പള്ളുരുത്തി: സിംഗപ്പുരിലുള്ള കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് ചെറുപ്പക്കാരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നാലുപേരെ പള്ളുരുത്തി പോലീസ് മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, ആറ്റുകാല്‍ സ്വദേശികളായ അച്ചു എന്ന കൃഷ്ണകുമാര്‍ (22), ഷിജോ ശീലന്‍ (29), തിരുവനന്തപുരം, വള്ളക്കടവ് സ്വദേശി ഹനീഫ (42), ചേര്‍ത്തല, എരമല്ലൂര്‍ കോങ്കേരില്‍ പാലത്തിന് സമീപം താമസിക്കുന്ന ജിത്തു സേവ്യര്‍ (22) എന്നിവരെ പള്ളുരുത്തി സി.ഐ. കെ.ജി. അനീഷിന്റെ നേതൃത്വത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
ഓണ്‍ലൈന്‍ വഴിയാണ് ഇവര്‍ യുവാക്കളെ വലയിലാക്കുന്നത്. വലിയ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്ത് പരസ്യം നല്‍കും. പരസ്യം കണ്ട് ഫോണിലേക്ക് വിളിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ പേരില്‍ വ്യാജ വിസയുണ്ടാക്കി അയച്ചുകൊടുക്കും. ഒരു വിസയ്ക്ക് രണ്ട് ലക്ഷം രുപയാണ് ഈടാക്കുന്നത്. വിസയ്ക്കുള്ള പണം ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെടും. കൂടുതല്‍ വിശ്വാസ്യതയ്ക്കായി ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് സിംഗപ്പുരിലേക്കുള്ള വിമാന ടിക്കറ്റും എടുപ്പിക്കും. ഇതോടെ ഉദ്യോഗാര്‍ത്ഥികള്‍ പണം അയച്ചുകൊടുക്കും.

കുമ്പളങ്ങി സ്വദേശി ബിബിന്റെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് അന്വേഷണം. പ്രതികള്‍ മുംബൈയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ്, അസി. പോലീസ് കമ്മിഷണര്‍ അനിരുദ്ധന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. മുംബൈയിലെ വാഷി എന്ന സ്ഥലത്തുള്ള ദര്‍ശന്‍ ലോഡ്ജില്‍ നിന്നാണ് സി.ഐ. അനീഷിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടിയത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി നിരവധി ചെറുപ്പക്കാര്‍ ഇവരുടെ വലയില്‍ വീണ് കബളിപ്പിക്കപ്പെട്ടതായി പോലീസ് പറഞ്ഞു.
 
ഇപ്പോള്‍ കിട്ടിയിട്ടുള്ള പരാതികള്‍ പ്രകാരം 50 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തിട്ടുള്ളത്. കൂടുതല്‍ പരാതികള്‍ വിവിധ സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായും പോലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയിക്കുന്നതിനാല്‍ മുംബൈ പോലീസിന്റെ സഹായത്തോടെ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കലേശന്‍, സമദ്, അനുകുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.