പോര്‍ട്ട്‌ലാന്‍ഡ് : ആഗോളതാപനം കടല്‍പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തുന്നതായി പഠനങ്ങള്‍. പ്രതികൂല കാലാവസ്ഥ, പ്രത്യുത്പാദന ശേഷിയില്ലായ്മ, ചൂട്, ഭക്ഷ്യദൗർലഭ്യം എന്നിവ ഇവയുടെ അംഗസംഖ്യയില്‍ കുറവ് രേഖപ്പെടുത്തുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഹവായിയന്‍ ദ്വീപുകളില്‍ നിന്നു ആല്‍ബട്രോസ്സുകളുടെ വലിയൊരളവിനെയും തുടച്ചു നീക്കി കഴിഞ്ഞു. മെയ്ന്‍ തീരത്ത് വസിക്കുന്ന പഫിന്‍സ് പക്ഷികളെയും ഇവ പ്രതികൂലമായി ബാധിച്ചു. സമുദ്ര നിരപ്പുയരുന്നതിനാല്‍ പലപ്പോഴും കൂടുകളൊരുക്കാനും കുഞ്ഞുങ്ങളെ പരിചരിക്കാനുമുള്ള സാഹചര്യം കടല്‍പക്ഷികള്‍ക്ക് ഉണ്ടാകുന്നില്ല. സമുദ്രത്തിലെ താപപനിലയിലെ വര്‍ധനവ് ഇവയ്ക്ക് ഭക്ഷണവും കിട്ടാക്കനിയാക്കുകയാണ്.

common murres
കോമണ്‍ മൂറുകള്‍ | Photo-USGS.gov

ആഗോള താപനവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ട മരണവും ചില കടൽപക്ഷിവർഗ്ഗങ്ങൾക്ക് നേരിടേണ്ടി വന്നു. പടിഞ്ഞാറന്‍ തീരത്തെ ഓക്ക് പക്ഷി വിഭാഗക്കാരായ കോമണ്‍ മൂറകളും കാസിന്‍ ഓക്ലെറ്റുകളും ആഗോള താപനത്തിന്റെ ഫലമായി കൂട്ടമരണം നേരിട്ടിരുന്നു. ആഹാര ലഭ്യതയിലെ കുറവ്, തീരത്ത് അടിക്കടിയുണ്ടാകുന്ന ചുഴലികാറ്റ് എന്നിവ കടല്‍പക്ഷികളുടെ പ്രത്യുത്പാദനത്തെയും ബാധിക്കുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്ന റോസറ്റാ ടേണ്‍സിന്റെ പ്രത്യുത്പാദനത്തിലുണ്ടായ കുറവ്വ് ഭാവിയില്‍ ഇവ ഭൂമിയില്‍ നിന്നും അപ്ര്യതക്ഷമായേക്കാവുന്നതിന്റെ സൂചനയാണ്. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

വര്‍ധിച്ച് വരുന്ന ആഗോള താപനം വന്‍തോതില്‍ കടല്‍പക്ഷികളുടെ കൂടൊരുക്കലിനെ ബാധിക്കുന്നതായി യു.എസ് ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസിലെ ബയോളജിസ്റ്റായ ലിന്‍ഡാ വെല്‍ച്ച് അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം മൂലം കടല്‍പക്ഷികളുടെ എണ്ണത്തിലുണ്ടാവുന്ന കുറവ് വിലയിരുത്തുക അസാധ്യമാണെന്ന് ലിന്‍ഡാ പറഞ്ഞു. എന്നാല്‍ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ ഗവേഷകര്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം കടല്‍പക്ഷികളുടെ അംഗസംഖ്യ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതല്‍ 70 ശതമാനമായി കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ അരനൂറ്റാണ്ടായി കടല്‍പക്ഷികളുടെ പ്രത്യുത്പാദനം പലപ്പോഴും ലക്ഷ്യം കാണാറില്ല, പ്രത്യേകിച്ച് ഭൂമധ്യരേഖയ്ക്ക് വടക്കായി താമസിക്കുന്ന പക്ഷികളുടേത് എന്ന് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചിലയിടങ്ങളില്‍ മത്സ്യസമ്പത്തിലുണ്ടായ കുറവ് പെന്‍ഗ്വിൻ കുഞ്ഞുങ്ങള്‍ക്ക് തീറ്റ കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 

