ധുനിക ചികിത്സയില്‍ ഉപയോഗിക്കുന്ന പ്രതിവിഷം ( ASV) മിക്കവാറും കുതിരയില്‍ നിന്നാണ് വേര്‍തിരിച്ച് എടുക്കുന്നത്.( കുതിര,കഴുത,ഒട്ടകം തുടങ്ങി പലതരം മൃഗങ്ങളെ ഇതിനുവേണ്ടി ഉപയോഗിക്കാറുണ്ടെങ്കിലും കുതിരയാണ് സാധാരണം )അതുകൊണ്ടുതന്നെ അപൂര്‍വമായി ചിലര്‍ക്ക് കുതിരയുടെ രക്തകോശങ്ങള്‍ അലര്‍ജിയുണ്ടാക്കിയേക്കാം. ഈ അലര്‍ജി ചിലപ്പോള്‍ ഹൃദയമിടിപ്പ് നിന്നുപോകുന്ന തരത്തിലുള്ള Anaphylactic shock എന്ന അവസ്ഥ ചിലരില്‍ ഉണ്ടാക്കിയേക്കാം.( Serum sickness, Shortness of breath, Anaphylaxis എന്നിവയാണ് മൃഗങ്ങളില്‍ നിന്നുള്ള ആന്റിബോഡികളെ മനുഷ്യശരീരം അന്യവസ്തുവായി കണ്ട് പ്രതികരിക്കുമ്പോഴുണ്ടാകുന്ന പ്രധാനപ്പെട്ട മൂന്ന് ശാരീരികപ്രതികരണങ്ങള്‍ ). ഇത്തരമൊരവസ്ഥയെ മറികടക്കാന്‍ മനുഷ്യരില്‍ തന്നെ പാമ്പിന്‍വിഷം അല്പാല്പമായി കുത്തിവെച്ച് അതിനെതിരെ ആന്റിബോഡി ഉണ്ടാക്കാനുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്.

billhaast childhood
ബില്‍ ഹാസ്റ്റ് ചെറുപ്പത്തില്‍ | Photo-billhaast.com

ഇങ്ങനെ സ്വന്തം ശരീരത്തില്‍ പാമ്പിന്‍വിഷം കുത്തിവെച്ച് അതിനെതിരെ പ്രതിരോധശേഷി നേടിയ ഒരാളായിരുന്നു അമേരിക്കക്കാരനായിരുന്ന പ്രൊഫസര്‍ ബില്‍ ഹാസ്റ്റ്. 1910 ഡിസംബര്‍ 30 നാണ് അദ്ദേഹം ജനിച്ചത്. 11 വയസ്സായപ്പോള്‍ മുതല്‍ പാമ്പുകളോട് അദ്ദേഹത്തിന് വല്ലാതെ താത്പര്യം തോന്നിത്തുടങ്ങി. 15 വയസ്സുമുതല്‍ വിഷപ്പാമ്പുകളെ പിടികൂടി അവയുടെ വിഷം എടുത്തു തുടങ്ങി. 16 വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പാമ്പുപഠനത്തിനുവേണ്ടി അവസാനിപ്പിക്കുകയും ചെയ്തു. 19 വയസ്സായപ്പോള്‍ അദ്ദേഹം ഒരു പാമ്പാട്ടിയുടെ ഒപ്പം കൂടി.

അയാളില്‍ നിന്ന് പാമ്പിനെ വെറുംകൈ കൊണ്ട് പിടിക്കാനും മറ്റുമുള്ള പരിശീലനം നല്ലരീതിയില്‍ നേടിയെടുത്തു. എന്നിട്ട് സ്വന്തം വീട്ടില്‍ മടങ്ങിയെത്തുകയും പൊതുജനങ്ങള്‍ക്കുവേണ്ടി പാമ്പുപ്രദര്‍ശനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ക്രമേണ

miami serpentarium
മിയാമി സെര്‍പന്റേറിയം | photo-billhaast.com

ഫ്‌ളോറിഡയില്‍ ഒരു സ്‌നെയ്ക് പാര്‍ക് തുടങ്ങി. ഇതിനിടയില്‍ വ്യോമയാന എന്‍ജിനീയറിങ് പഠിച്ച് തെക്കേ അമേരിക്കയിലേക്കും ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും സ്വയം വിമാനം പറത്തി പോയി അവിടെനിന്നുള്ള പാമ്പുകളെ സ്‌നെയ്ക് പാര്‍ക്കില്‍ എത്തിച്ചു.1946 ല്‍ അദ്ദേഹം, പ്‌ളാനറ്റേറിയമൊക്കെ പോലെ ഒരു സെര്‍പന്റേറിയം തുടങ്ങാനുള്ള പദ്ധതിക്ക് തുടക്കമിട്ടു. അതിനു സമ്മതിക്കാതിരുന്ന ഭാര്യയുമായി വിവാഹബന്ധം വേര്‍പിരിഞ്ഞു.

1947 ല്‍ സെര്‍പന്റേറിയം തുറക്കുകയും 1965 ആയപ്പോഴേക്കും 500 പാമ്പുകളുള്ള വലിയൊരു സെര്‍പന്റേറിയമായി അത് വളരുകയും ചെയ്തു.

