snakeപാമ്പറിവുകൾ PART 2- പാമ്പുപേടി നമ്മുടെ ചോരയിലലിഞ്ഞുപോയ പേടിയാണ്. എന്നുവെച്ചാല്‍ ജീനുകളിലുള്ള പേടി. അതുകൊണ്ടാണ് നമ്മള്‍ സ്വപ്നം കാണുമ്പോള്‍ ഇടയ്‌ക്കെല്ലാം പാമ്പുകളെ സ്വപ്നം കാണുന്നത്.  ജനിതകത്തിലെ പാമ്പുപേടിയെ കുറിച്ച് വായിക്കാം

മനുഷ്യപരിണാമചരിത്രത്തിന്റെ ആദ്യകാലത്തെന്നോ നമ്മള്‍ മരങ്ങള്‍ക്ക് മുകളിലായിരുന്നത്രെ താമസം. ഉയരമുള്ള ഒരിടത്ത് താമസിക്കുന്നവര്‍ക്ക് വളരെ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു പേടിയാണ് താഴേക്ക് വീഴുമോ എന്നുള്ളത്. അടുത്ത പേടി വല്ലപ്പോഴും മരത്തില്‍ നിന്ന് ഇറങ്ങി താഴെ വരുമ്പോള്‍ പുല്ലിനിടയിലും ഉണങ്ങിയ ഇലകള്‍ക്കിടയിലുമൊക്കെ മറഞ്ഞു കിടക്കുന്ന വള്ളിപോലുള്ള മരണം - പാമ്പ്- അതിനെക്കുറിച്ച് ഉള്ളതാണ്. ആ രണ്ടുപേടിയും ആ കാലത്തുനിന്ന് പാരമ്പര്യമായി പരിണാമത്തിലൂടെ നമ്മളില്‍ എത്തിയതുകൊണ്ടാണ് നമ്മള്‍ ഉയരത്തില്‍ നിന്ന് താഴേക്കുള്ള വീഴ്ചയും പിന്നെ പാമ്പു കടിക്കാന്‍ വരുന്നതും നമ്മുടെ സ്വപ്നങ്ങളില്‍ ഇപ്പോഴും ആവര്‍ത്തിച്ചുകാണാറുള്ളതെന്ന് കാള്‍ സാഗന്‍ എന്ന ശാസ്ത്രജ്ഞന്‍ പറയുന്നു.

അങ്ങനെ ഉള്ളിലുറഞ്ഞുപോയ പേടിയായതു കൊണ്ടാണ് നമ്മള്‍ പാമ്പിനെ കാണുമ്പോള്‍ ഞെട്ടിപ്പോകുന്നത്, പേടിച്ചോടുന്നത്, അല്ലെങ്കില്‍ അതിനെ അടിച്ചു കൊല്ലുന്നത്. കൊന്നിട്ടും പേടി തീരാഞ്ഞിട്ടാണ് അതിനെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുന്നത്. ആ പേടി നമുക്ക് പെട്ടെന്ന് മാറ്റിയെടുക്കാന്‍ കഴിയില്ല. പേടി കുറയ്ക്കാനുള്ള ഒരേയൊരു മരുന്ന് അവയെക്കുറിച്ച് കൂടുതല്‍ അറിയുക എന്നുള്ളത് മാത്രമാണ്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഇരുട്ടില്‍ ഒരു നിഴലനങ്ങിയാല്‍ അതിന്റെ പേടി അത് എന്താണെന്ന് അറിയുന്നതു വരെയേ നിലനില്ക്കൂ. വളര്‍ന്നു നില്‍ക്കുന്ന പുല്ലിനിടയില്‍ ഒരനക്കം കണ്ടാല്‍ ഉണ്ടാകുന്ന പേടി, അതെന്താണെന്ന് മനസ്സിലാകുന്നതു വരെയേ ഉണ്ടാകൂ. അതുപോലെ, എന്താണു പാമ്പെന്നറിഞ്ഞാല്‍ ആ പേടി ഒട്ടൊന്നു കുറഞ്ഞു കിട്ടും.

