പാമ്പുകടിയേറ്റാലുള്ള ചികിത്സയുടെ ചരിത്രം നോക്കിയാല്‍, നമ്മുടെ നാട്ടില്‍ ആദ്യം ചെന്നുപെടുക മന്ത്രവാദചികിത്സയില്‍ തന്നെയാവും. അതും പലരീതിയിലുള്ളവ.
അര്‍ത്ഥമുള്ളതെന്നും ഇല്ലാത്തതെന്നുമൊക്കെ അവകാശപ്പെടുകയും പരസ്പരം പഴിചാരുകയുമൊക്കെ ചെയ്തുപോന്ന ഒരുതരം വിശ്വാസചികിത്സാപദ്ധതി. അതിന്റെ അവശിഷ്ടമായിരിക്കണം ഐതിഹ്യമാലയിലെ പ്രസിദ്ധമായ ആ ' നോച്വായ ' മന്ത്രത്തിന്റെ കഥ.

മന്ത്രപ്രയോഗങ്ങള്‍ പ്രധാനമായും രണ്ടുതരത്തിലായിരുന്നു. ആര്യവും ദ്രാവിഡവും. ഇങ്ങനെയൊരു തരംതിരിവ് കഴിയുന്നത്ര പിന്‍തുടര്‍ന്നിരുന്നെങ്കിലും പലപ്പോഴും പ്രയോഗത്തില്‍ ഇതുരണ്ടും ഇടകലര്‍ന്നിരുന്നതായി കാണാം. അതിന് ഒരുദാഹരണമാണ് കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കാനുള്ള മന്ത്രപ്രയോഗങ്ങള്‍.
ആര്യപ്രയോഗങ്ങളില്‍ പലരും ഇതിനെ പാപമായി കണ്ടു. അതുകൊണ്ടുതന്നെ ആ രീതി പിന്‍തുടര്‍ന്നവര്‍ പലരും അത് അവലംബിക്കാന്‍ മടികാണിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്തു. മലബാര്‍ ഭാഗത്ത് അറിഞ്ഞിടത്തോളം പൂക്കാട് ചേമഞ്ചേരി ഭാഗത്തെ കുന്നിമഠം ഇല്ലക്കാരായിരുന്നു പഴയ ചില ലേഖനങ്ങള്‍ പ്രകാരം ഇത്തരം ചികിത്സയുടെ അവസാനകണ്ണി.

ദ്രാവിഡമന്ത്രപ്രയോഗപദ്ധതി പലപ്പോഴും കുറെക്കൂടി അസംസ്‌കൃതവും പരുക്കനുമായിരുന്നു. അതില്‍ കോടിക്കരുത്ത്,കീരിക്കരുത്ത്,പാമ്പിന്‍കരുത്ത്,പക്ഷിക്കരുത്ത്,ഉറുമ്പിന്‍കരുത്ത് തുടങ്ങിയ രീതികളായിരുന്നു നിലനിന്നിരുന്നത്. ഉറുമ്പ്, പരുന്ത്,കീരി,പാമ്പ് തുടങ്ങിയ ജീവികളെക്കൊണ്ട് കടിച്ചപാമ്പിനെ മാളത്തില്‍ നിന്ന് പുറത്തിറക്കി മന്ത്രവാദക്കളത്തിലെത്തിച്ച്, കടിയേറ്റ ആളിന്റെ മുറിവായില്‍ നിന്ന് വിഷം തിരിച്ചു വലിച്ചെടുപ്പിക്കുന്ന രീതിയായിരുന്നു ഇത്.

snake

ഇത്തരം ചികിത്സാരീതികളോടനുബന്ധിച്ച് പലപ്പോഴും പുതിയ കഥകളും വിശ്വാസങ്ങളും പൊട്ടിമുളച്ചു. സര്‍പ്പകോപവും അതിന്റെ ഫലമായുണ്ടാകുന്നതെന്ന് വിശ്വസിക്കപ്പെട്ടിരുന്ന കുഷ്ഠം, ചൊറി,ചിരങ്ങ്, പാണ്ട് തുടങ്ങിയവ മുതല്‍ അനപത്യത വരെ ഇത്തരം ചികിത്സകളുടെയോ പാമ്പിനെ ഉപദ്രവിക്കുന്നതിന്റെയോ ഒക്കെ അനന്തരഫലങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു.

