vsപെരുമ്പാവൂര്‍: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ജിഷയുടെ ദുര്‍വിധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. പെരുമ്പാവൂര്‍ താലൂക്ക് ആസ്​പത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മ രാജേശ്വരിയെ സന്ദര്‍ശിച്ചശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു വി.എസ്. കേസന്വേഷണം നേര്‍വഴിക്കല്ല നടക്കുന്നതെന്നും പോലീസില്‍ നിന്ന് അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഉമ്മന്‍ചാണ്ടിയുടെ ദുര്‍ഭരണത്തിന്റെ ഒടുവിലത്തെ ഇരയാണ് ജിഷയെന്ന് വി.എസ്. കുറ്റപ്പെടുത്തി. കൊലപാതകത്തിനു ശേഷം ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല. പ്രതികളെ ഉടന്‍ വെളിച്ചത്തുകൊണ്ടുവരണമെന്ന് വി.എസ്. ആവശ്യപ്പെട്ടു. ജിഷയുടെ കുടുംബത്തിന് നീതി ലഭിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ 8.30ഓടെ പെരുമ്പാവൂര്‍ താലൂക്ക് ആസ്​പത്രിയില്‍ എത്തിയ വി.എസിനൊപ്പം ജില്ലാ സെക്രട്ടറി പി. രാജീവും ഉണ്ടായിരുന്നു.