ണയെ കൂവിവിളിക്കുന്ന തലയില്‍ പൂവുള്ള കരിങ്കോളിപ്പാമ്പുകളെ പഴയകഥകളില്‍ കേട്ടിട്ടുണ്ടാവും. മഹാഭാരതകഥയില്‍ പാണ്ഡവനായ അര്‍ജ്ജുനന്‍ ഉലൂപിയെന്ന നാഗകന്യകയോട് സംസാരിക്കുകയും പ്രണയിക്കുകയും അവര്‍ക്ക് ബഭ്രുവാഹനനെന്ന പുത്രന്‍ ജനിക്കുകയും ചെയ്യുന്നുണ്ട്. കൊല്ലാന്‍ വേണ്ടി ദുര്യോധനന്‍ വിഷംകൊടുത്തു കെട്ടിവരിഞ്ഞു ഗംഗയിലെറിഞ്ഞ ഭീമസേനന്‍ പാതാളത്തിലെ നാഗലോകത്തിലെത്തി പാമ്പുവിഷമേറ്റപ്പോള്‍ അത് ആദ്യത്തെ വിഷത്തിന് പ്രതിവിഷമായി രക്ഷപ്പെട്ട്, നാഗരാജാവിനോട് സംസാരിച്ച്, നാഗരസം പാനം ചെയ്ത്, കൂടുതല്‍ ശക്തിമാനായി മടങ്ങിവരുന്നുണ്ട്. ഏദന്‍തോട്ടത്തില്‍ വിലക്കപ്പെട്ട പഴം തിന്നാന്‍ ഹവ്വയെ പ്രലോഭിപ്പിച്ച നഹാഷ് എന്ന പാമ്പിന്റെ കഥയുണ്ട്. ഹാരിപോട്ടര്‍ പോലുള്ള പുതുകഥകളില്‍ 'പാര്‍സല്‍ ടങ്ങ് ' എന്ന നാഗഭാഷ സംസാരിക്കുന്ന ബാസിലിസ്‌ക് പാമ്പുകളുണ്ട്. എന്തിനധികം, നമ്മുടെ ചില 'പാമ്പുവിദഗ്ദ്ധര്‍ ' പാമ്പ് സംസ്‌കൃതം സംസാരിക്കുമെന്ന് ഇന്നത്തെ കാലത്തും പറയുന്നുണ്ട്. എങ്കിലും ശാസ്ത്രം ഇത്രയേറെ വളര്‍ന്നതുകൊണ്ട് ഇന്ന് നമുക്കറിയാം പാമ്പുകളില്‍ സ്വനപേടകം ( larynx ) വികാസം പ്രാപിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ വായകൊണ്ട് അതിന് ഉണ്ടാക്കാന്‍ കഴിയുന്ന ശബ്ദങ്ങള്‍ക്ക് ഏറെ പരിമിതികള്‍ ഉണ്ടെന്നും.

pine snake
പൈൻ സ്നേക്ക് | By Glenn Bartolotti - Own work, CC BY-SA 4.0, 
https://commons.wikimedia.org/w/index.php?curid=40568461

അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കാണുന്ന Pine Snakes എന്നറിയപ്പെടുന്ന Pituophis melanolucus എന്നയിനം പാമ്പുകള്‍ക്ക് സ്വനതന്തുക്കളുടെ പ്രാഥമികരൂപം ഉണ്ടെന്നും epiglottis ഉം ഉപയോഗിച്ച് ഇവ ശബ്ദമുണ്ടാക്കാറുണ്ടെന്നും ചില പഠനങ്ങളില്‍ കാണുന്നു. എന്തായാലും പൊതുവെ പാമ്പുകള്‍ ഉണ്ടാക്കാറുള്ള ശബ്ദങ്ങള്‍ താഴെ പറയുന്നവയാണ്.

