കല്പറ്റ: ചിത്രശലഭങ്ങള്‍ എങ്ങോട്ടാണ് കൂട്ടമായി പറന്നുപോവുന്നത്? എവിടന്ന് എവിടേക്കാണവ ചേക്കേറുന്നത്? ആ സഞ്ചാരത്തിന്റെ രഹസ്യംതേടുന്ന ജനകീയപഠനം കൂടുതല്‍ വിപുലമാക്കാനൊരുങ്ങുകയാണ് ശലഭനിരീക്ഷകര്‍. കോടിക്കണക്കിന് ചിത്രശലഭങ്ങള്‍ വര്‍ഷത്തില്‍ രണ്ടുതവണവീതം തെക്കേ ഇന്ത്യയിലൂടെ ദേശാടനം ചെയ്യാറുണ്ടെങ്കിലും ഈ പ്രതിഭാസത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല. ഇതു പഠിക്കാന്‍ വയനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫേണ്‍സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയാണ് ഡനൈന്‍ വാച്ച് എന്ന പദ്ധതിക്ക് രൂപംനല്‍കിയത്. പഠനത്തിലൂടെ എവിടെയൊക്കെ ദേശാടനം നടക്കുന്നു, ഏതുദിശയില്‍ കൂട്ടമായി സഞ്ചരിക്കുന്നു എന്നതിനെക്കുറിച്ചൊക്കെ പ്രാഥമിക ധാരണയായിട്ടുണ്ടെന്ന് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ പി.എ. വിനയന്‍ പറഞ്ഞു.

പഠനം കൂടുതല്‍ വിപുലപ്പെടുത്താനാണ് ലക്ഷ്യം. ദേശാടനശലഭങ്ങള്‍ എവിടെനിന്നു വരുന്നു, എവിടേക്ക് പോവുന്നു, ഏതെല്ലാം സ്ഥലങ്ങളില്‍, ഏതെല്ലാം മാസങ്ങളില്‍ കാണപ്പെടുന്നു, എന്തെല്ലാമാണ് ദേശാടനത്തിന് കാരണമാവുന്ന ഘടകങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഇന്നും കൃത്യമായ അറിവില്ല. കരിനീലക്കടുവ, അരളിശലഭം എന്നിവയാണ് പ്രധാന ദേശാടനശലഭങ്ങള്‍. പശ്ചിമഘട്ടമലനിരകളില്‍ കാലവര്‍ഷം എത്തുന്നതിന് തൊട്ടുമുമ്പ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പൂര്‍വഘട്ടപ്രദേശങ്ങളിലേക്കും കിഴക്കന്‍ സമതലങ്ങളിലേക്കും ഇവ ദേശാടനംചെയ്യുന്നു. ഇന്ത്യയുടെ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ തുലാവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ അവിടെനിന്ന് സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലായി പടിഞ്ഞാറുഭാഗത്ത് പശ്ചിമഘട്ടത്തിലേക്ക് സഞ്ചരിക്കുന്നുവെന്നാണ് ഇതുവരെ മനസ്സിലായത്. ഇതിലൂടെ ഇവയ്ക്ക് ശക്തമായ മഴയില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയുന്നു.

ശലഭവഴികള്‍ പിന്തുടര്‍ന്ന്

പൊതുജനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം മുന്നോട്ടുപോവുന്നത്. ശലഭങ്ങളെ പിന്തുടര്‍ന്നും ദേശാടനപാതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. കേരളം, തമിഴ്നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആയിരത്തിലധികം സ്ഥലങ്ങളില്‍നിന്നാണ് ശലഭദേശാടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതിനകം കിട്ടിയത്. നീലഗിരി ജൈവമണ്ഡലത്തില്‍നിന്നും അതിനോടുചേര്‍ന്നുള്ള ജില്ലകളില്‍നിന്നുമാണ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചത്. ഇതോടൊപ്പം 1800-കളുടെ അവസാനംമുതല്‍ തെക്കേയിന്ത്യയിലെ ശലഭദേശാടനത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച വിവരങ്ങളും ക്രോഡീകരിച്ചാണ് പ്രാഥമിക മാപ്പ് തയ്യാറാക്കിയത്. തമിഴ്നാട്ടിലെ പഴനി മലനിരകള്‍മുതല്‍ തെക്കോട്ടുള്ള പ്രദേശങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് ഇനിയുള്ള ശ്രമം.

ഐ നാച്ചുറലിസ്റ്റ് എന്ന ഓണ്‍ലൈന്‍ പൗരശാസ്ത്ര പോര്‍ട്ടലില്‍ 'ഡനൈന്‍ വാച്ച്' എന്ന പ്രോജക്ടിലൂടെ വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം വനംവകുപ്പുമായി സഹകരിച്ച് പശ്ചിമഘട്ടത്തിലെ കാടുകളില്‍ ദേശാടനശലഭങ്ങളുടെ ചിറകുകളില്‍ ടാഗുകള്‍ പതിപ്പിച്ചും നിരീക്ഷിക്കും.

കണ്ടാല്‍ അറിയിക്കാം

ശലഭങ്ങളുടെ ദേശാടനം കാണുകയാണെങ്കില്‍ പഠനത്തെ സഹായിക്കാം. കണ്ട ആളുടെ പേരും സ്ഥലവും തീയതിയും ഏതു ദിശയിലേക്കാണ് പറന്നുപോവുന്നതെന്നും അഞ്ചുമിനിറ്റിനകം എത്ര അരളിശലഭങ്ങളും കരിനീലക്കടുവകളും 25 മീറ്റര്‍ പ്രദേശത്തുകൂടി കടന്നുപോയി എന്നും വാട്സാപ്പിലൂടെ അറിയിക്കാം. നമ്പര്‍: 9846704353, 9497402761.

content highlights: Secrets behind Butterfly Migration, study starts