പിറവം: വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളി പോലീസ് ഏറ്റെടുത്തു. കോടതിയില്‍നിന്ന് അനുകൂലമായി എന്തെങ്കിലുമൊരു നിര്‍ദേശമുണ്ടാകുമെന്നു വിശ്വസിച്ച് കാത്തിരുന്ന വിശ്വാസികള്‍, അതില്ലാതെ വന്നപ്പോള്‍ മനസ്സില്ലാമനസ്സോടെ പള്ളിയുടെ താക്കോല്‍ പോലീസിന് കൈമാറുകയായിരുന്നു.
മാതൃദേവാലയം വിട്ടുപോകേണ്ടി വരുന്നതിലുള്ള മനോവിഷമവും നിസ്സഹായതയും അതില്‍ നിന്നുളവായ പ്രതിഷേധവും അമര്‍ഷവുമെല്ലാം പുകഞ്ഞുനില്‍ക്കേയായിരുന്നു വികാരനിര്‍ഭരമായ താക്കോല്‍ കൈമാറ്റം.
പള്ളി പൂട്ടി താക്കോല്‍ കൈമാറുമ്പോള്‍ പള്ളി ട്രസ്റ്റിമാരില്‍ ഒരാളായ ഇ.വി. മത്തായി പൊട്ടിക്കരഞ്ഞു. പുലര്‍ച്ചേ തുടങ്ങിയ അനിശ്ചിതത്വത്തിന് വൈകീട്ട് മൂന്നുമണിയോടെ താക്കോല്‍ കൈമാറിയതോടെയാണ് വിരാമമായത്. പള്ളി പൂട്ടി താക്കോല്‍ കൈമാറുമ്പോള്‍ പള്ളി ട്രസ്റ്റിമാരില്‍ ഒരാളായ ഇ.വി. മത്തായി പൊട്ടിക്കരഞ്ഞത് പോലീസിനെയും ധര്‍മസങ്കടത്തിലാഴ്ത്തി.
മലങ്കരയിലെ 1064 പള്ളികളില്‍ ഉള്‍പ്പെട്ട വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളിയും 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന കോടതിവിധി വന്നത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 31-നാണ്.
അതേ തുടര്‍ന്ന് പള്ളിയില്‍ അധികാരം സ്ഥാപിക്കാന്‍ മറുവിഭാഗം ശ്രമങ്ങള്‍ ആരംഭിച്ചു. വിധി നടപ്പാക്കിക്കിട്ടാന്‍ അവരും കോടതിയെ സമീപിച്ചിരുന്നു.
പള്ളിയുടെ താക്കോല്‍ രാമമംഗലം പോലീസ് സ്റ്റേഷന്‍ ഓഫീസറായ എസ്.ഐ.ക്ക് കൈമാറാനും അല്ലാത്തപക്ഷം പള്ളി പൂട്ടി താക്കോല്‍ കോടതിയില്‍ ഏല്‍പ്പിക്കാനും പള്ളിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി ഇക്കഴിഞ്ഞ ഒമ്പതിന് ഉത്തരവായി. പള്ളി മാനേജിങ് കമ്മിറ്റി അതിനെതിരേ ൈഹക്കോടതിയില്‍ അപ്പീല്‍ നല്‍കി. പള്ളി കോടതിയുടെ വിധി നടപ്പാക്കുന്നതിന് സാവകാശം ചോദിച്ച് ജില്ലാ കോടതിയെയും സമീപിച്ചിരുന്നു.
രണ്ടും ചൊവ്വാഴ്ചയാണ് പരിഗണിച്ചതെങ്കിലും രണ്ടിലും വിശ്വാസികള്‍ പ്രതീക്ഷിച്ചതുപോലുള്ള ഉത്തരവൊന്നുമുണ്ടായില്ല. എന്നാല്‍, ജില്ലാ കോടതി കേസ് വീണ്ടും 17-ന് പരിഗണിക്കും.
ചൊവ്വാഴ്ച കോടതിയില്‍നിന്ന് അനുകൂല നടപടികളൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് സഭാ നേതൃത്വത്തിന്റെയും പോലീസിന്റെയും ഉപദേശങ്ങള്‍ മാനിച്ച് താക്കോല്‍ കൈമാറിയത്.
കോടതിവിധി നടപ്പാക്കി പള്ളി ഏറ്റെടുക്കാന്‍ ഡിവൈ.എസ്.പി. കെ. അനില്‍കുമാര്‍, സി.ഐ.മാരായ കെ.ആര്‍. മോഹന്‍ദാസ്, ടി.ഐ. യൂനസ്, രാമമംഗലം എസ്.ഐ. കെ.കെ. ശശി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം പുലര്‍ച്ചേ തന്നെ പള്ളിയിലെത്തിയിരുന്നു.
എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റു കൂടിയായ തഹസില്‍ദാര്‍ പി.എസ്. മധുസൂദനനും പുലര്‍ച്ചേ തന്നെ പള്ളിയിലെത്തി.
എന്നാല്‍, പോലീസിന്റെ നീക്കമറിഞ്ഞ വിശ്വാസികള്‍ വികാരി ഫാ. ജോര്‍ജ് ചേന്നോത്ത്, സഭാ മാനേജിങ് കമ്മിറ്റിയംഗം എം.ജെ. മര്‍ക്കോസ്, പള്ളി ട്രസ്റ്റിമാരായ ഇ.വി. മത്തായി, എന്‍.ടി. കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ പള്ളിക്കകത്ത് കയറി അടച്ച് പ്രാര്‍ത്ഥന തുടങ്ങിയിരുന്നു.
വിധി സ്റ്റേ ചെയ്യാനും സാവകാശം തേടിയുമുള്ള രണ്ട് ഹര്‍ജികള്‍ കോടതി ചൊവ്വാഴ്ച പരിഗണിക്കുന്നുണ്ടെന്നറിഞ്ഞ പോലീസ് ബല പ്രയോഗത്തിന് മുതിര്‍ന്നില്ല. അവരും കോടതിയില്‍ നിന്നുള്ള നീക്കമറിയാന്‍ കാത്തുനിന്നു.
എന്നാല്‍, അതിനിടെ പള്ളിയില്‍ പ്രവേശിക്കാനെത്തിയ കുറേ വിശ്വാസികളെ പോലീസ് നീക്കംചെയ്തു.
ഇതിനിടയില്‍ ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ്, സഭാ വൈദിക ട്രസ്റ്റി സ്ലീബ പോള്‍ വട്ടവേലില്‍ കോറെപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി സി.കെ. ഷാജി എന്നിവര്‍ പള്ളിയിലെത്തി. മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ പള്ളിക്ക് താഴെയുള്ള കുരിശുപള്ളിയില്‍ പ്രാര്‍ത്ഥന നടത്തി.
കോടതിയില്‍നിന്ന് അനുകൂലമായ ഒരു നീക്കവും ഇല്ലെന്നറിഞ്ഞതോടെ പോലീസ് നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.