king cobra
രാജവെമ്പാല | ഫോട്ടോ : പി.പി രതീഷ്

ചീറ്റല്‍

നമുക്ക് ഏറ്റവും പരിചയമുള്ള ശബ്ദം ചീറ്റലാണ്. മൂര്‍ഖന്‍, അണലി, രാജവെമ്പാല തുടങ്ങിയ പാമ്പുകളാണ് ഇങ്ങനെ ശബ്ദമുണ്ടാക്കാറുള്ളത്.
ശ്വാസകോശത്തിനുള്ളിലേക്ക് വായു വലിച്ചെടുത്ത് അത് ശക്തിയായി പുറത്തേക്ക് വിട്ടുകൊണ്ടാണ് അവ ഇതു ചെയ്യാറുള്ളത്.
ചേര, വെള്ളിക്കെട്ടന്‍ തുടങ്ങിയവയുള്‍പ്പെടെ നമ്മുടെ നാട്ടിലെ മറ്റുചില പാമ്പുകളും ഇങ്ങനെ ശബ്ദമുണ്ടാക്കാറുണ്ട്. പ്രതിരോധത്തിനു വേണ്ടി ഉണ്ടാക്കുന്ന മുന്നറിയിപ്പ് ശബ്ദങ്ങളാണിവ.

മുരള്‍ച്ച

snakeരാജവെമ്പാലയാണ് ഇത്തരത്തില്‍ ശബ്ദമുണ്ടാക്കിക്കാണാറുള്ളത്. ഉള്ളിലേക്ക് വലിച്ചെടുക്കുന്ന വായു ശ്വാസനാളത്തിന്റെ തുടക്കത്തില്‍ കാണുന്ന ചില ചെറിയ സഞ്ചികള്‍ പോലുള്ള ഭാഗങ്ങള്‍ക്കു മുകളിലൂടെ പല തീവ്രതയില്‍ കടത്തിവിട്ടാണ് ഇവ ഇങ്ങനെയുള്ള ശബ്ദമുണ്ടാക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. കാലിയായ കുപ്പിയുടെ വായ്ക്കുമുകളിലൂടെ പ്രത്യേക രീതിയില്‍ ഊതി നമ്മള്‍ ശബ്ദമുണ്ടാക്കുന്നതുപോലെയാണ് ഇവയും ഇങ്ങനെ നായ്ക്കള്‍ മുരളുന്നതുപോലുള്ള ശബ്ദമുണ്ടാക്കുന്നത്.
ഇതും പ്രതിരോധത്തിന്റെ മുന്നറിയിപ്പ് ശബ്ദം തന്നെയാണ്.

ശരീരശല്കങ്ങള്‍ തമ്മിലുരച്ച്

ചുരുട്ടമണ്ഡലി പാമ്പാണ് ( Saw Scaled Viper ) നമ്മുടെ നാട്ടില്‍ ഇങ്ങനെ ശബ്ദമുണ്ടാക്കാറുള്ളത്. ശരീരത്തിന്റെ വശങ്ങളില്‍ താഴത്തെ രണ്ടോ മൂന്നോ നിരകളിലുള്ള, നടുവില്‍ ഈര്‍ച്ചവാളിന്റെ പല്ലുപോലെ അരികുകളുള്ള ശരീരശല്കങ്ങള്‍ തമ്മില്‍ കൂട്ടിയുരസിയാണ് അവ ഇങ്ങനെ ശബ്ദമുണ്ടാക്കാറുള്ളത്. ഇതും മുന്നറിയിപ്പ് ശബ്ദമാണ്.