പാമ്പുകള്‍ മനുഷ്യനെക്കാള്‍ പഴയവരാണ്, ജനിതകപരമായി പ്രായക്കൂടുതലുള്ളവർ

പതിനായിരക്കണക്കിനു വര്‍ഷങ്ങളിലൂടെയുള്ള നിരന്തരമായ പരിണാമത്തിന്റെ ഫലമായി പാമ്പുകളുടെ ശരീരം മാളത്തിനുള്ളിലെ ജീവിതത്തിന് യോജിക്കുന്ന തരത്തില്‍ മെല്ലെമെല്ലെ രൂപപ്പെട്ടു വന്നു.
മാളത്തിനുള്ളില്‍ ഇഴഞ്ഞുകയറുമ്പോള്‍ തടസ്സമാവാനിടയുള്ള, പുറത്തേക്കു നീണ്ടുനില്ക്കുന്ന അവയവങ്ങളെല്ലാം ഇല്ലാതായി. മാളത്തില്‍ നിന്ന് കണ്ണിനുള്ളില്‍ മണ്ണ് വീഴാതിരിക്കാന്‍ സ്ഥിരമായി കണ്ണട ഉപയോഗിക്കാന്‍ തുടങ്ങി. ( പാമ്പിന്റെ കണ്ണിനു പുറമേ ചില്ലുപോലെ സുതാര്യമായ ഒരു ആവരണമുണ്ട്. ബ്രില്‍ എന്നാണ് ഇതിന്റെ പേര് ) മാളങ്ങളില്‍ ഇഴഞ്ഞുകയറുമ്പോള്‍ വശങ്ങളിലൊക്കെ തട്ടിയും ഉള്ളിലേക്കു മണ്ണ് വീണും അപകടങ്ങളുണ്ടാകാതിരിക്കാന്‍, ബാഹ്യകര്‍ണ്ണങ്ങള്‍ ഇല്ലാതായി. മാളത്തിനുള്ളിലെ ഇരുട്ടില്‍ കണ്ണിന്റെ കാഴ്ചയേക്കാള്‍ പ്രാധാന്യം മണത്തിനായതുകൊണ്ട് മണംപിടിക്കാനുള്ള കഴിവ് കൂടുകയും കാണാനുള്ള കഴിവ് ഒട്ടൊന്നു കുറയുകയും ചെയ്തു.

ഇടുങ്ങിയ മാളത്തിനുള്ളിലേക്കും പുറത്തേക്കും ഇഴയുമ്പോള്‍ മണ്ണിലുരഞ്ഞു കേടുപാടുകള്‍ വരാതിരിക്കാന്‍ നമ്മുടെ നഖങ്ങള്‍ പോലെ കട്ടിയുള്ള, മിനുസമേറിയ പുറംശല്കങ്ങള്‍ രൂപപ്പെട്ടു.( നമ്മുടെ നഖവും മുടിയുമൊക്കെ രൂപപ്പെട്ടിരിക്കുന്ന അതേ പ്രോട്ടീന്‍ കൊണ്ടാണ് - കെരാറ്റിന്‍- പാമ്പുകളുടെ പുറംശല്കങ്ങളും രൂപപ്പെട്ടിരിക്കുന്നത്).

snake
മൂന്നാർ ടൗണിൽനിന്ന്‌ മൃദുലാമുരളി പകർത്തിയ മഴവിൽ പാമ്പിന്റെ ചിത്രം

ജലനഷ്ടം കുറയ്ക്കാന്‍ വേണ്ടി, മൂത്രമില്ലാതായി

ശരീരത്തിന്റെ ബാഹ്യഭാഗങ്ങള്‍ക്ക് മാളത്തില്‍ ജീവിക്കാന്‍ അനുയോജ്യമായ അനുകൂലനങ്ങള്‍ രൂപപ്പെട്ടു വന്നതുപോലെ ആന്തരികാവയവങ്ങള്‍ക്കുമുണ്ടായി മാറ്റങ്ങള്‍. ആന്തരികാവയവങ്ങള്‍ മുഴുവന്‍, നീളമുള്ള ഒരു മാംസക്കുഴലിനുള്ളില്‍ ഒതുങ്ങാന്‍ പാകത്തില്‍ മെലിഞ്ഞു നീണ്ടു.ഇടതു ശ്വാസകോശം ചുരുങ്ങിച്ചെറുതാകുകയും വലതു ശ്വാസകോശം ഏകദേശം വാലിന്റെ തുടക്കം വരെ നീണ്ടു വളരുകയും ചെയ്തു. കരളും വൃക്കയുമൊക്കെ കുഴല്‍ പോലെയായി. വായയേക്കാള്‍ വലിയ ഇരയെ വിഴുങ്ങാന്‍ വേണ്ടി മേല്‍ത്താടിയും കീഴ്ത്താടിയും തമ്മില്‍ വായുടെ പിന്നറ്റത്തുള്ള കൊളുത്തിപ്പിടുത്തം ഇല്ലാതായി.

snakeവലിയ ഇരയെ വായിലാക്കുമ്പോള്‍ ശ്വാസം മുട്ടാതിരിക്കാന്‍ നാവിനടിയിലുള്ള ഗ്‌ളോട്ടിസ് എന്ന കുഴലിലൂടെ ശ്വസിക്കാനുള്ള സംവിധാനമുണ്ടായി.കുടിവെള്ളം കിട്ടാന്‍ പ്രയാസപ്പെട്ടേക്കാമെന്നതുകൊണ്ട് ശരീരത്തിലെ ജലനഷ്ടം കുറയ്ക്കാന്‍ വേണ്ടി, മൂത്രമില്ലാതായി

ഇരയെയും ഇണയെയും അറിയുക, ശത്രുക്കളെ ഭയപ്പെടുത്തുക, കൂടെയുള്ള മറ്റംഗങ്ങളോട് ഇടത്തിനു വേണ്ടിയോ ഇണയ്ക്കു വേണ്ടിയോ മത്സരിക്കുക, മറ്റുള്ളവരേക്കാള്‍ ശക്തി തനിക്കാണ് എന്ന് അവരെ ബോദ്ധ്യപ്പെടുത്തുക ഇത്രയൊക്കെയേയുള്ളു ഒരു പാമ്പിന്റെ അടിസ്ഥാന ആവശ്യങ്ങള്‍. അതുകൊണ്ട് തന്നെ അവയുടെ തലച്ചോറ് ആ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായതിനപ്പുറത്തേയ്ക്ക് വളര്‍ന്നുമില്ല. 

