അഹമ്മദാബാദ് : ''സിംഹങ്ങള്‍ സമാധാനമായും ഏകാന്തമായും കഴിയട്ടെ. നിങ്ങള്‍ എന്തിനാണ് അവരെ പീഡിപ്പിക്കുന്നത്...''- ഗുജറാത്ത് സര്‍ക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം. ഗിര്‍വനത്തിലെ ഗിര്‍നാറില്‍ പുതിയ വിനോദസഞ്ചാരമേഖല തുറക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇവിടെ ടൂറിസം നിയന്ത്രിക്കുന്നതിനുള്ള വ്യക്തമായ മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു.

ഏഷ്യന്‍ സിംഹങ്ങളുടെ ആവാസകേന്ദ്രമായ ഗിറില്‍ കൂടുതല്‍ സഫാരികള്‍ ആരംഭിക്കുന്നതിനെതിരേയാണ് ഒരു സന്നദ്ധസംഘടന കോടതിയെ സമീപിച്ചത്. ഹര്‍ജി അനുഭാവത്തോടെ പരിഗണിച്ച ഡിവിഷന്‍ബെഞ്ച് മൃഗങ്ങളുടെ സൈ്വരം നശിപ്പിക്കുന്നതിനെ വിമര്‍ശിച്ചു. പശുവിനെ തീറ്റയായി നല്‍കി സിംഹത്തെ ആകര്‍ഷിച്ച വാര്‍ത്തയും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികള്‍ കാട്ടില്‍ ഇരതേടാനുള്ള അവരുടെ താത്പര്യം ഇല്ലാതാക്കും. സിംഹങ്ങള്‍ വളര്‍ത്തുമൃഗങ്ങളെയും മനുഷ്യരെയും വേട്ടയാടാനും ഇടയാകും. ഇപ്പോള്‍ത്തന്നെ അവ പട്ടണങ്ങളില്‍ ഇറങ്ങിത്തുടങ്ങി -കോടതി ചൂണ്ടിക്കാട്ടി.

ഇരതേടാന്‍ ശേഷിയില്ലാത്ത സിംഹങ്ങളെയാണ് സഫാരിയുടെ വഴിയില്‍ അനുവദിക്കുന്നതെന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. ''അവയെ കാട്ടിലേക്ക് വിടുകയാണ് വേണ്ടത്. സിംഹങ്ങളെ കാണേണ്ടവര്‍ മൃഗശാലയില്‍ പോകട്ടെ. മനുഷ്യരുടെ ഇടപെടല്‍ പരമാവധി കുറയ്ക്കണം. വിവിധരാജ്യങ്ങളിലെ രീതി പരിശോധിച്ച് സമഗ്രമായ ഒരു പദ്ധതി സമര്‍പ്പിക്കണം. അല്ലെങ്കില്‍ കോടതിതന്നെ അത് തയ്യാറാക്കേണ്ടിവരും...'' ജസ്റ്റിസ് ജെ.ബി. പര്‍ഡിവാലയും നിരാല്‍മേത്തയും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

content highlights: Lion Safaris In Gir Should Reduce Human-animal Interaction, says Gujrath highcourt