വാല്‍ ഇളക്കി 

അമേരിക്കക്കാരായ റാറ്റില്‍ പാമ്പുകളാണ് ഇത്തരത്തില്‍ മുന്നറിയിപ്പുശബ്ദം ഉണ്ടാക്കാറുള്ളത്. ഓരോ തവണ പടംപൊഴിക്കുമ്പോഴും ഓരോ കെരാറ്റിന്‍ മോതിരങ്ങള്‍ പോലെ വാലില്‍ ബാക്കിയാവുന്ന, അയഞ്ഞ ശല്കവളയങ്ങള്‍ ഉപയോഗിച്ചാണ് അവ ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

snake
ഫോട്ടോ : പി. പി രതീഷ്

പാമ്പുകളും പ്രത്യുത്പാദനവും

ഇന്ത്യയിലെ പാമ്പുകളില്‍ ഭൂരിഭാഗവും മുട്ടയിടുന്നവയാണ്( Oviparous ). ചിലയിനം പാമ്പുകളുടെ മുട്ട വയറിനുള്ളിലിരുന്നു വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്ത് വരുന്നു.( Ovoviviparous ) അപുര്‍വം ചിലത് നേരിട്ട് കുഞ്ഞുങ്ങളെ പ്രസവിക്കുന്നു ( Viviparous )

പാമ്പുകള്‍ക്ക് ആന്തരലൈംഗികാവയവങ്ങളാണുള്ളത്. ആണ്‍പാമ്പുകള്‍ക്ക് രണ്ടു ശിഖരങ്ങള്‍ പോലെ അഗ്രഭാഗം ഉള്ള ഇരട്ടലിംഗമാണുള്ളത് ( hemipenis ) ആണ്‍പാമ്പുകളുടെ വാലിന്റെ തുടക്കത്തില്‍ ചെറിയൊരു മുഴ പോലെ ഈ ആന്തരലിംഗങ്ങള്‍ നമുക്ക് അറിയാന്‍ കഴിയും. അവയുടെ വാല്‍ സാധാരണയായി നീളം കൂടിയവയായിരിക്കുകയും ചെയ്യും.

ഓരോ ഇനം പാമ്പുകള്‍ക്കും വര്‍ഷത്തില്‍ ഒന്നോ രണ്ടോ ഇണചേരല്‍ കാലങ്ങള്‍ ഉണ്ടായിരിക്കും. ഇത് പലപ്പോഴും ഓരോ സ്ഥലത്തേയും ഭൂപ്രകൃതിക്കനുസരിച്ച് ( അന്തരീക്ഷതാപനില, മഴ, വരള്‍ച്ച തുടങ്ങിയവ ) വ്യത്യാസപ്പെടുകയും ചെയ്യും.

snake

ആണ്‍പാമ്പുകള്‍ പെണ്‍പാമ്പുകളുടെ ഫിറോമോണ്‍ മണം പിന്തുടര്‍ന്നാണ് അവയെ കണ്ടെത്തുക.


ഈ സമയത്ത് ഒന്നിലേറെ ആണ്‍പാമ്പുകള്‍ പെണ്‍പാമ്പിന്റെ ഫിറോമോണ്‍ മണത്തില്‍ ആകൃഷ്ടരായി അവളെ തേടി വരികയും അങ്ങനെ വരുന്ന ആണുങ്ങള്‍ തമ്മില്‍ അവള്‍ക്ക് വേണ്ടി മത്സരമുണ്ടാകുകയും ചെയ്യാറുണ്ട്. വാസസ്ഥലങ്ങള്‍ക്കു വേണ്ടിയും ഈ രീതിയില്‍ ആണ്‍പാമ്പുകള്‍ തമ്മില്‍ അടിയുണ്ടാക്കാറുണ്ട്.

