കൊച്ചി: ''ഏതു പാട്ട് പടണം... എനിക്ക് കണ്‍ഫ്യൂഷനാണ്...'' -ചിരി അടക്കിക്കൊണ്ട് ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാം പറഞ്ഞു. അപ്പോള്‍ സദസ്സില്‍ നിന്നൊരു യുവതി നിര്‍ദേശം തൊടുത്തുവിട്ടു: ''കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ... എന്നൊരു പാട്ടുണ്ട്. അതു പാടാം.''

സദസ്സില്‍ ചിരി ഉയര്‍ന്നു. പക്ഷേ, ശ്യാം പാടിയത് മറ്റു രണ്ട് പാട്ടുകളാണ്. ആദ്യം 'പാരിജാതം തിരുമിഴി തുറന്നു...', അതിനുശേഷം 'സ്വര്‍ഗപുത്രീ നവരാത്രീ...'

'ബാത്ത്‌റൂമി'ല്‍ മാത്രം പാട്ടുപാടി പരിചയിച്ചവര്‍ക്ക് ആദ്യമായി അങ്ങനെ ഒരു വേദി കിട്ടി.

എട്ടാം ക്‌ളാസില്‍ പഠിക്കുന്ന എസ്. കൃഷ്ണ മുതല്‍ സീനിയര്‍ ഡോക്ടര്‍ വര്‍ഗീസ് സക്കറിയ വരെയുള്ള സദസ്സ് തലമുറകളെ ബന്ധിപ്പിക്കുന്ന കണ്ണിയായി. സഭാകമ്പം അല്‍പ്പനേരത്തേക്ക് എല്ലാവരും മാറ്റിവെച്ചു. പല പാട്ടുകളും പാടി.

മികച്ച ഗായകനായ സുനില്‍ കോശി തന്റെ 'മഗ് ടു മൈക്ക്' എന്ന സംഘടനയുടെ ബാനറിലാണ് എല്ലാ ബാത്ത്‌റൂം പാട്ടുകാരെയും തമ്മനത്തെ റിയാന്‍ സ്റ്റുഡിയോയില്‍ അണിനിരത്തിയത്.

2013-ല്‍ ബെംഗളൂരുവില്‍ തുടക്കം കുറിച്ച സംഘടനയിലൂടെ, പത്തനംതിട്ട സ്വദേശിയായ സുനില്‍ കോശി ഇപ്പോള്‍ വിവിധ നഗരങ്ങളിലായി അയ്യായിരത്തോളം പാട്ടുകാരെ വേദിയില്‍ എത്തിച്ചിട്ടുണ്ട്. 2013 ഏപ്രിലില്‍ ആദ്യസംരംഭം ബെംഗളൂരുവില്‍ നടന്നപ്പോള്‍ ഫേസ്ബുക്കിലൂടെ വലിയ വരവേല്‍പ്പ് കിട്ടി. അതോടെ സംഘടന വളര്‍ന്നു.

കൊച്ചിയില്‍ നടന്ന പരിപാടിയില്‍ എസ്. കൃഷ്ണ, ഭാവന, സുജ റോയി, സതീഷ്, ഷര്‍മിള, ഡോ. വര്‍ഗീസ് സക്കറിയ, നൂറുദ്ദീന്‍, സന്തോഷ് കാന തുടങ്ങിയവര്‍ പാടി.

സുനില്‍ കോശി, മുഹമ്മദ് റഫിയുടെ ഗാനങ്ങളാണ് അവതരിപ്പിച്ചത്. ഭാര്യ അര്‍ച്ചനയും അദ്ദേഹത്തോടൊപ്പം വേദിയില്‍ നിന്നു. പക്ഷേ, അര്‍ച്ചന മൂളിപ്പാട്ടുപോലും പാടാറില്ല. പാടുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് താനെന്ന് അര്‍ച്ചന പറഞ്ഞു.

ഇന്ത്യയിലെ നിരവധി നഗരങ്ങളിലായി ഇതുവരെയായി 'ബാത്ത്‌റൂം' പാട്ടുകാര്‍ക്കായി ഏകദേശം 300 വര്‍ക്ഷോപ്പുകള്‍ നടത്തി. ചിലരുടെ പാട്ടുകള്‍ റെക്കോഡ് ചെയ്ത് ആസ്വാദകരില്‍ എത്തിച്ചിട്ടുമുണ്ടെന്ന് സുനില്‍ പറഞ്ഞു.

ഇളയരാജയും യേശുദാസും ചിത്രയും തന്റെ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 80 വയസ്സുള്ളവര്‍ വരെ ഈ സംരംഭവവുമായി സഹകരിച്ചിട്ടുണ്ട്.

കൊച്ചിയില്‍ നടന്ന ചടങ്ങിനുശേഷം പങ്കെടുത്ത എല്ലാവരുടെയും പാട്ടുകള്‍ േെറക്കാഡ് ചെയ്തു. എല്ലാം 'വാട്‌സ് ആപ്പില്‍' വരും.