പിന്നെയും കാലം കഴിഞ്ഞപ്പോള്‍, അറിവും യുക്തിചിന്തയും കുറെക്കൂടി വികസിച്ചപ്പോള്‍ മന്ത്രവാദത്തിനൊപ്പം മരുന്നുകളും ഉണ്ടായിവന്നു.
മരുന്നുമാത്രമായും മരുന്നും മന്ത്രവും ചേര്‍ത്തുമൊക്കെ ചികിത്സാക്രമങ്ങള്‍ ഉണ്ടായിവന്നു. ആയുര്‍വേദചികിത്സയൊക്കെ ഇത്തരം മാന്ത്രികചികിത്സയ്ക്കു ശേഷം രൂപപ്പെട്ടുവന്ന ചികിത്സാപദ്ധതിയാണ്. മന്ത്രം കൊണ്ടുള്ള ചികിത്സാരീതിയെ പൊതുവെ വിഷവിദ്യ എന്നും മരുന്നുകൊണ്ടുള്ള ചികിത്സയെ വിഷവൈദ്യം എന്നുമാണ് അറിയപ്പെട്ടിരുന്നത്.
പിന്നീട് ഹോമിയോ ചികിത്സാപദ്ധതികളും ( ലെക്‌സിന്‍, തിരിയാക് തുടങ്ങിയവ ) വിഷക്കല്ല് തുടങ്ങിയ ചികിത്സാരീതികളുമൊക്കെ നിലവില്‍ വന്നു.

കാലക്രമേണ അറിവിന്റെ ചക്രവാളം വീണ്ടും വികസിച്ചപ്പോള്‍, ഇത്തരം ചികിത്സകള്‍ ഫലപ്രദമല്ലെന്ന് മനസ്സിലാക്കുകയും പ്രതിവിഷചികിത്സാപദ്ധതി നിലവില്‍ വരികയും ചെയ്തു. പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്റിസ്റ്റായി ജോലി ചെയ്തുകൊണ്ടിരുന്ന, ഫ്രഞ്ചുകാരനായ ഡോക്ടര്‍ Albert Calmette ആണ് ഇന്ത്യന്‍ മൂര്‍ഖന്റെ വിഷത്തിനെതിരെ ആദ്യമായി പ്രതിവിഷം വികസിപ്പിച്ചെടുത്തത്. Calmette serum എന്നായിരുന്നു അക്കാലത്ത് ഈ പ്രതിവിഷം അറിയപ്പെട്ടിരുന്നത്.

കാലക്രമേണ ശാസ്ത്രം കൂടുതല്‍ വികസിച്ചപ്പോള്‍ നാം ഇന്നു കാണുന്ന രീതിയിലുള്ള പോളിവാലന്റ് പ്രതിവിഷം രൂപപ്പെടുത്തിയെടുക്കാന്‍ നമ്മുടെ ശാസ്ത്ര ഗവേഷകര്‍ക്ക് കഴിഞ്ഞു.

നമ്മുടെ നാട്ടില്‍ കാണുന്ന പ്രധാനപ്പെട്ട നാലുതരം വിഷപ്പാമ്പുകളുടെ ( മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, റസ്സല്‍ അണലി, ചുരുട്ട മണ്ഡലി - ഇവയെ നമ്മള്‍ Big Four എന്ന് വിളിക്കുന്നു )

snakeവിഷങ്ങള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന പ്രതിവിഷമാണ് Polyvalent ASV. Big Four നെ കൂടാതെ നമ്മുടെ നാട്ടില്‍ വിഷപ്പാമ്പുകളായി രാജവെമ്പാലയും മുഴമൂക്കന്‍ കുഴിമണ്ഡലിയും ഉണ്ടെങ്കിലും രാജവെമ്പാല മിക്കവാറും നിത്യഹരിതവനങ്ങളില്‍ മാത്രമായതുകൊണ്ടും മുഴമൂക്കന്‍ കുഴിമണ്ഡലിയുടെ കടി ഭൂരിഭാഗവും മനുഷ്യന് മാരകമാകാറില്ലാത്തതിനാലും അവയ്‌ക്കെതിരെയുള്ള പ്രതിവിഷഘടകങ്ങള്‍ Polyvalent ASV യില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

എങ്കിലും നിരന്തരം നടക്കുന്ന പഠനങ്ങളുടെ ഭാഗമായി ഇതിന് ഇനിയും വ്യത്യാസങ്ങളുണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. മുഴമൂക്കന്റെ ( Hump nosed pit viper - Hypnale hypnale ) കടി ചിലപ്പോഴെങ്കിലും മാരകമായേക്കാം എന്നും രാജവെമ്പാല കാടിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ കൂടുതലായി പുറത്തിറങ്ങുന്നു എന്നുള്ളതുമൊക്കെ കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്ന കാര്യങ്ങളാണ്. അതുപോലെ മറ്റൊന്നാണ് ഓരോ പ്രാദേശിക ഭൂവിഭാഗങ്ങള്‍ക്കനുസരിച്ചും പാമ്പിന്റെ വിഷത്തിന്റെ തീവ്രത വ്യത്യാസപ്പെട്ടേക്കാം എന്നുള്ള പഠനം.

