രിണാമപരമായി ഭൂമിയോട് നമ്മളെക്കാള്‍ എത്രയോ കൂടുതല്‍ അടുപ്പവും അനുഭവവും ഉള്ളവരാണ് പാമ്പുകൾ ദിനോസറുകളുടെ ഒപ്പം ജീവിച്ചിരുന്നവരാണവർ. എന്നുവെച്ചാല്‍ നമ്മള്‍ മനുഷ്യരൊക്കെ പരിണമിച്ച് ഉണ്ടാകുന്നതിന് എത്രയോ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്. ദിനോസറുകളും മറ്റും ജീവിച്ചിരുന്ന മീസോസോയിക് മഹായുഗത്തിലെ ക്രെറ്റേഷ്യസ് കാലഘട്ടത്തിലാണ് പാമ്പുകള്‍ പരിണമിച്ചുണ്ടായതെന്നാണ് ശാസ്ത്രം. എത്രയോ കാലത്തെ പ്രതികൂല കാലാവസ്ഥയേയും ശത്രുക്കളുടെ വേട്ടയാടലിനേയും അസുഖങ്ങളെയുമൊക്കെ അതിജീവിച്ച ഒരു ജീവിവര്‍ഗ്ഗമാണത്. അതുകൊണ്ടുതന്നെ മനുഷ്യവര്‍ഗ്ഗത്തിനുള്ളതിനേക്കാള്‍ എത്രയോ കൂടുതല്‍ ഫലപ്രദമായ അനുകൂലനങ്ങളാണ് അവര്‍ക്കുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍, നമ്മള്‍ പേടിച്ചു വടിയെടുത്താലൊന്നും ഇല്ലാതാവുന്നവരല്ല പാമ്പുകള്‍. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

കരയില്‍ ജീവിച്ചിരുന്ന കാലുകളുള്ള ഉരഗവര്‍ഗ്ഗം പരിണമിച്ചാണ് പാമ്പുകളുണ്ടായതെന്നും അതല്ല ജലജീവികളായ മെസോസോറുകളില്‍ നിന്നാണ് പാമ്പുകള്‍ ഉണ്ടായതെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്. രണ്ടിനെയും സാധൂകരിക്കുന്ന പഠനങ്ങളുമുണ്ട്. എന്തായാലും ലോകത്തിലെ ഏറ്റവും ചെറിയ പാമ്പായ കുരുടി മുതല്‍ ഏറ്റവും വലിയ പാമ്പായ ടൈറ്റനോബോവ വരെ അവരങ്ങനെ പരിണമിച്ച് വളര്‍ന്നുവന്നു. അതിനിടയില്‍ കുറെയെണ്ണം കരയിലും കുറെയെണ്ണം കടലിലും ജീവിച്ചു തുടങ്ങി. കരയില്‍ ജീവിക്കുന്നവ വീണ്ടും പരിണമിച്ച് മരത്തിനു മുകളില്‍ ജീവിക്കുന്നവയും മണ്ണില്‍ ജീവിക്കുന്നവയും ജലത്തില്‍ ജീവിക്കുന്നവയുമൊക്കെയായി. മണ്ണില്‍ ജീവിക്കുന്നവ മണ്ണിനു മുകളില്‍ ജീവിക്കുന്നവയെന്നും മണ്ണിനടിയില്‍ ജീവിക്കുന്നവയെന്നുമൊക്കെ വീണ്ടും വഴിപിരിഞ്ഞു. അത്രമാത്രം വൈവിദ്ധ്യമാണ് പാമ്പുലോകത്തിന്.