ഇത്തരം കപടയുദ്ധങ്ങളെയാണ് ( കടിയോ കൊല്ലലോ ഇത്തരം ബലപരീക്ഷണങ്ങളില്‍ പതിവില്ല ) നമ്മള്‍ പലപ്പോഴും പാമ്പുകളുടെ ഇണചേരലായി തെറ്റിദ്ധരിക്കുന്നത്. ( വളരെ അപൂര്‍വമായി ആണ്‍പാമ്പും പെണ്‍പാമ്പും തമ്മിലും ഇത്തരം വഴക്കുകള്‍ ഉണ്ടാകാറുണ്ട്. ) രാജവെമ്പാല,ചുരുട്ടമണ്ഡലി, വെള്ളിക്കെട്ടന്‍,നായ്ത്തലയന്‍ പാമ്പ്,ചേര തുടങ്ങിയ ഇനങ്ങളിലാണ് ഇത്തരം യുദ്ധനൃത്തങ്ങള്‍ കാണാറുള്ളത്.ഇത്തരം യുദ്ധനൃത്തങ്ങള്‍ ചിലപ്പോള്‍ ഒന്നോ അതിലധികമോ മണിക്കൂറുകള്‍ നീണ്ടുനിന്നേക്കാം.

snake hemipenis
പാമ്പിന്റെ hemipenis

ഇണചേരല്‍ സമയത്ത് ആണ്‍പാമ്പ് പെണ്‍പാമ്പിനെ തട്ടിയും തഴുകിയും മെല്ലെ കടിച്ചുമൊക്കെ ഉണര്‍ത്തുകയും അവന്റെ ഇരട്ടലിംഗത്തിന്റെ ഒരു ശിഖരം പെണ്‍പാമ്പിന്റെ ഉദരസുഷിരത്തിനുള്ളില്‍ കയറ്റുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ഇണചേരല്‍ മണിക്കൂറുകളോളം ചിലപ്പോള്‍ നീണ്ടുനിന്നേക്കാം.

ഇണചേരല്‍ കഴിഞ്ഞ് 30-50 ദിവസം കൊണ്ട് പെണ്‍പാമ്പിന്റെ വയറ്റില്‍ മുട്ടകള്‍ പാകപ്പെടുകയും പാമ്പിന്റെ ഇനത്തിനനുസരിച്ച് അഞ്ചോ ആറോ മുട്ടകള്‍ മുതല്‍ നാല്പതോ നാല്പത്തഞ്ചോ മുട്ടകള്‍ വരെ ഇടുകയും ചെയ്യും. ഈ മുട്ടകളുടെ ആകൃതി പൊതുവേ ഒരു ദീര്‍ഘവൃത്തം ( അണ്ഡാകൃതി ) ആയിരിക്കും. തൊട്ടു നോക്കിയാല്‍ തൊലിയില്‍ തൊടുന്നതുപോലെ ( leathery ) തോന്നുകയും ചെയ്യും. ആവശ്യമായ അന്തരീക്ഷോഷ്മാവും ഈര്‍പ്പവും കൃത്യമായി ലഭിച്ചാല്‍ മാത്രമേ ഇവ ഏകദേശം 60-70 ദിവസങ്ങള്‍ കൊണ്ട് വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തു വരൂ.

പാമ്പിന്റെ വിവിധ ചലനരീതികൾ

snake
Photo : getty images

കരയിലെ പാമ്പുകളില്‍ പ്രധാനമായും നാലുതരം ചലനരീതികളാണ് കാണാറുള്ളത്

നേര്‍രേഖാചലനം ( Rectilinear motion )

