകൾ പോലെ അപ്പോൾ ഗാലറിയിൽ ആ മൊബൈൽഫോൺ ദീപങ്ങൾ കൺതുറന്നു. പിന്നെ ആ സ്വരത്തിനായുള്ള കാത്തിരിപ്പിന്റെ നിമിഷങ്ങൾ. ഒടുവിൽ എത്യോപ്യക്കാരനായ റഫറി ബാംലാകിന്റെ ചുണ്ടിൽനിന്ന് ആ വിസിൽ നാദം ഉയരുമ്പോൾ ബ്രസീലിന്റെ ലിങ്കണിന്റെ കാലുകൾ ആ പന്തിൽ ചുംബിച്ചു. പിന്നെ കൺമുന്നിൽ വിരിഞ്ഞതെല്ലാം ഫുട്‌ബോൾ എന്ന അഴകിന്റെ ഫ്രെയിമുകൾ മാത്രം. എല്ലാം കണ്ടിരിക്കുമ്പോൾ മനസ്സു പറഞ്ഞു....ഫുട്‌ബോൾ വികാരങ്ങളുടെ വലിയൊരു കടലാണ്...കളി തുടരട്ടെ...അഴകുള്ള കാഴ്ചകളും.