snake
Photo : AP

കുടല്‍ കുഴല്‍പോലായി, കണ്ണില്‍ മണ്ണുവീഴാതിരിക്കാന്‍ സുതാര്യ കണ്ണട

ജീവിക്കാനുള്ള ചുറ്റുപാടുകളില്‍ മാറ്റം വന്ന അത്ര വേഗതയിലൊന്നുമല്ലെങ്കിലും പരിണാമം പാമ്പിന്റെ ആന്തരാവയവങ്ങളിലും മെല്ലെമെല്ലെ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. അതിന്റെ ഉള്ളിലുള്ള വയറും കുടലും ശ്വാസകോശവുമെല്ലാം നീണ്ടു നീണ്ട് ഓരോ കുഴല്‍ പോലെയായി. മാളങ്ങളില്‍ ഇഴഞ്ഞുകയറുമ്പോള്‍ തടസ്സമുണ്ടാകാതിരിക്കാന്‍ പുറത്തേക്ക് നീണ്ടുനില്ക്കുന്ന അവയവങ്ങളൊന്നും ഇല്ലാതായി. 

പരിണാമ ദശയിൽ കണ്ണില്‍ മണ്ണുവീഴാതിരിക്കാന്‍ ബ്രില്‍ എന്ന് പേരുള്ള സുതാര്യമായ കണ്ണട വന്നു. ഇഴയുമ്പോള്‍ ഏതുവശങ്ങളില്‍ നിന്നാണ് ഇണമണം അല്ലെങ്കില്‍ ഇരമണം വരുന്നതെന്നറിയാന്‍ നാവിന്റെ അറ്റം രണ്ടായി പിളര്‍ന്നു.

എങ്കിലും ഇരയേയും ഇണയേയും ശത്രുവിനേയുമൊക്കെ മണം കൊണ്ട് തിരിച്ചറിയാന്‍ കഴിയുകയും ഒരേ സ്ഥലത്ത് എന്നും താമസിക്കണമെന്ന് നിര്‍ബ്ബന്ധമില്ലാതിരിക്കുകയും ആരോടും ദേഷ്യവും സ്‌നേഹവും വെച്ചുപുലര്‍ത്തേണ്ടതില്ലെന്ന അവസ്ഥയും സംജാതമായതോടെ ഇവയുടെ തലച്ചോറ് കാര്യമായി വികസിച്ചില്ല. അതുകൊണ്ട് തന്നെ അവയ്ക്ക് ആരേയും ഓര്‍ത്ത് വെക്കാനോ പകവെച്ച് കടിക്കാനോ കഴിയുകയുമില്ല. ഓര്‍മ്മയില്ലാത്തവന് എന്തു പക! ഓര്‍മ്മയില്ലാത്തവന് എന്ത് ഇണക്കം, എന്ത് പിണക്കം...!

ഉമിനീരിന്റെ ഭാഗമാണ് വിഷം

പാമ്പുകളില്‍ ഭൂരിഭാഗത്തിനും മാരകശക്തിയുള്ള വിഷമില്ല. ചിലയിനങ്ങള്‍ക്ക് ഒരിത്തിരി മാത്രം വിഷമുണ്ട്. വളരെ ചുരുക്കം ഇനങ്ങള്‍ക്ക് മനുഷ്യനെ കൊല്ലാന്‍ പോലും കഴിയുന്നത്ര മാരകമായ വിഷമുണ്ട്. പാമ്പിന്റെ വായിലെ ഉമിനീരിന്റെ ഒരു ഭാഗമാണ് നമ്മള്‍ ഈ പറയുന്ന വിഷം. ഉമിനീരിന്റെ ധര്‍മ്മം ആഹാരത്തെ ദഹിപ്പിക്കുക എന്നുള്ളതാണ്. മനുഷ്യരുടെ വായില്‍ പ്രധാനമായും മൂന്ന് ജോടി ഉമിനീര്‍ ഗ്രന്ഥികള്‍ ആണുള്ളത്. ( ഇതുകൂടാതെ സൂക്ഷ്മഗ്രന്ഥികള്‍ വേറെയുമുണ്ട് )ഇവ ഉണ്ടാക്കുന്ന ഉമിനീരില്‍ അമിലേസ് എന്ന് പേരുള്ള ഒരു തീത്തൈലമുണ്ട്.( സലൈവറി അമിലേസ് എന്നാണ് കൃത്യമായ പേര് ). ഈ തീത്തൈലം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിന്റെ ഏതാണ്ട് മുപ്പത് ശതമാനത്തേയും വായില്‍ വെച്ചുതന്നെ മാള്‍ട്ടോസ്, ഡെക്‌സ്ട്രിന്‍ എന്നീ ലളിത തന്മാത്രകളായി വിഘടിപ്പിക്കുന്നു. അതായത് ആഹാരത്തിന്റെ ദഹനം വായില്‍ വെച്ച് തന്നെ തുടങ്ങാന്‍ സഹായിക്കുന്നു. പാമ്പുകളുടെ ഉമിനീരും ഇതുതന്നെയാണ് ചെയ്യുന്നത്.