albatross
ആല്‍ബട്രോസ്സ് | Photo-Gettyimage

കഴിഞ്ഞ അഞ്ചു ദശാബ്ദങ്ങളായി ഭൂമിയില്‍ ആഗോള താപനം മൂലമുണ്ടാകുന്ന ചൂടിന്റെ 90 ശതമാനത്തിനും ഇരയാകേണ്ടി വന്നത് സമുദ്രത്തിലെ ജീവജാലങ്ങളാണ്. സമുദ്രത്തിലെ ഉയര്‍ന്ന താപനില കടല്‍പക്ഷികള്‍ക്ക് ഭക്ഷണം കണ്ടെത്തുന്നതിന് മാര്‍ഗതടസ്സമാകുന്നു. പരിണിതഫലമായി ആയിരക്കണക്കിന് കടല്‍പക്ഷികളാണ് വിശന്ന് ചാവുന്നത്. ദക്ഷിണാഫ്രിക്കയില്‍ 1991 ന് ശേഷം പെന്‍ഗ്വിനുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. പ്ലാങ്ക്ടണിന്റെയും തണുത്ത വടക്കന്‍ ജലാശയങ്ങളില്‍ കാണപ്പെടുന്ന ചെറു മീനുകളുടെയും ലഭ്യതക്കുറവ് കടല്‍പക്ഷികള്‍ നേരിടേണ്ടി വരുന്ന മറ്റൊരു പ്രധാന ഭീഷണിയാണ്. പസഫിക് തീരങ്ങളില്‍ ഇത്തരം മീനുകളുടെ അസാന്നിധ്യം പതിനായിരക്കണക്കിന് കാസിന്‍സ് ഓക്ലെറ്റുകളുടെ ജീവനാണ് അടുത്ത വര്‍ഷങ്ങളിലായി കവര്‍ന്നെടുത്തത്.

atlantic puffin
അറ്റ്‌ലാന്റിക് പഫിന്‍ | Photo-Gettyimage

പടിഞ്ഞാറന്‍ തീരത്ത് ഏകദേശം 8,000 ഓളം കോമണ്‍ മൂറുകള്‍ 2010 ല്‍ ചാവാനിടയായത് കുറഞ്ഞ മത്സ്യസമ്പത്ത് കൊണ്ട് മാത്രമായിരുന്നില്ല. സമുദ്രോപരിതലത്തിലെ ചൂട് കാറ്റും കാരണമായിരുന്നു. പലപ്പോഴും കടല്‍പക്ഷികള്‍ക്ക് ഭക്ഷണം തേടാന്‍ ദൂരങ്ങളിലേക്ക് പോകേണ്ടതായി വരും. ഈ സമയങ്ങളില്‍ കൂട്ടില്‍ കുഞ്ഞുങ്ങള്‍ മാത്രമാണുണ്ടാവുക. അങ്ങനെ ഒറ്റപ്പെട്ടു പോകുന്ന കുഞ്ഞുങ്ങളെ മറ്റുള്ള മൃഗങ്ങള്‍ ഇരയാക്കുന്നതായി യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സ് നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ലോകത്ത് മറ്റ് സമുദ്രപ്രദേശങ്ങളെക്കാള്‍ താപത്തിനിരയാകുന്ന പ്രദേശമാണ് അറ്റ്‌ലാന്റിക് പഫിനുകള്‍ കൂടൊരുക്കുന്ന ഗള്‍ഫ് ഓഫ് മെയ്‌നിലെ ചെറുദ്വീപുകള്‍. മെയ്‌നിന്റെ പ്രധാന മുഖമുദ്രയായ അറ്റ്‌ലാന്റിക് പഫിനുകളുടെ പ്രത്യുത്പാദനത്തിലും ഗണ്യമായ ഇടിവാണുണ്ടായത്. 

Content Highlights: sea birds population decline due to change in climate