അണലി, പെരുമ്പാമ്പ് തുടങ്ങിയ വണ്ണം കൂടിയ ഇനം പാമ്പുകളിലാണ് ഇത്തരം ചലനരീതി കൂടുതലായി കാണാറുള്ളത്. കീഴറ്റം സ്വതന്ത്രമായ വാരിയെല്ലുകള്‍ അട്ടയുടെ കാലുകള്‍ പോലെ ഏകദേശം നേരേ മുന്നോട്ടു നീങ്ങുകയും ഒപ്പം അതിനോട് ചേര്‍ന്നിരിക്കുന്ന പേശികളും നീങ്ങുകയും ചെയ്യുന്നു.
ആ വാരിയെല്ലുകളുടെ കീഴറ്റം നിലത്തുറപ്പിച്ച്, പിന്നിലുള്ള വാരിയെല്ലുകള്‍ അതേരീതിയില്‍ മുന്നോട്ടു വലിച്ചു നിലത്തുറപ്പിച്ച് പാമ്പ് മുന്നോട്ടു നീങ്ങുന്നു.
പ്രധാനമായും ഇവയുടെ ചലനരീതി ഇങ്ങനെയാണെങ്കിലും വേഗതയോടെ ഇഴയുമ്പോഴും ഇരപിടിക്കുമ്പോഴും ശത്രുവിനെ ആക്രമിക്കുമ്പോഴുമൊക്കെ വശങ്ങളിലേക്ക് പുളയുന്ന രീതിയിലുള്ള ചലനരീതിയും അവലംബിക്കാറുണ്ട്.

വശങ്ങളിലേക്കുള്ള തരംഗിതചലനം ( Lateral undulation )

ഇതാണ് നമുക്ക് ഏറ്റവും പരിചയമുള്ള ' പാമ്പിഴയുന്ന ' തരം ചലനം.
ഇരുവശങ്ങളിലേയ്ക്കും വേഗതയിലുള്ള ഓളമിളകല്‍ പോലെയുള്ളതാണ് ഈ ചലനം.
ഇതോടൊപ്പം തന്നെ പാമ്പ് അതിന്റെ ദേഹത്തെ മുന്നോട്ടു തള്ളുകയും ചെയ്യും.
അങ്ങനെ അത് മുന്നോട്ടു മുന്നോട്ടു നീങ്ങുന്നു. ചേര, മൂര്‍ഖന്‍ തുടങ്ങിയവയില്‍ ഇത്തരം ചലനരീതിയാണുള്ളത്.

വലിച്ചുവെക്കല്‍ ( Concertina )

മരംകയറിപ്പാമ്പുകളുടെ ചലനരീതിയാണിത്. ശരീരത്തിന്റെ ഒരുഭാഗം ഉയര്‍ന്ന മരക്കൊമ്പിലേക്ക് ഉയര്‍ത്തി ഉറപ്പിച്ചതിനുശേഷം ബാക്കി ശരീരഭാഗം അങ്ങോട്ട് വലിച്ചുയര്‍ത്തിവെക്കുകയാണ് ഇത്തരം ചലനരീതിയില്‍ ചെയ്യുന്നത്.
വില്ലൂന്നി, നാഗത്താന്‍, പൂച്ചക്കണ്ണന്‍ തുടങ്ങിയ ഇനം പാമ്പുകളില്‍ കാണുന്നത് ഈ ചലനരീതിയാണ്.

വശങ്ങളിലേയ്ക്ക് തെറിച്ചു പോകുന്ന രീതിയിലുള്ള ചലനം ( Side winding )

ഈ ചലനരീതിയില്‍ പാമ്പ് അതിന്റെ ശരീരമൊന്നാകെ വശങ്ങളിലേയ്ക്ക് എടുത്തെറിയുന്നതുപോലെയാണ് ചലിക്കുക.
ശരീരത്തിന്റെ വളരെ കുറച്ചു ഭാഗങ്ങള്‍ മാത്രമേ ഇത്തരം ചലനത്തില്‍ തറയില്‍ സ്പര്‍ശിക്കാറുള്ളു.
ചൂടു കൂടുതലുള്ള, മരുഭൂമി പോലുള്ള സ്ഥലങ്ങളിലെ പാമ്പുകളിലാണ് ഇത്തരം ചലനരീതി കൂടുതലായി കാണാറുള്ളത്.
നമ്മുടെ നാട്ടില്‍ ചുരുട്ടമണ്ഡലി പാമ്പ് ഇത്തരത്തില്‍ ചലിക്കാറുണ്ട്.

content highlights: facts about snake hiss, snake movements and sex