ഇരയെയും ഇണയേയും നാവുനീട്ടി മണംപിടിച്ച് പാമ്പറിയും. ശത്രുക്കളെ ഫണം വിരിച്ചോ, തലയുയര്‍ത്തിയോ ചീറ്റിയോ ചാടിക്കടിക്കാനാഞ്ഞോ ഭയപ്പെടുത്തും. കൂടെയുള്ള മറ്റംഗങ്ങളോട് പലപ്പോഴും ഇണയ്‌ക്കോ ഇടത്തിനോ വേണ്ടി പ്രവിശ്യായുദ്ധങ്ങളില്‍ ( ഇതിനെയാണ് നാം പലപ്പോഴും പാമ്പുകളുടെ ഇണചേരല്‍ എന്ന് വിളിക്കുന്നത്) ഏര്‍പ്പെടും. ഈ യുദ്ധങ്ങള്‍ എപ്പോഴും വെറും ആചാരപരമായ യുദ്ധങ്ങള്‍ ആയിരിക്കുകയും ചെയ്യും. ( എതിരാളിയെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാറില്ല. തോല്‍വി സമ്മതിക്കുന്ന ആള്‍ മറ്റൊരു സ്ഥലത്തേക്ക് താമസം മാറും. വളരെ വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരം ശക്തിപരീക്ഷണങ്ങളില്‍ മരണമുണ്ടാവാറുള്ളു.)

snakeപാമ്പിന്റെ തലച്ചോര്‍ വളര്‍ച്ച 

പരിണാമത്തില്‍ മനുഷ്യനു മുന്നേ ഉണ്ടായ ഇത്തരം ജീവികളുടെ തലച്ചോറിന്റെ അവശിഷ്ടങ്ങള്‍ നമ്മുടെ തലച്ചോറില്‍ ഇപ്പോഴും ബാക്കിയുണ്ടെന്നാണ് ഡോക്ടര്‍ പോള്‍ മക്ലീനെപ്പോലെയുള്ള ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. മക്ലീന്റെ  കണ്ടെത്തല്‍ പ്രകാരം മനുഷ്യമസ്തിഷ്‌കത്തിന് മൂന്നടരുകളുണ്ട്. ഏറ്റവും ഉള്ളില്‍ ഉരഗമസ്തിഷ്‌കം, അതിനു പുറമേ മൃഗമസ്തിഷ്‌കം, അതിനും പുറമേ നവമസ്തിഷ്‌കം. ഇങ്ങനെ ഏറ്റവും ഉള്ളിലുള്ള ആ ഉരഗമസ്തിഷ്‌കമാണത്രെ ഇന്നും ആള്‍ക്കാരെക്കൊണ്ട് വഴക്കുണ്ടാക്കിപ്പിക്കുന്നത്. ചടങ്ങുകളും ആചാരങ്ങളും ചെയ്യിപ്പിക്കുന്നത്.ഭക്ഷണത്തിന്റെയും ഇണയുടെയും മണം ആസ്വദിപ്പിക്കുന്നത്.

അതായത്, ഒരേ ബെഞ്ചില്‍ അടുത്തിരിക്കുന്നവനെ തിക്കി താഴെയിടാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതും അവര്‍ക്ക് ഇഷ്ടമുള്ള ഒരാണ്‍കുട്ടിക്കോ പെണ്‍കുട്ടിക്കോ വേണ്ടി വഴക്കുണ്ടാക്കിപ്പിക്കുന്നതും, ക്‌ളാസ്സ് ലീഡറാകാന്‍ ആഗ്രഹിപ്പിക്കുന്നതും ക്‌ളാസ്സില്‍ ഒരദ്ധ്യാപകനോ അദ്ധ്യാപികയോ കടന്നുവരുമ്പോള്‍ എഴുന്നേറ്റു നില്ക്കാന്‍ പ്രേരിപ്പിക്കുന്നതും, വിദ്യാലയങ്ങളില്‍ പ്രാര്‍ത്ഥനയോ ദേശീയഗാനമോ പാടിപ്പിക്കുന്നതും..അതെല്ലാം ചെയ്യിക്കുന്നത് ആ ഉരഗമസ്തിഷ്‌കത്തിന്റെ ഉള്ളില്‍ നിന്നിഴഞ്ഞിറങ്ങുന്ന ചോദനകളാണ്. കെരാറ്റിനൈസ്ഡ് ചോദനകള്‍ .