കര്‍ച്ചവ്യാധികള്‍ പലതും പടര്‍ന്നുപിടിക്കാതെ മനുഷ്യരാശിയെ സംരക്ഷിക്കുന്ന പ്രകൃതിയുടെ ശുചീകരണ സേനയാണ് കഴുകന്‍മാര്‍. രോഗാണുക്കളില്‍നിന്ന് രോഗബാധ ഏല്‍ക്കാതെ കഴുകന്മാരെ സംരക്ഷിക്കുന്നതും ഇതേ ദഹന രസം തന്നെ. അസുഖങ്ങള്‍ ബാധിച്ച് മരിച്ച ജീവികളെ ഭക്ഷിച്ചാല്‍പോലും കഴുകന്മാര്‍ക്ക് രോഗബാധ ഉണ്ടാവില്ല.

കഴുകന്മാരെപ്പോലെ ഇത്രയധികം തെറ്റിദ്ധരിക്കപ്പെട്ട ജീവികള്‍ ലോകത്ത് അധികമുണ്ടാവില്ല. എന്നാല്‍ മനുഷ്യനും പരിസ്ഥിതിയും ഇന്നത്തെ നിലയില്‍ നിലനില്‍ക്കുന്നതില്‍പ്പോലും കഴുകന്മാര്‍ക്ക് വലിയ പങ്കുണ്ട്. പുരാതന കാലം മുതല്‍ക്കുതന്നെ ഭയത്തോടെയും വെറുപ്പോടെയുമാണ് മനുഷ്യന്‍ കഴുകന്മാരെ കാണുന്നത്. അഴുകിയ ശവം ഭക്ഷിക്കുന്നതുതന്നെ കാരണം. പ്രകൃതിയില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് കഴുകന്മാര്‍ക്കുള്ളത്.

പകര്‍ച്ചവ്യാധി ഭീതിയില്‍നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. നിരവധി മരണങ്ങള്‍ക്കും തൊഴില്‍ നഷ്ടത്തിനും സാമ്പത്തിക പ്രതിസന്ധിക്കും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നതിനും പകര്‍ച്ചവ്യാധികള്‍ ഇടയാക്കുമെന്ന് കോവിഡ് മഹാമാരി തെളിയിച്ചു. പകര്‍ച്ചവ്യാധികള്‍ പലതും പടര്‍ന്നുപിടിക്കാതെ മനുഷ്യരാശിയെ സംരക്ഷിക്കുന്ന പ്രകൃതിയുടെ ശുചീകരണ സേനയാണ് കഴുകന്‍മാര്‍

വൈറസിനെയും ബാക്ടീരിയകളെയും നശിപ്പിക്കുന്ന ദഹനവ്യവസ്ഥ

ദഹനശക്തി കൂടുതലുള്ള ആസിഡാണ് കഴുകന്‍മാരുടെ ദഹന വ്യവസ്ഥയിലുള്ളത്. അപകടകാരികളായ പല വൈറസുകളയെും ബാക്ടീരിയകളെയും മറ്റ് കീടങ്ങളെയും ദഹിപ്പിക്കാന്‍ ഇവയുടെ ദഹന രസത്തിനാകും. രോഗാണുക്കളില്‍നിന്ന് രോഗബാധ ഏല്‍ക്കാതെ കഴുകന്മാരെ സംരക്ഷിക്കുന്നതും ഇതേ ദഹന രസം തന്നെ. അസുഖങ്ങള്‍ ബാധിച്ച് മരിച്ച ജീവികളെ ഭക്ഷിച്ചാല്‍പോലും കഴുകന്മാര്‍ക്ക് രോഗബാധ ഉണ്ടാവില്ല. ദഹനവ്യവസ്ഥ എല്ലാറ്റിനെയും ഇല്ലാതാക്കുന്നു. വൈറസുകളെയും ബാക്ടീരിയകളെയും എല്ലാം ഇത്തരത്തില്‍ നശിപ്പിക്കാന്‍ കഴുകന്മാര്‍ക്കാവും. മൃതശരീരങ്ങള്‍ ഭക്ഷിക്കുമ്പാള്‍ ഉള്ളിലെത്തുന്ന എല്ലുകളെപ്പോലും ദഹിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഉദരത്തിലുള്ള ആസിഡ്. ചത്ത മൃഗങ്ങളെ ഭക്ഷണമാക്കുന്നതുവഴി ക്ഷയരോഗവും പേവിഷബാധയും അടക്കമുള്ളവ പടര്‍ന്നുപിടിക്കുന്നത് കഴുകന്മാര്‍ പ്രതിരോധിക്കുന്നു.

