കാടു കുലുക്കിയാണ് കരിമലപോലുള്ള കൊമ്പന്‍. പക്ഷെ ഭയപ്പെടേണ്ട. ആളുകളെ കണ്ടാല്‍ തിരിഞ്ഞു പോകും. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്ലകാലമാണ്. ചിലപ്പോള്‍ കരിമല നിശ്ശബ്ദനായി നിന്നു കൊടുക്കും.

കെനിയയിലെ അംബോസെലി വന്യമൃഗ സങ്കേതമാണിത്. അവിടെ നല്ലകാലം ഒരു മലയാളിക്ക് കൈവന്നു. ദിലീപ് അന്തിക്കാടിന്. ഒരു ഒറ്റയാന്‍ കൊമ്പനെ ക്യാമറയില്‍ പകര്‍ത്തിയ നിമിഷം ദിലീപ് കോരിത്തരിച്ചുപോയി. ഭീമാകാരനായ ഒരുവന്‍. 12 അടി വരെ പൊക്കമുണ്ട്. കൂര്‍ത്ത, ഭയപ്പെടുത്തുന്ന കൊമ്പുകള്‍. പക്ഷെ ചിത്രം എടുക്കുന്നതില്‍ കൊമ്പന് പ്രതിഷേധമില്ലായിരുന്നു. ദിലീപിനെ കണ്ട ഭാവമില്ല. ഏതാനും പോസുകള്‍ അദ്ദേഹം പകര്‍ത്തി.

Elephant
അംബോസെലി ദേശിയോദ്യാനത്തിലെ കൊമ്പനാന | ഫോട്ടോ: ദിലീപ് അന്തിക്കാട്

അതു കഴിഞ്ഞപ്പോള്‍ ഒരു ഗജമേളയുടെ പ്രതീതിയോടെ ആനക്കൂട്ടം നിരന്നു. അവരെ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ നിറഞ്ഞ സംതൃപ്തി.

ഫ്രണ്ട്സ് ഓഫ് റൈനോ എന്ന പ്രകൃതി സംരക്ഷണ സംഘടനയുമായി പ്രവര്‍ത്തിക്കുന്ന ദിലീപ് ദോഹയില്‍ ജോലി നോക്കുന്നു. സങ്കേതത്തിലൂടെ തലങ്ങും വിലങ്ങും സഞ്ചരിക്കാന്‍ അസുലഭഭാഗ്യം കൈവരിച്ച മലയാളി. നിരവധി സിംഹങ്ങളെയും ചീറ്റപ്പുലികളെയും ക്യാമറയില്‍ പകര്‍ത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നേരത്തേ മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: Large elephant in Amboseli National Park, Kenya