snakeവിഷമില്ലാത്തവയെന്ന് നമ്മള്‍ വിളിക്കുന്ന പാമ്പുകളുടെ ഉമിനീര്‍ ഗ്രന്ഥികള്‍ അവയുടെ വായിലെത്തുന്ന ഇരയെ വായില്‍ വെച്ചുതന്നെ ദഹിപ്പിച്ചു തുടങ്ങുന്നു.

നേരിയ വിഷമുള്ള പാമ്പുകളില്‍ സാധാരണ ഉമിനീര്‍ ഗ്രന്ഥികള്‍ക്കു പുറമേ കാണുന്ന ഡ്യുവര്‍നോയ്‌സ് ഗ്രന്ഥിയില്‍ നിന്ന് കൂടുതല്‍ ശക്തിയുള്ള എന്‍സൈമുകള്‍ ഉമിനീരില്‍ കലരുന്നു.

വിഷപ്പാമ്പുകളിലാവട്ടെ, വിഷഗ്രന്ഥികളില്‍നിന്ന് ഏറെ ശക്തിയുള്ള എന്‍സൈമുകള്‍ ഉമിനീരില്‍ കലരുന്നു. സങ്കീര്‍ണ്ണങ്ങളായ മാംസ്യതന്മാത്രകളാണ് പാമ്പുവിഷത്തിലെ പ്രധാന ഘടകങ്ങള്‍. ഇതില്‍ ചില പ്രോട്ടീനുകള്‍ ( മാംസ്യങ്ങള്‍) രക്തം കട്ടിയാകാതിരിക്കാന്‍ സഹായിക്കുന്നു. ചിലത് അതിനെ കട്ടിയാക്കുന്നു. ഇനിയും ചിലത് ഇരയുടെ കോശങ്ങളെ ആസിഡ് പോലെ അലിയിച്ചുകളയുന്നു. ഇങ്ങനെ അതിസങ്കീര്‍ണ്ണങ്ങളായ ഈ പ്രവര്‍ത്തനങ്ങളാണ് നമ്മളെ പേടിപ്പിക്കുന്നത്. കാരണം, ഇത് അനിയന്ത്രിതമായി തുടര്‍ന്നാല്‍ നമ്മള്‍ മരിച്ചുപോകും.

