കൊച്ചി: 'മനികെ, മാഗേ ഹിതേ...' എന്ന ശ്രീലങ്കന്‍ ഗാനവും സിംഹള ഗായിക യോഹാനിയും ലോകം മുഴുവന്‍ ഹിറ്റായതിനു പിന്നാലെ ലങ്കയില്‍നിന്ന് ഒരു 'മനികെ' പറന്നുപറന്ന് ചരിത്രത്തിലേക്കു കയറി. ആറുമാസവും ഒമ്പതുദിവസവുംകൊണ്ട് 19,360 കിലോമീറ്റര്‍ പറന്ന് യൂറോപ്പും ആര്‍ട്ടിക് പ്രദേശവും കണ്ട് തിരിച്ചെത്തിയതാണ് മനികെ എന്ന കടല്‍ക്കാക്ക. ഒപ്പം പറന്ന 'മേഘ' മടക്കയാത്രയിലാണ്. മനികെയും മേഘയുമാണ് ദക്ഷിണേഷ്യയില്‍നിന്നു ജി.പി.എസ് ടാഗുമായി പറക്കുന്ന ആദ്യ വലിയ കടല്‍ക്കാക്കകള്‍.

കടല്‍ക്കാക്കകളിലെ 'ഹ്യൂഗ്ലിന്‍സ് ഗള്‍' ഇനത്തില്‍പ്പെടുന്നവരാണ് ഇവയെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കിയ കൊളംബോ സര്‍വകലാശാലയിലെ സമ്പത്ത് സെനേവിരത്‌നേ 'മാതൃഭൂമി'യോടു പറഞ്ഞു. തലൈമന്നാറില്‍നിന്ന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് പെണ്‍പക്ഷി മനികെക്കും ആണ്‍പക്ഷി മേഘയ്ക്കും ജി.പി.എസ്. ഘടിപ്പിച്ച് വിട്ടത്. മേഘ ആദ്യം പറന്നു. 20 ദിവസത്തിനുശേഷമാണ് മനികെ പറന്നത്.

route of seagull named manige
മനികെയുടെ സഞ്ചാരപഥം

റഷ്യയുടെ വടക്കേയറ്റത്ത് അവയുടെ പ്രജനന ഇടമായ ആര്‍ട്ടിക് പ്രദേശത്തെ യാമല്‍ ഉപദ്വീപില്‍ മേയ് മധ്യത്തോടെ മേഘ ആദ്യമെത്തി. പിന്നാലെ മറ്റൊരു വഴിയിലൂടെ മനികെയും. ആര്‍ട്ടിക്കിലെ ഗ്രീഷ്മകാലത്തിന്റെ തുടക്കമായ ഓഗസ്റ്റ് അവസാനവാരം മനികെയാണ് ആദ്യം മടങ്ങിയത്. മേഘ ഒക്ടോബര്‍ ആദ്യവും.

ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, കസാഖ്സ്താന്‍, അസര്‍ബയ്ജാന്‍, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് മനികെ നവംബറില്‍ മന്നാറില്‍ തിരിച്ചെത്തി. ആര്‍ട്ടിക്കിലേക്ക് 7880 കിലോമീറ്ററെടുത്തപ്പോള്‍ മടക്കയാത്ര മറ്റൊരു വഴിയിലൂടെ 11,480 കിലോമീറ്റര്‍ സഞ്ചരിച്ചായിരുന്നു. മേഘ ഇനിയും എത്തിയിട്ടില്ല. ഗവേഷക ഗയോമിനി പംഗോഡയും മറ്റു വിദ്യാര്‍ഥികളുമാണ് പഠനത്തിന് ഒപ്പമുണ്ടായിരുന്നത്.

കൊളംബോ സര്‍വകലാശാല സുവോളജി വകുപ്പിനു കീഴിലുള്ള ഫീല്‍ഡ് ഒര്‍ണിത്തോളജി ഗ്രൂപ്പ് ഓഫ് ശ്രീലങ്ക, ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ഇക്കോ-എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഗവേഷകകേന്ദ്രം എന്നിവരും സഹകരിച്ചിരുന്നു.

ഹ്യൂഗ്ലിന്‍സ് ഗള്‍

കടല്‍ക്കാക്കകളില്‍ വെളുത്തതലയും വലിയ ശരീരവുമുള്ളവയാണ് ഇവ.ചിറക് ഉള്‍പ്പെടെയുള്ള പുറംഭാഗത്തിന് ഇളംകറുപ്പ് നിറമാണ്. വയറും കഴുത്തുമെല്ലാം തൂവെള്ള. കാലുകള്‍ക്ക് മഞ്ഞനിറം.

Content Highlights:  Heuglin's gull travels 19,360 kilometers within a span of six months