പരിണാമത്തിന്റെ ആദ്യഘട്ടങ്ങളില്‍ വിഷമുണ്ടായിരുന്ന ചില പാമ്പുകള്‍ പിന്നീട് വിഷമില്ലാത്തവയായി മാറിയതും വിഷമുണ്ടായിരുന്ന ചിലയിനങ്ങള്‍ക്ക് അതില്ലാതായതും ഒക്കെ ഇത്തരം പഠനങ്ങളില്‍ കണക്കിലെടുക്കേണ്ട കാര്യങ്ങളാണ്. ചേരയും മറ്റും ഉള്‍പ്പെടുന്ന കൊളുബ്രിഡേ വിഭാഗത്തിലെ ചില പാമ്പുകള്‍ക്ക് ( ഉദാ. പച്ചിലപ്പാമ്പ്, പൂച്ചക്കണ്ണന്‍ തുടങ്ങിയവ ) നേരിയ തോതില്‍ വിഷമുള്ളത്, അവ പഴയ കാലത്തേതുപോലെ വിഷപ്പാമ്പുകളായി മാറുന്നതിന്റെ സൂചനയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് കേണല്‍ ഫ്രാങ്ക് വാളിനെപ്പോലുള്ള പാമ്പുഗവേഷകര്‍ വളരെനേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പാമ്പിന്‍വിഷമെന്നത് സങ്കീര്‍ണ്ണമായ ഒരു സംയുക്തമാണ്. ഇരയെ നിശ്ചലമാക്കുകയും ദഹിപ്പിക്കുകയമാണ് അതിന്റെ പ്രാഥമിക ഉപയോഗങ്ങള്‍.
പലതരം പ്രോട്ടീനുകളും poly peptides ഉം ഉള്‍പ്പെടെ ഇരുപതിലധികം ഘടകങ്ങളുണ്ട് പാമ്പുവിഷത്തില്‍. വിവിധതരം മാംസ്യങ്ങളും രാസാഗ്‌നികളുമുള്ള വിഷത്തിലെ പ്രധാനഘടകങ്ങള്‍ Digestive hydrolases, L - amino acid oxidase,Phospholipase, Thrombin - like pro coagulant, Haemorragins, Post-synaptic neurotoxins തുടങ്ങിയവയാണ്. ഇത്രയേറെ ഘടകങ്ങളുള്ളതുകൊണ്ടുതന്നെ പുറമേ പുരട്ടുന്ന ഒരു പച്ചിലമരുന്നോ, മുറിവില്‍ വെക്കുന്ന ഒരു വിഷക്കല്ലോ ഒന്നും ഈ ഘടകങ്ങള്‍ക്കെല്ലാമെതിരെ ഫലപ്രദമല്ല.

ഉള്ളില്‍ കഴിക്കുന്ന മരുന്നുപോലും ദഹനപ്രക്രിയയിലൂടെ അതിന്റെ ഘടകപദാര്‍ത്ഥങ്ങളായി വിഘടിക്കപ്പെട്ട് രക്തത്തില്‍ കലര്‍ന്ന് ശരീരകോശങ്ങള്‍ക്കുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടാന്‍ എത്രയോ ഏറെ സമയമെടുക്കും.

അതിനിടയില്‍ നാഡീവ്യവസ്ഥയെ ബാധിക്കുന്ന തരം വിഷം ആവേഗങ്ങളെ തടഞ്ഞ് നാഡികളെ തളര്‍ത്തിയും, രക്തത്തെ ബാധിക്കുന്ന തരം വിഷം അതിനെ കട്ടയാക്കുകയോ രക്തകോശങ്ങളുടെ ആവരണസ്തരങ്ങളെ അലിയിക്കുകയോ ഒക്കെ ചെയ്ത് ശരീരത്തിലെ ജീവല്‍പ്രവര്‍ത്തനങ്ങളെ ആകെ താറുമാറാക്കിക്കഴിഞ്ഞിരിക്കും.
അതുകൊണ്ടുതന്നെ, ആധുനികപ്രതിവിഷചികിത്സാരീതിയല്ലാതെ, നിലവില്‍ പാമ്പുവിഷത്തിനെതിരെ ഫലപ്രദമായ മറ്റുചികിത്സാരീതികള്‍ ഇല്ല. പ്രതിവിഷചികിത്സ തന്നെ വളരെ പെട്ടെന്ന് ചെയ്തില്ലെങ്കില്‍ നിഷ്പ്രയോജനമായേക്കാം.

content highlights: Snakes venom and treatments