snake
ഫോട്ടോ: ജിജു അഥീന | യാത്ര മാഗസിനിൽ പ്രസിദ്ധീകരിച്ച ചിത്രം

മരുന്നിലെത്തിച്ചതും പാമ്പുപേടിതന്നെ

ഇതേ പേടി തന്നെയാണ് നമ്മളെക്കൊണ്ട് അതിനെതിരെ മരുന്ന് കണ്ടുപിടിപ്പിച്ചതും. ആദ്യകാലത്ത് ഒരുപക്ഷേ നിസ്സഹായമായ പ്രാര്‍ത്ഥനകള്‍ മാത്രമായിരുന്നിരിക്കണം മരുന്ന്. പിന്നെ, സ്വാഭാവികമായും ഗോത്രവര്‍ഗ്ഗ ചികിത്സയിലേതുപോലെ ചുറ്റിലുമുള്ള ചില പച്ചിലകളും പൂജകളും മന്ത്രങ്ങളുമൊക്കെ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവും. വിശ്വാസചികിത്സകള്‍ ഫലിക്കാതായപ്പോള്‍ സ്വാഭാവികമായും പെട്ടെന്ന് തന്നെ അവ ഇല്ലാതായി. ഇപ്പോള്‍ പാമ്പ് കടിച്ചാല്‍ പൊതുവെ ആരും പൂജയ്‌ക്കോ മന്ത്രവാദത്തിനോ ഒന്നും പോകാറില്ല. 

ഗോത്ര ചികിത്സ, പ്രാദേശിക ചികിത്സ, വിഷക്കല്ല് ചികിത്സ തുടങ്ങിയവ പക്ഷേ ഇപ്പോഴും പല സ്ഥലങ്ങളിലും പിന്തുടരുന്നു. വിഷം എത്രയോ സങ്കീര്‍ണ്ണമായ ഒരുകൂട്ടം രാസവസ്തുക്കളുടെ സംയുക്തമായതു കൊണ്ടുതന്നെ, ഇവയൊന്നും അതിനെതിരെ പൂര്‍ണ്ണമായി ഫലപ്രദമല്ല. വിഷത്തിലെ ഏതെങ്കിലും ഒന്നോ രണ്ടോ ഘടകങ്ങള്‍ക്കെതിരെ ചിലപ്പോള്‍ ചില പച്ചിലമരുന്നുകളും മറ്റും ഫലപ്രദമായേക്കാമെങ്കിലും അതിന്റെ എല്ലാ ഘടകങ്ങളേയും നിര്‍വീര്യമാക്കാന്‍ അത്തരം മരുന്നുകള്‍ക്ക് കഴിയില്ല.

snakeപഴയകാലത്തെ ഇത്തരം ചികിത്സാപദ്ധതികളില്‍ പക്ഷേ, കുറെയെങ്കിലും വികാസം പ്രാപിച്ചത് ആയുര്‍വേദചികിത്സാരീതിയായിരുന്നു. അവര്‍ അഗദതന്ത്രം എന്ന പേരില്‍ ഒരു വിഷചികിത്സാ വിഭാഗത്തിനു തന്നെ രൂപം കൊടുത്തു.

മാത്രമല്ല, വിവിധയിനം പാമ്പുകളെ സൂക്ഷ്മമായി നോക്കി പഠിച്ച് അവയെ മൂര്‍ഖവര്‍ഗ്ഗം,രാജിലവര്‍ഗ്ഗം,വേന്തിരവര്‍ഗ്ഗം എന്നൊക്കെ വര്‍ഗ്ഗീകരിക്കുകയും ചെയ്തു. കടി കിട്ടിയ ഭാഗത്തെ വിഷപ്പല്ലിന്റെ അടയാളവും അവിടുത്തെ ശാരീരികപ്രതികരണങ്ങളേയുമൊക്കെ അടിസ്ഥാനമാക്കി ആദ്യകാലത്ത് വിഷപ്പല്ലുകളെ പോലും മകരി,മരാളി,കാളരാത്രി,യമദൂതി എന്നിങ്ങനെ തരംതിരിച്ചിരുന്നു അവര്‍.

