കച്ച്: മരുഭൂമിയുടെ കൊടുംചൂടില്‍ ശാന്തമായി നടന്ന് പോവുന്ന രുപം അതാണ് ഒട്ടകം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയിലേക്ക് എത്തുക. എന്നാല്‍ ഇവയില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണ് ഖരായ് വര്‍ഗത്തിലെ ഒട്ടകങ്ങളുടെ ഭക്ഷണം തേടിയുള്ള യാത്ര. ഗുജറാത്തിലെ കച്ചില്‍ ഉപ്പിന്റെ അംശമുള്ള ചതുപ്പുനിലങ്ങളില്‍ കാണപ്പെടുന്ന ഇവ കടലിലൂടെ ദീര്‍ഘദൂരം നീന്തിയാണ് മേയാനായി കണ്ടല്‍കാടുകളില്‍ എത്തുന്നത്. കടലിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളിലൂടെ കിലോമീറ്ററുകൾ നീന്തി യാത്രചെയ്താണ് ഇവ ഭക്ഷിക്കാനുള്ള വക കണ്ടെത്തുന്നത്. ഇന്നിവ വംശനാശത്തിന്റെ വക്കിലാണ്. ഈ പ്രദേശത്തെ ഉപ്പ് നിര്‍മ്മാതക്കള്‍ ചെയ്യുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ ഇവയുടെ മേച്ചില്‍ പുറങ്ങളെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്.

ഭക്ഷണത്തിനായി പരിപൂർണ്ണമായും കണ്ടല്‍കാടുകളെ ആശ്രയിക്കുന്നവരാണിവർ. വേലിയേറ്റ സമയത്ത് കയറുന്ന വെള്ളത്തെ ഉപ്പ് നിര്‍മ്മാതക്കള്‍ അനധികൃതമായി പിടിച്ചു നിര്‍ത്തുന്നത് കണ്ടല്‍കാടുകളെ നാശത്തിലേക്ക് നയിച്ചിരിക്കുകയാണ്. വെള്ളം എത്താതെ കണ്ടൽക്കാടുകൾ നശിക്കാൻ തുടങ്ങിയതോടെ ഇതിനെ ആശ്രയിക്കുന്ന ഒട്ടകങ്ങളും ദുരിതത്തിലായി.

ഒട്ടകങ്ങളെ വളര്‍ത്തി ഉപജീവനം നടത്തുന്ന ഒരുവലിയ വിഭാഗം തന്നെ ഇവിടുണ്ട്. കണ്ടല്‍കാടുകളുടെ നാശം കാരണം ഒട്ടകങ്ങള്‍ക്ക് ഭക്ഷണം ലഭിക്കാനായി കിലോമീറ്ററുകളോളം യാത്ര ചെയ്യുകയാണ് ഒട്ടകങ്ങളും അവയെ മേക്കുന്നവരും. ഉപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണില്‍ ഇട്ടിരിക്കുന്ന വൈദ്യുത വയറിലൂടെ ഷോക്കേറ്റും ഭക്ഷണമില്ലാതെയും നിരവധി ഒട്ടകങ്ങള്‍ ചത്തു വീഴുന്നുവെന്നും ഇടയന്‍മാര്‍ പറയുന്നു.

കണ്ടല്‍കാടുകള്‍ സംരക്ഷിക്കുക എന്നതാണ് പ്രദേശവാസികളുടെ സര്‍ക്കാരിനോടുള്ള ആവശ്യം. വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍ അപൂര്‍വ ഇനമായ ഖരായ് ഒട്ടകങ്ങള്‍ ഓര്‍മ്മയാവും.

അവലംബം: BBC

Content Highlights: kharai camels in gujarath under threat