വൈപ്പിന്‍: വഴിതെറ്റി നായരമ്പലം കനാലിലെത്തിയ ഡോള്‍ഫിന്‍ ദ്വീപ് നിവാസികള്‍ക്ക് കൗതുകമായി. കടല്‍പന്നിയാണെന്ന് ആദ്യം സംശയിച്ചെങ്കിലും ഡോള്‍ഫിന്‍ ഇനത്തില്‍ പെട്ടത് തന്നെയെന്ന് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെ നെടുങ്ങാട് കണ്ട ഡോള്‍ഫിന്‍ ആരോഗ്യത്തോടെ കുതിച്ച് ചാടിയതായി കണ്ടവര്‍ പറയുന്നു.

രാവിലെ പുഞ്ചയില്‍ തോട്ടില്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. വിവരം അറിഞ്ഞ് ദൂരെ നിന്ന് പോലും ആള്‍ക്കാര്‍ ഓടിയെത്തി. എന്നാല്‍ ആഴവും വീതിയും കുറഞ്ഞ തോട്ടില്‍ പോകാനിടമില്ലാത്ത നിലയില്‍ അങ്ങോട്ടുമിങ്ങോട്ടും നീന്തിത്തുടിക്കുന്ന ഡോള്‍ഫിനെയാണ് കാണാന്‍ കഴിഞ്ഞത്. 

വിവരം അറിഞ്ഞ് വനം വന്യജീവി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇതിനെ കടലില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.  മത്സ്യത്തൊഴിലാളികളായ നാട്ടുകാര്‍ ചേര്‍ന്ന് ഞാറയ്ക്കല്‍ തോട്ടിലെത്തിച്ച് കടലിലേക്ക് വിടുകയായിരുന്നു.