വൈറ്റില: ഉള്‍നാടന്‍ ജലാശയങ്ങളില്‍ പോളപ്പായല്‍ ക്രമാതീതമായി പെരുകിയതിനെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം വഴിമുട്ടിയതായി പരാതി. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്ന് വേമ്പനാട് കായലിലൂടെ ഒഴുകിയെത്തുന്ന പോളപ്പായല്‍ നിറഞ്ഞ്, ഇടത്തോടുകളും ഉള്‍ക്കായലുകളും മത്സ്യബന്ധനത്തിന് ഇറങ്ങാനാവാത്ത അവസ്ഥയിലായി.
പായല്‍ നിറഞ്ഞതിനാല്‍ ചീനവലയിടാനാവുന്നില്ല. ഉണങ്ങി ചീഞ്ഞഴുകിയ പായല്‍ കുരുങ്ങുന്നതിനാല്‍ നീട്ടുവല ഉപയോഗിച്ചുള്ള മത്സ്യബന്ധനവും പറ്റാതായി.
മരട് നഗരസഭ രണ്ട് വര്‍ഷങ്ങളിലായി 99 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് പോളപ്പായല്‍ നിര്‍മാര്‍ജന പദ്ധതി നടപ്പാക്കി. അതിനാല്‍, മരട്ഭാഗത്ത് പോളപ്പായല്‍ ശല്യം അല്പം കുറവുണ്ട്. കുമ്പളം പഞ്ചായത്ത് ഇതിനായി പ്രത്യേക പദ്ധതികളൊന്നും തയ്യാറാക്കിയതുമില്ല. കുമ്പളംഭാഗത്തെ ഉള്‍നാടന്‍ കായലുകളില്‍ പോളപ്പായല്‍ ശല്യം രൂക്ഷമാണ്. പ്രശ്‌നപരിഹാരത്തിനായി ഫിഷറീസ് വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.