ഇവയെ വെറുംകണ്ണുകൊണ്ടുള്ള നിരീക്ഷണത്തിലൂടെ മാത്രം പഠിച്ച് ( അക്കാലത്ത് അതിനപ്പുറം പഠിക്കാന്‍ യാതൊരു സംവിധാനങ്ങളും ഉണ്ടായിരുന്നില്ല ) ഇത്രയൊക്കെ എത്തിയത് ആയുര്‍വേദത്തിന്റെ വലിയൊരു മുന്നേറ്റം തന്നെയായിരുന്നു. പക്ഷേ എന്തുകൊണ്ടോ അതിനപ്പുറത്തേക്കുള്ള യാതൊരു വികാസവും ആ ചികിത്സാ പദ്ധതിക്ക് ഉണ്ടായില്ല.ആധുനികവൈദ്യശാസ്ത്രമാകട്ടെ നവീനങ്ങളായ ഉപകരണങ്ങളുടെ സഹായത്തോടെ വളര്‍ന്നുമുന്നേറി, മറ്റു ചികിത്സാരീതികളെയെല്ലാം ബഹുദൂരം പിന്‍തള്ളുകയും ചെയ്തു.

doctor signഡോക്ടര്‍മാരുടെ ചിഹ്നത്തില്‍ പാമ്പുവന്നതെങ്ങനെ

പാമ്പുകളെക്കുറിച്ചുള്ള ഐതിഹ്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് പുരാതന ഗ്രീസില്‍ നിലനിന്ന ഒരു ദിവ്യചികിത്സാ രീതിയാണ്. അക്കാലത്ത് ഗ്രീസില്‍ അമ്പലങ്ങളായിരുന്നു ആശുപത്രികള്‍. ഇത്തരം നൂറുകണക്കിന് ദേവാലയങ്ങള്‍ പുരാതന ഗ്രീസില്‍ ഉണ്ടായിരുന്നു.മനോഹരങ്ങളായ പര്‍വതങ്ങളുടെ താഴ്വരപ്രദേശത്ത്,നിറയെ പൂന്തോട്ടങ്ങള്‍ ഒക്കെയുള്ള,ശാന്തിയും നിശ്ശബ്ദതയും വഴിഞ്ഞൊഴുകുന്ന ,അസ്‌ക്‌ളീപിയോണുകള്‍ എന്നറിയപ്പെടുന്ന ദേവാലയാശുപത്രികള്‍.

ശാന്തശീലരായ നായ്ക്കളും പൂവന്‍കോഴികളും വിഷമില്ലാത്ത പാമ്പുകളും ഇഷ്ടംപോലെയുണ്ടാവും അത്തരം ഓരോ ആശുപത്രികളിലും. നല്ല പോഷകഗുണമുള്ള ഭക്ഷണം, ആവശ്യത്തിന് വ്യായാമം ചെയ്യാനുള്ള സംവിധാനങ്ങള്‍, ഔഷധജലത്തിലുള്ള കുളി അങ്ങനെ പല നല്ല സംവിധാനങ്ങളുമുണ്ടായിരുന്നു അസ്‌ക്‌ളീപിയോണുകളില്‍. നല്ല ആഹാരം കഴിച്ച്, നല്ല പോലെ വ്യായാമം ചെയ്ത്, നല്ല പാട്ടും കഥയുമൊക്കെ കേട്ട്, നല്ല കാഴ്ചകള്‍ കണ്ട്, നല്ലവണ്ണം പ്രാര്‍ത്ഥിച്ച് ഉറങ്ങാന് കിടക്കുന്ന രോഗിക്ക് കറുപ്പ് ( opium) പോലുള്ള ഇത്തിരി മയക്കുമരുന്ന് നല്കും. അതിന്റെ ലഹരിയില്‍ ഉറങ്ങിപ്പോകുന്ന രോഗി, ആ ഉറക്കത്തില്‍ സ്വപ്നം കാണും. അങ്ങനെ കണ്ട സ്വപ്നങ്ങളെക്കുറിച്ച് പിറ്റേന്ന് രാവിലെ ദേവാലയത്തിലെ പ്രധാന പൂജാരിയോട് പറയണം.ആ സ്വപ്നം വ്യാഖ്യാനിച്ചാണ് രോഗിയുടെ ചികിത്സ തീരുമാനിക്കപ്പെടുക !