vultureഎട്ടുകിലോമീറ്റര്‍ വരെ കാഴ്ചശക്തി
 
8000 മുതല്‍ 10,000 മീറ്റര്‍വരെ ഉയരത്തില്‍ അനായാസേന ഇവക്ക്് പറക്കാന്‍ സാധിക്കും. പറക്കുന്നതിനിടെ ആറു മുതല്‍ എട്ട് കിലോമീറ്റര്‍ ദൂരത്തിലുള്ളവയെ വരെ കഴുകന്മാര്‍ക്ക് കാണാം. തൂവലുകള്‍ ഇല്ലാത്ത കഴുത്തും കഷണ്ടിത്തലയുമാണ് കഴുകന്മാരെ ഭീകരജീവികളായി കാണാന്‍ പലപ്പോഴും ഇടയാക്കുന്നത്. എന്നാല്‍ മൃഗങ്ങളുടെ ശവശരീരങ്ങള്‍ക്ക് ഉള്ളിലേക്ക് തല കടത്തി ആന്തരിക അവയവങ്ങള്‍ പുറത്തേക്ക് വലിച്ചെടുത്ത് ഭക്ഷിക്കാന്‍ അവയെ സഹായിക്കുന്നത് ഈ സവിശേഷതയാണ്. തല വൃത്തിയോടെ സൂക്ഷിക്കാനും ശരീരത്തിന്റെ മുഴുവന്‍ താപനില ക്രമീകരിക്കാനും തൂവലുകള്‍ ഇല്ലാത്ത കഴുത്തും തലയും ഉപകരിക്കുന്നു. ഉയര്‍ന്ന് പറക്കുന്നതിനിടെ സൂക്ഷ്മമായി നിരീക്ഷിച്ചും ചത്ത മൃഗങ്ങളുടെ ഗന്ധം തിരിച്ചറിഞ്ഞും, മൃതദേഹങ്ങള്‍ ഭക്ഷിക്കുന്ന മറ്റുപക്ഷികളുടെ ശബ്ദം ശ്രദ്ധിച്ചുമാണ് കഴുകന്മാര്‍ ഭക്ഷണം കണ്ടെത്തുന്നത്.

vulture
കെനിയ മാസായി മാറയിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: ഷാഫി റഷീദ്

കഴുകന്മാരുടെ എണ്ണം കുറഞ്ഞു; നായ്ക്കളും എലികളും പെരുകി

പ്രകൃതിയുടെ ശുചീകരണ സേനയായി പ്രവര്‍ത്തിക്കുമ്പോഴും പകര്‍ച്ചവ്യാധികളെ തടയുമ്പോഴും ഇന്ന് കഴുകന്മാരുടെ അവസ്ഥ അപകടകരമാണെന്ന് പതിറ്റാണ്ടുകളായി അവയെപ്പറ്റി ഗവേഷണം നടത്തുന്ന പക്ഷിശാസ്ത്രജ്ഞന്‍ മാനുവല്‍ അഗ്വിലേറ പറയുന്നു. 23 വിഭാഗങ്ങളില്‍പ്പെട്ട കഴുകന്മാരാണ് ഉള്ളതെങ്കിലും അവയില്‍ പകുതിയോളവും വംശനാശ ഭീഷണി നേരിടുന്നവയാണ്. പല ഭൂഖണ്ഡങ്ങളിലും കഴുകന്മാരുടെ സ്ഥിതി അതീവ ദയനീയമാണ്. ആഫ്രിക്കയില്‍ അവയെ വന്‍തോതിലാണ് കൊന്നൊടുക്കുന്നത്. വേട്ടക്കാര്‍ അവയെ വിഷംവച്ച് കൊല്ലുന്നു. വൈദ്യുതി കമ്പികളും വന്‍തോതില്‍ കഴുകന്മാരുടെ ജീവനെടുക്കുന്നു. അവയെല്ലാം മൂലം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കഴുകന്മാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു. 1992 നും 2007 നുമിടെ ഇന്ത്യയിലെ കഴുകന്മാരുടെ 97 ശതമാനവും അപ്രത്യക്ഷമായി. കഴുകന്മാരുടെ എണ്ണം കുറഞ്ഞതുമൂലം നായകളുടെയും എലികളുടെയും എണ്ണം കൂടി. രോഗങ്ങളും വര്‍ധിച്ചു.

ഇക്കാര്യങ്ങളെല്ലാം ജനങ്ങളോട് വിശദീകരിക്കുകയും കഴുകന്മാരെ സംരക്ഷിക്കേണ്ടതിനെപ്പറ്റി ബോധവത്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കഴുകന്മാര്‍ നിലനില്‍ക്കേണ്ട സാഹചര്യം എന്താണെന്നും പരിസ്ഥിതിയില്‍ അവയുടെ സാന്നിധ്യം എത്രത്തോളം പ്രാധാന്യമുള്ളതാണെന്നും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. കഴുകന്മാരോട് മനുഷ്യര്‍ കുറച്ചുകൂടി അടുത്ത് ഇടപഴകേണ്ടതുണ്ട്. അവ മോശപ്പെട്ടതും ഭംഗിയില്ലാത്തുമായ പക്ഷികളാണ് എന്ന ധാരണ തിരുത്തേണ്ടത് അത്യാവശ്യമാണ്.

അവലംബം: ബിബിസി, ഡിസ്‌കവര്‍ വൈല്‍ഡ് ലൈഫ്  

content highlights: Vultures help the survival of human beings from viruses