150 വര്‍ഷങ്ങളായി ആഫ്രിക്കന്‍ മഴക്കാടുകളില്‍നിന്ന് അപ്രത്യക്ഷമായിരുന്ന ഭീമന്‍ മൂങ്ങയെ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇംപീരിയല്‍ കോളേജ് ലണ്ടനിലെ ലൈഫ് സയന്‍സസ് വിഭാഗത്തില്‍ നിന്നുള്ള ഡോ. ജോസഫ് തോബിയാസ്, സോമര്‍സെറ്റില്‍ നിന്നുള്ള സ്വതന്ത്ര പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. റോബെര്‍ട്ട് വില്യംസ് എന്നിവരാണ്‌ 'ഷെല്ലീസ് ഈഗിള്‍ ഔള്‍' എന്നറിയപ്പെടുന്ന ഈ മൂങ്ങയെ കണ്ടെത്തിയത്. ആഫ്രിക്കയിലെ കാര്‍ഷിക വികസനത്തിന്റെ ജൈവശാസ്ത്രപരമായ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള യു.കെ. സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയിലുള്ള പഠനപദ്ധതിയ്ക്ക് നേതൃത്വം നല്‍ക്കുന്നയാളാണ് ജോസഫ് തോബിയാസ്.

ലണ്ടനിലെ നാച്ച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ പക്ഷി ശേഖരണത്തിന്റെ ക്യൂറേറ്ററും ബ്രിട്ടീഷ് ഓര്‍ണിത്തോളജിസ്റ്റ് ക്ലബ്ബിന്റെ സ്ഥാപകനുമായ റിച്ചാര്‍ഡ് ബൗഡ്ലര്‍ ഷാര്‍പ്പ് എന്നയാളില്‍ നിന്ന് ലഭിച്ച ഒരു മാതൃകയില്‍നിന്നാണ് 1872-ല്‍ പക്ഷിയെ ആദ്യമായി വിശദീകരിക്കുന്നത്. 

1870-കള്‍ മുതല്‍ ഈ പക്ഷിയെ വ്യക്തമായി ആരും കണ്ടിട്ടില്ല. ആകെയുണ്ടായിരുന്നത് ചില അവ്യക്തമായ ചിത്രങ്ങള്‍ മാത്രമാണ്. പിന്നീട് പലപ്പോഴും പലരും ഇതിനെ കണ്ടുവെന്നും മറ്റും പറയുകയല്ലാതെ സ്ഥിരീകരിക്കാന്‍ പാകത്തിലുള്ള തെളിവുകള്‍ ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ആഫ്രിക്കന്‍ പക്ഷിനിരീക്ഷകരുടെ ഇടയിലെ ഒരു അമൂല്യ വസ്തുവായി ഈ പക്ഷി മാറിയിരുന്നു.  2021 ഒക്ടോബര്‍ 16-നാണ് ഡോ. തോബിയാസും, ഡോ. വില്യംസും ഘാനയിലെ അറ്റേവ വനം സന്ദര്‍ശിച്ചതും മൂങ്ങയെ കണ്ടെത്തിയതും. 

"അതിന് നല്ല വലിപ്പമുണ്ടായിരുന്നു. ആദ്യം അതൊരു പരുന്താണെന്നാണ് ഞങ്ങള്‍ ധരിച്ചത്. താഴത്തുണ്ടായിരുന്ന മറ്റൊരു മരക്കൊമ്പിലേക്ക് മാറിയിരുന്നപ്പോള്‍ ഞങ്ങള്‍ ബൈനോകുലര്‍ വെച്ച് നോക്കി. ശരിക്കും ഞെട്ടിപ്പോയി. ആഫ്രിക്കയിലെ മഴക്കാടുകളില്‍ ഇത്രയും വലിയ മറ്റൊരു മൂങ്ങയെ കണ്ടിട്ടില്ല." 

പത്തോ പതിനഞ്ചോ സെക്കന്റ് നേരത്തേക്ക് മാത്രമാണ് മൂങ്ങയെ അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. അപ്പോഴേക്കും അതിന്റെ ചിത്രങ്ങള്‍ വ്യക്തമായി പകര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. കറുത്ത കണ്ണുകളും മഞ്ഞ കൊക്കും വലിയ രൂപവുമുള്ള ആ മൂങ്ങ  ഗവേഷകര്‍ ഇത്രയും കാലം തേടിക്കൊണ്ടിരുന്ന അത്യപൂര്‍വ പക്ഷിയാണെന്ന് തിരിച്ചറിയാല്‍ ആ ചിത്രങ്ങള്‍ തന്നെ ധാരാളമായിരുന്നു. 

എന്നാല്‍, ഇത്രയും വലിയ രൂപം വെച്ച് ആഫ്രിക്കന്‍ കാടുകളില്‍ ഇത്രയും കാലം മറഞ്ഞിരിക്കാന്‍ ഈ മൂങ്ങകള്‍ക്ക് എങ്ങനെ സാധിച്ചു എന്നത് ഗവേഷകരില്‍ ഒട്ടനവധി സംശയങ്ങള്‍ക്കാണിടയാക്കിയിരിക്കുന്നത്. എന്തായാലും പക്ഷി ഗവേഷകരെ സംബന്ധിച്ചിടത്തോളം ഏറെ ആവശവും സന്തോഷവും നല്‍കുന്ന വാര്‍ത്തയാണിത്. 

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ഗണത്തിലാണ് ഷെല്ലീസ് ഈഗിള്‍ ഔളിനെ പട്ടികപ്പെടുത്തിയിരിക്കുന്നത്. എന്തായാലും ഘാനയില്‍ ഇത് നിലനില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയത് പുതിയ പ്രതീക്ഷ നല്‍കുന്നു. 

നിയമവിരുദ്ധമായ മരം മുറിക്കലും ഖനനവും  അറ്റേവ വനമേഖലയില്‍ ഏറെ ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും ഉയര്‍ന്ന പ്രദേശങ്ങള്‍ ഇപ്പോഴും നിത്യഹരിത വനമേഖലയാണ്. ഫ്രണ്ട്‌സ് ഓഫ് അറ്റേവ പോലുള്ള പരിസ്ഥിതി ഗ്രൂപ്പുകള്‍ ഈ പ്രദേശത്തെ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്.

Content Highlights: Owl unseen for 150 years has been photographed for the first time