വാഴ്‌സാ: മധ്യേഷയിൽ നിന്നും ഏഷ്യയില്‍ നിന്നുമുള്ള കുടിയേറ്റക്കാരെ തടയുന്നതിനായി അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനൊരുങ്ങുകയാണ് പോളണ്ട്. യൂറോപ്യന്‍ രാജ്യമായ ബെല്ലാറസുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് അതിര്‍ത്തി മതില്‍ വരിക. എന്നാല്‍ ഈ മതില്‍ 12,000 ത്തിലധികം ജന്തുജാലങ്ങള്‍ ഉള്‍ക്കൊള്ളുന്ന യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലിടം നേടിയ ബിയോലവീസ വനപ്രദേശത്തിന്റെ വിഭജനത്തിന് കാരണമാകും. ഇതു പോലെയുള്ള അതിര്‍ത്തികള്‍ സംരക്ഷണം പ്രദാനം ചെയ്യുന്നുവെങ്കിലും സവിശേഷമായ ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥയ്ക്കും അവ ഭീഷണിയായി തീരുന്നു.

poland border
പോളണ്ടിന്റെ അതിര്‍ത്തി മതില്‍ വരുന്ന പ്രദേശം | Photo-Railfrieght

അടുത്തിടെ 'സയന്‍സ്' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പോളണ്ടിന്റെ അതിര്‍ത്തി മതില്‍ എങ്ങനെയാണ് കാടിനെ വിഭജിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. യൂറോപ്യന്‍ കാട്ടുപോത്ത്, അപൂര്‍വമായി കണ്ടുവരുന്ന പന്നി, ചെന്നായ പോലെയുള്ള മൃഗവിഭാഗങ്ങളുടെ വിഹാര കേന്ദ്രം കൂടിയാണിത്. കൃത്രിമമായ സൃഷ്ടിക്കപ്പെടുന്ന ഇത്തരം മതിലുകള്‍ മൃഗങ്ങളുടെ സ്വാഭാവിക ചലനത്തിന് തടസം സൃഷ്ടിക്കും. പുതിയ സസ്യങ്ങള്‍ രൂപപ്പെടുന്നതില്‍ തടസം സൃഷ്ടിക്കുന്ന മതില്‍ ശബ്ദ, പ്രകാശ മലിനീകരണത്തിനിലേക്കും വഴി വെയ്ക്കുന്നു. 

ആളുകളുടെയും വാഹനങ്ങളുടെയും കുത്തൊഴുക്ക് മൂലം ഉടലെടുക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ജലാശയങ്ങള്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും ഭീഷണിയാണ്. 5.5 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന മതിലിന്റെ മുകള്‍ ഭാഗം മുള്ളുവേലിയായിരിക്കും. താഴ്ന്ന പറക്കുന്ന പക്ഷികള്‍ക്കും മതില്‍ ഭീഷണിയാകും. യു.എസ്-മെക്‌സിക്കോ അതിര്‍ത്തി മതിലിനോട് സമാനമായ രൂപകല്‍പ്പനയാണ് പോളണ്ടും നല്‍കിയിരിക്കുന്നത്. യു.എസ്-മെക്‌സിക്കോ അതിര്‍ത്തി മതില്‍ മൂലം  നിരവധി മൃഗങ്ങളാണ് ദുരിതത്തിലായത്. അതിര്‍ത്തി മതിലുകളില്‍ സ്ഥാപിച്ചിരിക്കുന്ന മുള്ളുവേലികളില്‍ കുടുങ്ങി നിരവധി മൃഗങ്ങള്‍ ചാകാനിടയായ സാഹചര്യവും പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

മനുഷ്യര്‍ക്ക് അതിര്‍ത്തി കടക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നിരിക്കെ മൃഗങ്ങള്‍ക്ക് അത് സാധിക്കില്ല. അടുത്തിടെയായി അതിര്‍ത്തി വേലികളില്‍ ഗണ്യമായ വര്‍ധനയാണുണ്ടായത്. നിലവില്‍ ലോകത്താകെ 32,000 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി വേലികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 700 ഓളം വരുന്ന സസ്തനികള്‍ക്ക് രാജ്യാതിര്‍ത്തി കടക്കാന്‍ അതിര്‍ത്തി വേലികള്‍ തടസ്സമാകുന്നുവെന്ന് സമീപകാലത്ത് നടന്ന പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ജീവജാലങ്ങള്‍ക്ക് ഇരട്ടപ്രഹരമായിരിക്കുകയാണ് ഇത്തരം വേലിക്കെട്ടുകള്‍.

മറ്റ് പല വനപ്രദേശങ്ങളും അവര്‍ക്ക് വലിച്ചെടുക്കാവുന്നതിനെക്കാള്‍ ഏറെ കാര്‍ബണ്‍ പുറന്തള്ളുമ്പോള്‍ ആരോഗ്യപരമായി മുന്നില്‍ നില്‍ക്കുന്ന വനപ്രദേശമാണ് ബിയോലവീസ. എന്നാല്‍ പോളണ്ടിന്റെ അതിര്‍ത്തി ഇതിന് ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്. പാരിസ്ഥിതിക നിയമങ്ങളെ മറിക്കടന്നാണ് ഇത്തരം നിര്‍മാണങ്ങളെന്ന് ആക്ഷേപമുണ്ട്. സ്വാഭാവികമായി നടക്കേണ്ട പാരിസ്ഥിതിക ആഘാത പഠനങ്ങളൊന്നും പോളണ്ടിന്റെ വിഷയത്തിലുണ്ടായിട്ടില്ലെന്ന് വിമര്‍ശകര്‍ പറയുന്നു.

Content Highlights: poland to build border wall which will dissect forest area listed in unesco