എല്ലാ വര്‍ഷവും മേയ് മാസത്തെയും ഒക്ടോബര്‍ മാസത്തെയും രണ്ടാം ശനിയാഴ്ചയാണ് ലോക ദേശാടനപ്പക്ഷിദിനം. ഈ വര്‍ഷത്തെ രണ്ടാം ദിനാചരണം ഒക്ടോബര്‍ 09-നാണ്


പ്രകൃതിയുടെ മഹാദ്ഭുതങ്ങളിലൊന്നാണ് പക്ഷികളുടെ ലോകപര്യടനം. അനുയോജ്യമായ കാലാവസ്ഥയും പ്രജനനത്തിനുള്ള സൗകര്യവും ഇടമുറിയാതെ ആഹാരവും തേടി പക്ഷികള്‍ കിലോമീറ്ററുകള്‍ താണ്ടുന്നു. ഋതുഭേദങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ഈ യാത്ര.

ദേശാടനംകൊണ്ട് പക്ഷികള്‍ക്കു മാത്രമല്ല ഗുണമുള്ളത്. അവയുടെ ജീവിതചക്രം പരിസ്ഥിതിയുടെ ജീവചക്രംതന്നെയാണ്. അതിന്റെ ഗുണഫലങ്ങള്‍ മനുഷ്യര്‍ക്കും ലഭിക്കുന്നുണ്ട്. ചിലപ്പോള്‍ ഇന്ത്യയിലെ കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്ന കീടങ്ങളെ യൂറോപ്പില്‍നിന്ന് വന്ന ദേശാടനപ്പക്ഷിയാകും ഭക്ഷണമാക്കിയിട്ടുണ്ടാവുക. മാത്രമല്ല, ദേശാടനപ്പക്ഷികളുടെ വരവ് കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള സൂചന നല്‍കുന്നതും കര്‍ഷകര്‍ക്ക് സഹായകമായേക്കാം. ഒരു മേഖലയില്‍ ടൂറിസം വികസിക്കുന്നതിനും ദേശാടനപ്പക്ഷികളുടെ വിരുന്നെത്തല്‍ കാരണമാകാം. സസ്യപരാഗണത്തിനും പക്ഷികളുടെ ഊരുചുറ്റല്‍ സഹായകമാണ്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

എന്നാല്‍, മുമ്പെങ്ങുമില്ലാത്തവിധം ദേശാടനം വെല്ലുവിളി നിറഞ്ഞതായിരിക്കുകയാണ് പക്ഷികള്‍ക്ക് ഇപ്പോള്‍. ആകാശം മുട്ടുന്ന കെട്ടിടങ്ങളും മറ്റും അവരുടെ സഞ്ചാരപഥത്തില്‍ തടസ്സമാകുന്നു. തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടുനികത്തുമ്പോള്‍ ദൂരങ്ങള്‍ താണ്ടിവരുന്ന പക്ഷികള്‍ക്ക് അവര്‍ അന്വേഷിച്ച ആവാസവ്യവസ്ഥ കണ്ടെത്താനാകാതെ പോകുന്നു. കീടങ്ങളെ കൊല്ലാന്‍ കൃഷിയിടങ്ങളില്‍ വിഷം തളിക്കുമ്പോള്‍ ദേശാടനപക്ഷികളും അതിന് ഇരയാകാറുണ്ട്. പ്ലാസ്റ്റിക് മാലിന്യം മൂലം വര്‍ഷംതോറും ഒമ്പതു ദശലക്ഷം ദേശാടനപ്പക്ഷികള്‍ ചത്തൊടുങ്ങുന്നുണ്ടെന്നാണ് കണക്ക്. മനുഷ്യര്‍ മനഃപൂര്‍വം വേട്ടയാടിയതുമൂലം ഭൂലോകത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെട്ട പക്ഷിവര്‍ഗങ്ങളും കുറവല്ല. ഇതിനെല്ലാത്തിനുമുപരിയാണ് രൂക്ഷമാകുന്ന കാലാവസ്ഥാവ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍.

ഇന്ത്യയില്‍ ഓരോ വര്‍ഷവും 29 രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികള്‍ വിരുന്നെത്തുന്നുണ്ടെന്നാണ് കണക്ക്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് ഇവയുടെ സാന്നിധ്യം കണ്ടുതുടങ്ങുക. രാജ്യത്ത് 1349 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പ്രാദേശികമായി 78 എണ്ണവും ആഗോള തലത്തില്‍ 212 എണ്ണവും വംശനാശ ഭീഷണി നേരിടുന്നവയാണ്. കേരളത്തില്‍ 537 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുള്ളതില്‍ നാല്പതു ശതമാനവും ഇവിടത്തെ സ്ഥിരവാസികളല്ല.

arctic tern bird
By Diliff - Own work, CC BY 2.5,
https://commons.wikimedia.org/w/index.php?curid=1385514

ആര്‍ട്ടിക് ടേണ്‍

നാടോടികളിലെ അദ്ഭുതം എന്ന് ഈ കുഞ്ഞന്‍ കടല്‍പ്പക്ഷിയെ വിശേഷിപ്പിക്കാം.ഉത്തരധ്രുവത്തില്‍നിന്ന് ദക്ഷിണധ്രുവത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ദേശാടനപ്പക്ഷി. ആര്‍ട്ടിക് മേഖലയിലാണ് ഇവ പ്രജനനം നടത്തുക. തുടര്‍ന്ന് അന്റാര്‍ട്ടിക്കയിലേക്ക് പറക്കും. തിരിച്ച് സ്വദേശത്തേക്കും. ഇത്തരത്തില്‍ 60,000 മുതല്‍ 80,000 വരെ കിലോമീറ്ററുകളാണ് ആര്‍ട്ടിക് ടേണ്‍ ഓരോ വര്‍ഷവും യാത്ര ചെയ്യുക.

