നകസോംഗോള: ഇരുപതാം നൂറ്റാണ്ട് ഉടനീളം കൊമ്പുകള്‍ക്കും മറ്റുമായി വന്‍തോതിലാണ് യുഗാണ്ടയിലെ കാണ്ടാമൃഗങ്ങള്‍ വേട്ടയാടപ്പെട്ടത്. നോര്‍ത്തേണ്‍ വൈറ്റ് റിനോ, ഈസ്റ്റേണ്‍ ബ്ലാക്ക് റിനോ എന്നിവയുടെ എണ്ണത്തില്‍ 1983 ന് ശേഷം ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. യുഗാണ്ട വൈല്‍ഡ് ലൈഫ് അതോറിറ്റിയുടെ (യു.ഡബ്ല്യു.എ) കണക്ക് പ്രകാരം ഒരിക്കല്‍ എഴുനൂറിലധികം ഉണ്ടായിരുന്ന കാണ്ടാമൃഗങ്ങള്‍ പകുതിയിലധികമായി കുറഞ്ഞു. 

നിലവില്‍ ഉഗാണ്ടയിലെ ഒരു സ്വകാര്യ വന്യജീവി സങ്കേതം കാണ്ടാമൃഗങ്ങളുടെ പ്രത്യുത്പാദനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. 

കാണ്ടാമൃഗങ്ങളുടെ എണ്ണത്തില്‍ വന്‍തോതില്‍ ഇടിവുണ്ടായ ശേഷം പല തവണയായി വിദേശ രാജ്യങ്ങളില്‍ നിന്നും കാണ്ടാമൃഗത്തെ കൊണ്ടുവരുന്നുണ്ട്. 2006 ല്‍ ഫ്‌ളോറിഡയില്‍ നിന്നുള്ള മൃഗശാലയില്‍ നിന്ന് രണ്ട് കാണ്ടാമൃഗങ്ങളെയാണ് ഉഗാണ്ടയിലേക്ക് എത്തിച്ചത്. നിലവില്‍ പ്രത്യുത്പാദനത്തിലൂടെയും മറ്റുമുണ്ടായ 33 കാണ്ടാമൃഗങ്ങളെ വന്യജീവി സങ്കേതത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. 

കാണ്ടാമൃഗങ്ങളെ 24 മണിക്കൂറും നിരീക്ഷിക്കുന്നതിലൂടെ ഇവയുടെ എണ്ണം 45 ഓളമായി ഉയര്‍ത്താന്‍ കഴിയുമെന്ന് പ്രത്യാശയും അധികൃതര്‍ പങ്ക് വെച്ചു. പ്രത്യുത്പാദനത്തിലൂടെ ഉണ്ടാകുന്ന കാണ്ടാമൃഗങ്ങളെ പിന്നീട് നാഷണല്‍ പാര്‍ക്കിലേക്ക് മാറ്റും. കാണ്ടാമൃഗങ്ങള്‍ക്ക് ആവശ്യമായ എല്ലാ സാഹചര്യവും ഉഗാണ്ടന്‍ തലസ്ഥാനമായ കാംപാലയില്‍ നിന്നുമകലെ സ്ഥിതി ചെയ്യുന്ന നകസോംഗോളയില്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights: uganda hopes for the best in rhino population