കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്) ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി അഴീക്കല്‍ ഗ്രാമത്തെ ദത്തെടുത്തു. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലുടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്  തീരമേഖലയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്.  

അഴീക്കല്‍ ഗ്രാമത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ നൂറ്  സ്ത്രീകള്‍ക്ക് ഉണക്ക മത്സ്യ ഉത്പാദനത്തില്‍ ശാസ്ത്രീയ പരിശിലനവും തൊഴില്‍ ഉപകരണങ്ങളും  നല്‍കി. ആലപ്പുഴ രൂപത സൊസൈറ്റിയുടെ (എ.ഡി.എസ്)  സഹകരണത്തോടെ രൂപവത്കരിച്ച സ്ത്രീകളുടെ  സ്വയം സഹായ സംഘങ്ങളിലൂടെയാണ്  പരിശീലനവും തൊഴില്‍ ഉപകരണങ്ങളും വിതരണം ചെയ്തത്.  

ഇവര്‍ ഉത്പാദിപ്പിക്കുന്ന ഉണക്ക മത്സ്യം ആലപ്പുഴ രൂപത സൊസൈറ്റിയുടെ ശാലകളിലൂടെ വില്‍ക്കും. അന്ധകാരനഴിയിലെ ആലപ്പുഴ രൂപത സൊസൈറ്റിയുടെ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ കുഫോസ് സ്‌കൂള്‍ ഓഫ് അക്വാകള്‍ച്ചര്‍ ആന്‍ഡ് ബയോ ടെക്നോളജി ഡീന്‍  ഡോ.എം.എസ്.രാജു ദത്തെടുക്കല്‍  പ്രഖ്യാപിച്ചു. 

 ആലപ്പുഴ രൂപത സൊസൈറ്റി  എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സേവ്യര്‍ കുടിയാംശ്ശേരി അദ്ധ്യക്ഷത വഹിച്ചു.  ഫാ.ടോമി കുരിശിങ്കല്‍, കുഫോസ് ഡയറക്ടര്‍ ഓഫ് എക്സ്ടെന്‍ഷന്‍ ഡോ. ഡെയ്സി സി.കാപ്പന്‍, അഴീക്കല്‍ സെന്റ് സേവിയേഴ്സ് പള്ളി വികാരി ജോര്‍ജ് ഇസഡോര്‍, സിസ്റ്റര്‍ ആന്‍സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.