ലതൂങ്ങിക്കിടക്കുന്ന വവ്വാലുകള്‍ കാഷ്ഠിക്കുന്നതും പ്രസവിക്കുന്നതെങ്ങനെയെന്നും ചിന്തിച്ചിട്ടുണ്ടോ. മനസ്സിലാക്കുന്തോറും നമ്മെ അത്ഭുതപ്പെടുത്തുന്ന ജീവികളാണ് വവ്വാലുകള്‍. ഏതു സമയത്ത്  ഇണ ചേര്‍ന്നാലും കുഞ്ഞുങ്ങള്‍ക്ക് നന്നായി ഭക്ഷണം കിട്ടുന്ന കാലത്തേക്ക് പ്രസവം മാറ്റിവെക്കാന്‍ കഴിയുന്ന സവിശേഷതകളുള്ളവരാണ് പെണ്‍ വവ്വാലുകള്‍.

ബീജം ഉള്ളില്‍ സൂക്ഷിച്ച് വെച്ച് അണ്ഡവുമായി ചേരുന്നത് തടഞ്ഞോ, ബീജ സങ്കലനം കഴിഞ്ഞാലും അണ്ഡ നാളികളില്‍ തന്നെ നിലനിര്‍ത്തിയോ, സിക്താണ്ഡത്തിന്റെ വളര്‍ച്ച നിയന്ത്രിച്ചോ ഒക്കെ പ്രസവം ഇഷ്ടമുള്ള കാലത്തേക്ക് പ്ലാന്‍ ചെയ്യാന്‍ ഇവര്‍ക്ക് കഴിയും.  ഒരു വര്‍ഷം ഒരു കുഞ്ഞു മാത്രമേ ഉണ്ടാകുകയുള്ളു. ലക്ഷക്കണക്കിന് വവ്വാല്‍ കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് തന്റെ കുഞ്ഞിനെ അമ്മ വവ്വാല്‍ പ്രത്യേക ശബദവും മണവും ഉപയോഗിച്ചാണ് ഇരുളില്‍ തിരിച്ചറിഞ്ഞ് മുലയൂട്ടുക.

വിശ്രമ സമയം നിലത്ത് നില്‍ക്കാന്‍ കഴിവുള്ളവരല്ല വവ്വാലുകള്‍.  പരിണാമപരമായി നടക്കാനുള്ള ആവശ്യത്തിനായി പരിണമിച്ചവ അല്ലാത്തതിനാല്‍ ശോഷിച്ചതും ശരീരത്തെ താങ്ങാന്‍ കരുത്ത് ഇല്ലാത്തതുമാണ വവ്വാലിന്റെ പിങ്കാലുകള്‍. അതിനാലാണ് പറക്കാത്ത സമയമത്രയും ശീര്‍ഷാസനത്തില്‍ തന്നെ തുടരേണ്ടി വരുന്നത്. 

തൂങ്ങിക്കിടപ്പില്‍ ഇവ വിസര്‍ജ്ജിക്കുമ്പോള്‍ ശരീരത്തിലാകാത്ത വിധം  ഒരു നിമിഷം ശീര്‍ഷാസനം  നിര്‍ത്തി കാല്‍ കൊളുത്തിന് പകരം കൈ കൊണ്ട് കൊളുത്തി ഗുദ ദ്വാരം താഴോട്ട് വരും വിധം ഞാഴ്ന്ന് കിടക്കും -   കാര്യം കഴിഞ്ഞാല്‍ വീണ്ടും പഴയ ശീര്‍ഷാസനം തുടരും . മൂത്രമൊഴിക്കുന്നതും ഇതുപോലെ തന്നെ.  പ്രസവിക്കുമ്പോഴും തലകുത്തിക്കിടപ്പ് പരിഷ്‌കരിക്കും. ദേഹത്ത് ഗര്‍ഭാശയ  ദ്രവങ്ങളും  രക്തവും ആകാതെ നോക്കാനും കുഞ്ഞുങ്ങള്‍ താഴെ വീഴാതെ കാക്കാനും ഇവര്‍ക്ക് അറിയാം.

എല്ലാ വവ്വാലുകള്‍ക്കും  കാഴ്ചശക്തി  വളരെ കുറവാണെന്നും അവയെല്ലാം  ശബ്ദപ്രതിധ്വനി മാത്രം ഉപയോഗിച്ചാണ് സഞ്ചരിക്കുന്നതെന്നും പലര്‍ക്കും  ഒരു തെറ്റിദ്ധാരണ ഉണ്ട്.  പഴം കഴിച്ച് ജീവിക്കുന്ന മെഗ ബാറ്റുകളില്‍ ഒരു സ്പീഷിസ് ഒഴിച്ച് ബാക്കിയെല്ലാത്തിനും നല്ല കാഴ്ചശക്തിയുണ്ട്.  കണ്ണും മണമറിയാനുള്ള കഴിവും ഒക്കെ ഉപയോഗിച്ചാണ് അവ ഭക്ഷണം കണ്ടെത്തുന്നത്. എന്നാല്‍ പ്രാണി പിടിയന്മാരായ കുഞ്ഞന്‍ ഇനങ്ങള്‍  കാഴ്ച ശക്തി കുറഞ്ഞവരാണ്. ശബ്ദ പ്രതിധ്വനി തന്ത്രം ഉപയോഗിച്ചാണിവര്‍ ഇരതേടുന്നതും സഞ്ചാരവഴിയിലെ തടസങ്ങള്‍ അറിഞ്ഞ് ഒഴിഞ്ഞ്മാറി പറക്കുന്നതും. സഞ്ചാര പാതകളിലെ തടസങ്ങള്‍ ഉയര്‍ന്ന ആവൃതിയിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കി അവയുടെ പ്രതിധ്വനികള്‍ വിശകലനം ചെയ്ത് നിമിഷാര്‍ദ്ധം കൊണ്ട് തിരിച്ചറിയാന്‍  ഇവര്‍ക്ക് കഴിയും.  പാറിക്കളിക്കുന്ന  കുഞ്ഞ് പ്രാണികളെയും ജീവികളേയും കൃത്യമായി കണ്ടെത്തി തിന്നാന്‍ ഇരുളിലും  പ്രാണിപ്പിടിയന്‍ വാവലുകള്‍ക്ക് ഈ സൂത്രവിദ്യകൊണ്ട് കഴിയും. രാത്രിയിലെ വേഗ സഞ്ചാരത്തിനിടയില്‍ മുന്നിലെ തടസങ്ങള്‍ തിരിച്ചറിഞ്ഞ് പരിക്ക് പറ്റാതെ പറക്കാന്‍ സഹായിക്കുന്നതും ഇക്കോ ലോക്കേഷന്‍ പരിപാടികൊണ്ടാണ്. മഴയത്ത് പറന്ന് ഇരപിടിക്കാന്‍ ഇവര്‍ക്ക് വിഷമമാണ്. മഴത്തുള്ളികളില്‍ തട്ടി ശബ്ദപ്രതിധ്വനി വിവരങ്ങള്‍ ആകെ കുഴഞ്ഞുപോകും.

വവ്വാലുകളുടെ കൗതുകരമായ മറ്റ് സവിശേഷതകളെ കുറിച്ച് കൂടുതല്‍ വായിക്കാം- 

Reference : വിജയകുമാർ ബ്ലാത്തൂരിന്റെ "ബന്ധുക്കൾ മിത്രങ്ങൾ" കോളം

contenthighlights: How bats give birth, secrets behind their pregnancy