ഇത്തരം അസ്‌ക്‌ളീപിയോണ്‍ ദേവാലയങ്ങളിലെ പ്രധാന പൂജാരി- കം - ഡോക്ടര്‍ ആയിരുന്നു അസ്‌ക്‌ളീപിയസ് എന്ന ആരോഗ്യദേവന്‍. ഈ അസ്‌ക്‌ളീപിയസിന്റെ അഞ്ച് പെണ്‍മക്കളില്‍ രണ്ടു പേരായിരുന്നു ഹൈജിയയും പനേഷ്യയും. അവരായിരുന്നു അമ്പലം-കം-ആശുപത്രിയിലെ നേഴ്‌സുമാര്‍. 

ഈ ദേവാലയങ്ങളിലെത്തുന്ന എല്ലാ രോഗികള്‍ക്കും ഏകദേശം ഒരേതരം ചികിത്സയായിരുന്നു കൊടുത്തിരുന്നത്. അവരുടെ വസ്ത്രങ്ങള്‍ അഴിച്ചു വെച്ച്, ദേവാലയത്തില്‍ നിന്ന് കൊടുക്കുന്ന ലളിതവസ്ത്രങ്ങള്‍ ധരിക്കണം.എന്നിട്ട് ഐസൊലേഷന്‍ മുറിക്കുള്ളില്‍  മൂന്നുദിവസം ഉപവാസം എടുക്കണം. മൂന്നാംദിവസം രാത്രിയില്‍ അസ്‌കുലേപ്യന്‍ പാമ്പുകള്‍ എന്നറിയപ്പെടുന്ന ദിവ്യ നാഗങ്ങള്‍ ഇഴഞ്ഞെത്തി രോഗികളുടെ ശരീരത്തില്‍ നാവു നീട്ടി നക്കും. ഇതോടെ രോഗിയുടെ രോഗം പൂര്‍ണ്ണമായും മാറുകയും രോഗി സുഖപ്പെടുകയും ചെയ്യും. (കൂടുതല്‍ സങ്കീര്‍ണമായ ചികിത്സ വേണ്ടവര്‍ക്കായിരുന്നു സ്വപ്നവ്യാഖ്യാനവും അതിന്റെ അടിസ്ഥാനത്തില്‍ ഉള്ള ചികിത്സകളും )

ഇങ്ങനെ ശരീരത്തിനും മനസ്സിനും ഒരേപോലെ ചികിത്സ നല്കിയ അസ്‌ക്‌ളീപിയോണ്‍ ദേവാലയങ്ങളില്‍ എത്തിപ്പെട്ട രോഗികളില്‍ ഭൂരിഭാഗവും അസുഖം സുഖപ്പെട്ട് വീട്ടിലേക്ക് മടങ്ങി.അഥവാ ആരെങ്കിലും മരിച്ചാല്‍ പോലും അസ്‌ക്‌ളീപിയസ് അസ്‌കുലേപ്യന്‍ പാമ്പില്‍ നിന്ന് കിട്ടിയ ഒരു മാന്ത്രിക ഇല കൊണ്ട് മരിച്ചവരുടെ ജീവന്‍ പോലും തിരിച്ചുപിടിച്ചു തുടങ്ങി.

അതോടെ നരകത്തിന്റെ ദേവതയായ ഹെയ്ഡീസിന് ( പ്‌ളൂട്ടോ ) ഇരിക്കപ്പൊറുതിയില്ലാതായി. അദ്ദേഹം ഒളിമ്പസ് പര്‍വതത്തിന് മുകളിലെത്തി  ദേവരാജാവായ സിയൂസിനോട് പരാതി പറഞ്ഞു. സിയൂസ് ദേവന്‍ തന്റെ ആയുധമായ ഇടിമിന്നല്‍ അയച്ച് അസ്‌ക്‌ളീപിയസ് എന്ന ദേവവൈദ്യനെ വധിക്കുകയും ചെയ്തു. എങ്കിലും, ഇത്ര കഴിവുള്ള ഒരു ഡോക്ടര്‍ ആയിരുന്നതുകൊണ്ട് സിയൂസ് അദ്ദേഹത്തെ മരണാനന്തരം ആകാശത്തിലെ ഒരു നക്ഷത്രസമൂഹമാക്കി എന്നാണ് ഐതിഹ്യം. 

