പറവൂര്‍: ഇക്കഴിഞ്ഞ ദിവസം റിലീസ് ചെയ്ത നടന്‍ സലിംകുമാറിന്റെ 'മൂന്നാംനാള്‍ ഞായറാഴ്ച' എന്ന സിനിമ കാണാത്തവരെ അന്വേഷിച്ച് സലിംകുമാര്‍ വീട്ടിലെത്തുന്നു. സാമൂഹ്യ പ്രസക്തിയുള്ള ഇത്തരം സിനിമകള്‍ കാണേണ്ട ആവശ്യകത ബോധ്യപ്പെടുത്താനാണ് സലിംകുമാര്‍ തന്നെ ബോധവത്കരണവുമായി ഇറങ്ങുവാന്‍ തീരുമാനിച്ചത്.

ചിറ്റാറ്റുകര കളരിക്കല്‍ ബാലഭദ്രേശ്വരി ക്ഷേത്ര മൈതാനിയില്‍ സലിംകുമാര്‍ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടന വേളയിലാണ് സലിംകുമാര്‍ തന്റെ ദൗത്യം വ്യക്തമാക്കിയത്. മൂന്നാം നാള്‍ ഞായറാഴ്ച എന്ന സിനിമ ദലിതന്റെ സങ്കീര്‍ണതകള്‍ സെല്ലുലോയിഡില്‍ പകര്‍ത്തിയതാണ്. പക്ഷെ അതു കാണാന്‍ കാണികളില്ല.

കലാമൂല്യമുള്ള സിനിമകളുടെ അസ്വാദനം ഒരു പ്രശ്‌നമാണ്. അതിനു വേണ്ടിയാണ് ഇത്തരം ഫിലിംക്ലബ്ബുകള്‍ രൂപവത്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ കമല്‍ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
അസിഹിഷ്ണുത പടര്‍ന്നിറങ്ങുന്ന ഇക്കാലത്ത് കാലകാരന്മാര്‍കൂടി ജാതി വിവേചനത്തിന്റെ വക്താക്കളായി മാറുന്നത് അപകടമാണെന്ന് അദ്ദേഹം പറഞ്ഞു.

സിനിമ ജനതയെ ഒന്നിപ്പിക്കാന്‍ പഠിപ്പിച്ച മാധ്യമമാണെന്നും കമല്‍ വ്യക്തമാക്കി. എന്‍.എം. പിയേഴ്‌സണ്‍ അധ്യക്ഷത വഹിച്ചു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ കവിയും കലാകാരനുമായ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. രാജേഷിന് എസ്. ശര്‍മ എംഎല്‍എ പുരസ്‌കാരം നല്‍കി ആദരിച്ചു.

നടന്‍ വിനോദ് കെടാമംഗലം, ഫ്രാങ്കോ, ടി.എസ്. ദേവദാസ്, പറവൂര്‍ സിഐ. സി. പ്രേമാനന്ദ കൃഷ്ണന്‍, രേഖ രമേഷ്, ടി.സി. നീലാംബരന്‍, എം.ആര്‍. സുരേഷ്, കെ.പി. രാധാകൃഷ്ണന്‍, സി.വി. പുഷ്പരാജ്, എം.ബി. ഷിബി, പി.എന്‍. വിജയന്‍, അരുണ്‍, ടി.ആര്‍. രാജേഷ്, പി.എസ്. ഷാല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.