bar headed goose
 By Jamumiwa - Own work, CC BY-SA 4.0,
https://commons.wikimedia.org/w/index.php?curid=34366246

ബാര്‍ ഹെഡഡ് ഗൂസ്

കാട്ടുതാറാവ് എന്നാണ് നമുക്ക് ഇതിനെ പരിചയം. കണ്ടാല്‍ താറാവിനെപ്പോലെയാണെങ്കിലും ഇതിന് പറക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. എന്നുമാത്രമല്ല, ഏറ്റവും ഉയരത്തില്‍ പറക്കാനാകും എന്നതാണ് ഇതിന്റെ സവിശേഷതതന്നെ. മംഗോളിയയില്‍നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന ഈ പക്ഷികള്‍ക്ക് ഹിമാലയത്തിന്റെ തലപ്പൊക്കമൊന്നും പ്രശ്‌നമേയല്ല. സമുദ്രനിരപ്പില്‍ നിന്ന് 7000 മീറ്റര്‍വരെ ഉയര്‍ന്നുപറക്കാന്‍ ശേഷിയുള്ള ഇവയ്ക്ക് ഓക്‌സിജന്‍ ക്ഷാമത്തെ അതിജീവിക്കാനുള്ള ശേഷിയുമുണ്ട്.

Peregrine falcon
By Christopher Watson, wikipedia | https://creativecommons.org

പെരെഗ്രിന്‍ ഫാല്‍ക്കന്‍

ദൂരത്തിന്റെയും ഉയരത്തിന്റെയും റെക്കോഡ് മറ്റുള്ളവര്‍ കൊണ്ടുപോയാല്‍ വേഗത്തിന്റെ കാര്യത്തിലാണ് പെരെഗ്രിന്‍ ഫാല്‍ക്കന്‍ മത്സരിക്കാനുള്ളത്. വായുവിലൂടെ ചിറകനക്കാതെ ഏറ്റവും വേഗത്തില്‍ ഊളിയിടാന്‍ സാധിക്കുന്ന പക്ഷിയാണിത്. ഇരയെപ്പിടിക്കാന്‍വേണ്ടി ഇങ്ങനെ നിശ്ശബ്ദം കുതിക്കുമ്പോള്‍ ഇവയുടെ വേഗം മണിക്കൂറില്‍ 390 കിലോമീറ്റര്‍വരെ റെക്കോഡ് ചെയ്തിട്ടുണ്ട്. സ്‌കാന്‍ഡിനേവിയയില്‍നിന്ന് സഹാറ മേഖലയിലേക്ക് 6800 കിലോമീറ്ററോളം ഈ പക്ഷി ദേശാടനം നടത്തും.

great snipe
By Thho46 - Own work, CC0,
https://commons.wikimedia.org/w/index.php?curid=26628597

ഗ്രേറ്റ് സ്നൈപ്പ്

വേഗത്തിന്റെ കാര്യത്തില്‍ ആരൊക്കെ മത്സരിച്ചാലും അവസാനം റിബ്ബണ്‍ മുറിക്കാന്‍ പോകുന്നത് ഗ്രേറ്റ് സ്‌നൈപ്പാണ്. അടുത്തിടെ നടത്തിയ പഠനത്തില്‍ മനസ്സിലായത് സ്വീഡനില്‍ നിന്ന് സബ്സഹാറന്‍ ആഫ്രിക്കയിലേക്ക് യൂറോപ്പിലൂടെ ഭൂഖണ്ഡാന്തര യാത്ര നടത്താന്‍ ഈ പക്ഷിക്ക് വെറും രണ്ടുദിവസം മതിയെന്നാണ്. 6,760 കിലോമീറ്റര്‍ ഗ്രേറ്റ് സ്‌നൈപ്പ് ഒരു വര്‍ഷം ശരാശരി യാത്രചെയ്യും. അതും മണിക്കൂറില്‍ ശരാശരി 97 കിലോമീറ്റര്‍ വേഗത്തില്‍.

Bar-tailed godwit
By Andreas Trepte - Own work, CC BY-SA 2.5,
https://commons.wikimedia.org/w/index.php?curid=15764240

ബാര്‍ ടെയില്‍ഡ് ഗോഡ്വിറ്റ്

ഉറക്കം വേണ്ടാ. തിന്നാനും കുടിക്കാനും ഒന്നും കിട്ടിയില്ലെങ്കിലും സാരമില്ല. കഠിനാധ്വാനിയായ ഈ പക്ഷിക്കാണ് നിര്‍ത്താതെ ദീര്‍ഘദൂരം പറന്നതിനുള്ള റെക്കോഡ്. അലാസ്‌കയില്‍നിന്ന് ന്യൂസീലന്‍ഡിലേക്ക് 11 ദിവസംകൊണ്ട് 12,000 കിലോമീറ്ററാണ് യാതൊരു വിശ്രമവുമില്ലാതെ ബാര്‍ ടെയില്‍ഡ് ഗോഡ്വിറ്റ് പറന്നത്.