അവിടെ ദിവസവും എഴുപതു മുതല്‍ നൂറു തവണ വരെ പാമ്പുകളുടെ വിഷം എടുത്തു. ഓരോ തവണയും പണം നല്കുന്ന സന്ദര്‍ശകര്‍ക്ക് മുന്നിലായിരുന്നു അദ്ദേഹം വെറുംകൈകൊണ്ട് വിഷപ്പാമ്പുകളെ പിടിച്ച്  വിഷം എടുത്തുകൊണ്ടിരുന്നത്.

അങ്ങനെ കിട്ടുന്ന പൈസ കൊണ്ടായിരുന്നു സെര്‍പന്റേറിയത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടന്നുപോയത്.

പിന്നീട് അദ്ദേഹം പാമ്പിൽ നിന്നെടുത്ത വിഷത്തിലെ മാലിന്യം നീക്കി സ്വയം ഇന്‍ജക്റ്റ് ചെയ്ത് വിഷത്തിനെതിരെ പ്രതിരോധശേഷി നേടി. അങ്ങനെ പ്രതിരോധശേഷിയുള്ള രക്തം ദാനം ചെയ്ത്, പാമ്പുകടിയേറ്റ ഇരുപതിലധികം ആള്‍ക്കാരുടെ ജീവന്‍ അദ്ദേഹം രക്ഷപ്പെടുത്തി. ഇങ്ങനെ പാമ്പുവിഷത്തിനെതിരെ സ്വയം പ്രതിരോധ ശേഷി നേടുന്നതിന് മിത്രിഡേറ്റിസം എന്നാണ് പറയുക. മിത്രിഡേറ്റസ് എന്ന, വിഷഭയം കാരണം സ്വയം വിഷത്തിനെതിരെ പ്രതിരോധശേഷി നേടാന്‍ പ്രയത്‌നിച്ച പഴയൊരു രാജാവില്‍ നിന്നാണ് ആ പേരിന്റെ ഉദ്ഭവം.

എങ്കിലും ഇതിനിടയില്‍ നൂറ്റിയെഴുപത്തിരണ്ടു തവണ അദ്ദേഹത്തിന് വിവിധവിഷപ്പാമ്പുകളുടെ കടിയേറ്റിരുന്നു. ഇത്രതവണ വിഷപ്പാമ്പുകളുടെ കടിയേറ്റിട്ടും രക്ഷപ്പെട്ടതിനുള്ള ലോകറിക്കോര്‍ഡ് അദ്ദേഹത്തിനു നല്കാന്‍ സന്നദ്ധമായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ അധികാരികള്‍ അദ്ദേഹത്തെ സമീപിച്ചെങ്കിലും പാമ്പുകടിയേല്ക്കുന്നത് അപകടമോ അശ്രദ്ധയോ കാരണം മാത്രമുണ്ടാകുന്ന ഒന്നാണെന്നും അതില്‍ റിക്കോര്‍ഡ് നേടുക എന്നുള്ളത് പൊട്ടത്തരമാണെന്നും പറഞ്ഞ് അദ്ദേഹം അവരെ മടക്കിയയച്ചു.

അവസാനം 1984 ല്‍ അബദ്ധത്തില്‍ സെര്‍പന്റേറിയത്തിലെ മുതലക്കുളത്തില്‍ വീണ് മുതലയുടെ കടിയേറ്റ് ഒരു ആണ്‍കുട്ടി മരിച്ചതോടെ, ആ മുതലയെ വെടിവെച്ചുകൊന്ന് അദ്ദേഹം സെര്‍പന്റേറിയം അടച്ചുപൂട്ടി. എങ്കിലും, പാമ്പുകടിയേറ്റ് കുറച്ചൊന്നു വികൃതമായ വിരലുകളുമായി, പാമ്പുവിഷം തന്നെ നൂറുവയസ്സുവരെ ജീവിപ്പിക്കുമെന്ന് ഉറപ്പ് പറഞ്ഞുകൊണ്ട് ജീവിച്ച അദ്ദേഹം അവസാനം 2010 ഡിസംബറില്‍ 100 വയസ്സ് പൂര്‍ത്തിയാക്കുകയും 2011 ജൂണ്‍ 15 ന് മരിക്കുകയും ചെയ്തു.

അത്രയേറെയായിരുന്നു പാമ്പുകളെക്കുറിച്ച് പഠിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അര്‍പ്പണബോധവും താത്പര്യവും. പിന്നീടും പലരും ഈ രീതിയില്‍ സ്വന്തം ശരീരത്തില്‍ വിഷം കുത്തിവെച്ച് പാമ്പുവിഷത്തിനെതിരെയുള്ള ആന്റിബോഡികള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അതിലെ അപകടസാദ്ധ്യതയും വ്യാവസായികാടിസ്ഥാനത്തില്‍ വന്‍തോതില്‍ ഇങ്ങനെ പ്രതിവിഷം ഉല്പാദിപ്പിക്കാനുള്ള പ്രായോഗികബുദ്ധിമുട്ടുകളുമൊക്കെ കാരണം ഈ രീതി ആരും അധികം അനുവര്‍ത്തിക്കുകയുണ്ടായില്ല.

Content Highlights: story of Professor Bill Haast who own serpentarium which includes 500 snakes