കൊച്ചി: ജൈവജീവിതം പദ്ധതിയുടെ ഭാഗമായി സിപിഎം ജില്ലാ കമ്മിറ്റി നടത്തിയ ചീരകൃഷിയുടെ വിളവെടുത്തു. കലൂര്‍ ലെനിന്‍ സെന്ററിനു സമീപം അരയേക്കറോളം ഭൂമിയിലാണ് കൃഷി ചെയ്തത്. ചീര ചൊവ്വാഴ്ച വിളവെടുത്തു. അരയേക്കറോളം തരിശു ഭൂമി വൃത്തിയാക്കിയെടുത്താണ് മാതൃകാ ജൈവ പച്ചക്കറിത്തോട്ടം ഒരുക്കിയത്.

നടന്‍ ശ്രീനിവാസനാണ് വിത്തിട്ടത്. വെണ്ടയും തക്കാളിയുമെല്ലാം വിളവെടുപ്പിന് പാകമായിക്കഴിഞ്ഞു. പച്ചമുളക് പൂവിട്ടതേയുള്ളു. വെണ്ടയും തക്കാളിയും ബുധനാഴ്ച വിളവെടുക്കും. ദോഹയിലുള്ള ഗുരുവായൂര്‍ മുല്ലശ്ശേരി സ്വദേശി പ്രദീപ് ചന്ദ്രന്റേതാണ് ജില്ലാതല മാതൃകാ തോട്ടമൊരുക്കിയ സ്ഥലം.

മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി. രാജീവ്, സംസ്ഥാന കമ്മിറ്റിയംഗം സി.എന്‍. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.