ആശുപത്രി , നഴ്‌സ് , ഒറ്റമൂലി എന്നീ വാക്കുകളുടെ പിറവി

നമ്മള്‍ പറഞ്ഞ അസ്‌ക്‌ളീപിയസ് എന്ന ഗ്രീക്ക് ദേവന്റെ പേരില്‍ നിന്നാണ് നമ്മുടെ 'ആശുപത്രി' എന്ന വാക്ക് ഉണ്ടായത്. ഇംഗ്ലീഷില്‍ hospital എന്ന വാക്കും ഹിന്ദിയില്‍ ആസ്പത്രിക്ക് പറയുന്ന ആസ്പതാല്‍ എന്ന വാക്കുമൊക്കെ ഉണ്ടായിട്ടുള്ളതും അസ്‌ക്‌ളീപിയസ് എന്ന ഇതേ വാക്കില്‍ നിന്ന് തന്നെയാണ്. നമ്മള്‍ പറഞ്ഞ അസ്‌ക്‌ളീപിയസിന്റെ രണ്ട് പെണ്‍മക്കള്‍, അതായത് രോഗികളെ ശുശ്രൂഷിച്ചിരുന്ന നേഴ്‌സുമാര്‍ - ഹൈജിയയും പനേഷ്യയും - അവരുടെ പേരില്‍ നിന്നുമുണ്ടായി ആരോഗ്യരംഗത്തെ രണ്ട് പ്രധാനപ്പെട്ട വാക്കുകള്‍. ഹൈജിയയുടെ പേരില്‍ നിന്ന് ഹൈജീന്‍ അഥവാ ശുചിത്വം എന്ന വാക്കും, പനേഷ്യയുടെ പേരില്‍ നിന്ന് പനേഷ്യ അഥവാ ഒറ്റമൂലി എന്ന വാക്കും !

ഈ അസ്‌ക്‌ളീപിയസിന്റെ സ്ഥാനദണ്ഡിന്റെ മുകളില്‍ ചുറ്റിക്കയറിയ ഒരു അസ്‌കുലേപിയന്‍ പാമ്പായിരുന്നു ഏകദേശം രണ്ടാം ലോകമഹായുദ്ധം വരെ നമ്മുടെ ഡോക്ടര്‍മാരുടേയും ആശുപത്രികളുടേയുമൊക്കെ ചിഹ്നം.

പിന്നീട് അത് കഡ്യൂസിയസ് എന്നറിയപ്പെടുന്ന,ഹെര്‍മിസ് ദേവന്റെ സ്ഥാനദണ്ഡായി. അതിനുമുണ്ട് ഒരു കാരണം. അക്കാലത്ത് മെഡിക്കല്‍ പുസ്തകങ്ങളൊക്കെ അച്ചടിക്കുന്നവര്‍ പൊതുവായി ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു അടയാളമായിരുന്നു കഡ്യൂസിയസ്. കഡ്യൂസിയസും ഒരു സ്ഥാനദണ്ഡ് ആണ്. ഇരുവശത്തു നിന്നും രണ്ടു പാമ്പുകള്‍ ചുറ്റിക്കയറിയ തരത്തിലുള്ള സ്ഥാനദണ്ഡ്.

കള്ളന്മാരുടേയും കച്ചവടക്കാരുടേയും ശവസംസ്‌കാരകര്‍മ്മികളുടേയുമൊക്കെ ദേവനായി ഗ്രീക്ക് പുരാണങ്ങളില്‍ വാഴ്ത്തപ്പെടുന്ന ഹെര്‍മിസ് ദേവന്റെ സ്ഥാനദണ്ഡ് ആണ് കഡ്യൂസിയസ്.
ഈ ദേവനെ ദേവന്മാരുടെ സന്ദേശവാഹകനായും വിശേഷിപ്പിക്കാറുണ്ട്. അച്ചടിക്കുന്ന ആള്‍ക്കാരും ഒരുതരത്തില്‍ സന്ദേശവാഹകര്‍ തന്നെയാണല്ലോ. ഒരു പ്രത്യേക ആശയത്തെയോ അറിവിനെയോ ഒക്കെ വായനക്കാരിലെത്തിക്കുന്ന സന്ദേശവാഹകര്‍. അതുകൊണ്ടാണ് അവര്‍ ഈ അടയാളം അച്ചടിയടയാളമായി അന്ന് ഉപയോഗിച്ച് തുടങ്ങിയത്.

1902ല്‍ അമേരിക്കന്‍ പട്ടാളക്കാരുടെ സര്‍ജന്‍ ജനറല്‍, അതുവരെ പട്ടാളഡോക്ടര്‍മാര്‍ അവരുടെ ഓവര്‍കോട്ടില്‍ ആലേഖനം ചെയ്തുകൊണ്ടിരുന്ന, അസ്‌ക്‌ളീപിയസിന്റെ സ്ഥാനദണ്ഡിന്റെ അടയാളം മാറ്റി ഹെര്‍മിസ് ദേവന്റെ കഡ്യൂസിയസ് ആക്കി. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തന്നെ !മാത്രമല്ല, ആര്‍മി തലവനോട് കാരണം ചോദിക്കാന്‍ അന്ന് ആര്‍ക്കും ധൈര്യവുമുണ്ടായിരുന്നില്ല. പോരാത്തതിന് അന്നൊക്കെ ആര്‍മിയുടെ സമീപനം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മൂന്നുവഴികളുണ്ടെന്നായിരുന്നു. The right way, the wrong way and the army way അങ്ങനെയാണ് നമ്മുടെ ഡോക്ടര്‍മാരും ആശുപത്രികളുമൊക്കെ കള്ളന്മാരുടെയും കച്ചവടക്കാരുടേയും ശവസംസ്‌കാരകര്‍മ്മികളുടേയുമൊക്കെ ദേവന്റെ അധികാരചിഹ്നം സ്വന്തം ചിഹ്നമായി ഉപയോഗിച്ച് തുടങ്ങിയത് !

അങ്ങനെ ആരോഗ്യരംഗത്ത് ഹൈജീനും പനേഷ്യയുമായി( ശുചിത്വവും ഒറ്റമൂലിയുമായി) ആശുപത്രികളില്‍ അസ്‌ക്‌ളീപിയസിന്റെ സ്ഥാനദണ്ഡായി, അമ്പലങ്ങളില്‍ ( അസ്‌ക്‌ളീപിയോണുകളില്‍ ) അസ്‌കുലേപ്യന്‍ പാമ്പുകളായി, ആകാശത്ത് അസ്‌ക്‌ളീപിയസ് നക്ഷത്രസമൂഹമായി ( ഇതിന് ഒഫിയൂകസ് കോണ്‍സ്റ്റലേഷന്‍ എന്നാണ് പേര് ), ജനിതകത്തില്‍ പാമ്പുപേടിയായി, തലച്ചോറിന്റെ ആദിമ അടരില്‍ ഉരഗമസ്തിഷ്‌കമായി നമ്മളെ ചുറ്റോടുചുറ്റും വന്നു തൊട്ടു നില്ക്കുന്ന ഒരു ജീവിവര്‍ഗ്ഗമാണ് പാമ്പുകള്‍.

(മുന്‍ ജീവശാസ്ത്ര അദ്ധ്യാപകന്‍, രാമകൃഷ്ണ മിഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍)

content highlights: Snakes and their venom, Secret behind the tongue of snakes, All snake information in one click