കോതമംഗലം: കാണാനേ കിട്ടാറില്ലാത്ത കുഞ്ഞന്‍ ചെമ്പന്‍ വെരുകിനെ കണ്ടെത്തിയ സന്തോഷത്തിലാണ് പശ്ചിമഘട്ടത്തിലെ ചെറു സസ്തനി ഗവേഷകരുടെ സംഘം. ലോകത്ത് പശ്ചിമഘട്ട മലനിരകളിലെയും ശ്രീലങ്കയിലെയും കാടുകളില്‍ മാത്രം കണ്ടിട്ടുള്ള അത്യപൂര്‍വയിനം ചെറുസസ്തനിയാണ് ചെമ്പന്‍ വെരുക്.

രാത്രിയേ കക്ഷി പുറത്തിറങ്ങാറുള്ളൂ. പകല്‍ മുഴുവന്‍ മരങ്ങള്‍ക്കു മുകളില്‍ പതുങ്ങി ഉറക്കം. അതു കൊണ്ടുതന്നെ ഇതിനെക്കുറിച്ചു പഠിക്കാനും കുറച്ച് പ്രയാസമാണ്.

കണ്ടാല്‍ മരപ്പട്ടിയെയോ വെരുകിനെയോ പോലെ തോന്നും. ചെമ്പന്‍ വെരുകെന്നും തവിടന്‍ വെരുകെന്നും (ബ്രൗണ്‍ പാംസിവറ്റ്) അറിയപ്പെടുന്ന ഇവയുടെ ശാസ്ത്രനാമം പാരഡോക്സറസ് ജെര്‍ഡോണി (paradoxurus jerdoni) എന്നാണ്.

കാണാന്‍ തന്നെ കിട്ടാറില്ലാത്തതിനാല്‍ ചെമ്പന്‍ വെരുകിന്റെ ജീവിത രീതികളെക്കുറിച്ചൊന്നും മുമ്പ് കാര്യമായ അറിവുണ്ടായിരുന്നില്ല. പശ്ചിമഘട്ട മലനിരകളിലെ ഉയര്‍ന്ന മഴക്കാടുകളില്‍ മാത്രമാണ് ഇവയുള്ളത്. വലുപ്പമനുസരിച്ച് പ്രാദേശികമായി ജെര്‍ഡോണി, കെനിക്സ് ഉപ ഇനങ്ങളുമുണ്ട്. മരപ്പൊത്തിലും ഒഴിഞ്ഞ മലയണ്ണാന്‍ കൂടുകളിലുമാണ് പകല്‍ ഒളിജീവിതം. കണ്ടുകിട്ടിയാലോ, മരത്തില്‍ നിന്നു മരത്തിലേക്ക് വേഗം ചാടി മറയും.

പശ്ചിമഘട്ടത്തിലെ മഴക്കാടുകളില്‍ വിത്ത് വിതരണത്തില്‍ തവിടന്‍ വെരുകിന് വലിയ പങ്കുണ്ട്. ഇവ തിന്ന് കാഷ്ഠിക്കുന്ന വിത്തുകള്‍ എളുപ്പം മുളയ്ക്കും. അതുകൊണ്ട്് കാട്ടില്‍ പുതു മുളകളുണ്ടാകുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് ഇവ. ഇവയുടെ ജീവിതത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.

ചെറുസസ്തനി വിദഗ്ദ്ധരായ ഡോ. ടി.ടി. ഷമീര്‍, കേരള കാര്‍ഷിക സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫ. ഹരിരാമന്‍, വന്യജീവി ഗവേഷണ വിദ്യാര്‍ഥിനി സുലേഖ ജെ. ബെക്കര്‍ എന്നിവര്‍ നടത്തിയ ഗവേഷണത്തിലാണ് ഈ ജീവിയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ലഭിച്ചത്.

കലക്കാട് മുതല്‍ സഹ്യാദ്രി വരെ

: ഈ ജീവിയുടെ വിവരങ്ങള്‍ അറിയാന്‍ ഗവേഷണ സംഘം തമിഴ്നാട്ടിലെ കലക്കാട് മുതല്‍ മഹാരാഷ്ട്രയിലെ സഹ്യാദ്രി വരെയുള്ള പശ്ചിമഘട്ട മലനിരകളില്‍ കൂടുതല്‍ പഠനം നടത്തി. പാലക്കാടിന് തെക്ക് കന്യാകുമാരി വരെയുള്ള പശ്ചിമനിരകളിലാണ് ഇവയെ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.

ഈ ജീവികളുടെ വംശനാശം തനത് ആവാസ വ്യവസ്ഥയെയും കാടിന്റെ തന്നെ നിലനില്‍പ്പിനെയും സാരമായി ബാധിച്ചേക്കാമെന്ന് ഗവേഷണ പ്രബന്ധം ചൂണ്ടിക്കാട്ടുന്നു.

പശ്ചിമഘട്ട മലനിരകളുടെ പല ഭാഗങ്ങളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച് ഇതിന്റെ ജീവിത രീതിയെക്കുറിച്ച് ഗവേഷകര്‍ കണ്ടെത്തിയ വിവരങ്ങള്‍ ശാസ്ത്ര മാസികയായ ജിയോളജി-ഇക്കോളജി ആന്‍ഡ് ലാന്‍ഡ്സ്‌കേപ്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഊട്ടി ഗവണ്‍മെന്റ് കോളേജ് വന്യജീവി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ആര്‍. സനിലിന്റെ മേല്‍നോട്ടത്തിലാണ് പഠനം പൂര്‍ത്തിയാക്കിയത്.

സാമൂഹിക വിഷയങ്ങൾ, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍  JOIN Whatsapp group

കുഞ്ഞനു പിറകേ വമ്പന്‍ ഗവേഷണം

: പശ്ചിമഘട്ടത്തില്‍ മാത്രമുള്ള ചെറുസസ്തനികളെ കുറിച്ച് ഗവേഷണം നടത്തുന്ന കോതമംഗലം പുതുപ്പാടി സ്വദേശിനി സുലേഖയാണ് ചെമ്പന്‍ വെരുകിനെക്കുറിച്ച് കാര്യമായി പഠിച്ചിട്ടുള്ളത്.

വനം വകുപ്പിന്റെ ക്യാമറ ട്രാപ്പ് വിവര ശേഖരത്തിലൂടെ മൂന്നാര്‍, പറമ്പിക്കുളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര സഹ്യാദ്രി വരെയുള്ള പ്രദേശത്തെ ചില ഗവേഷകരുമായി ചേര്‍ന്ന് ഇതിനെ എവിടെയെല്ലാം കണ്ടെത്തിയിട്ടുണ്ടെന്നുള്ള വിവരം ശേഖരിച്ചു. സോഫ്റ്റ്വേറുകള്‍ ഉപയോഗിച്ച് ഇതിന്റെ ആവാസവ്യവസ്ഥ മാപ്പ് ചെയ്‌തെടുത്തു. പിന്നീട് ക്യാമറ വിവരം നോക്കി ഇത് ഏതെല്ലാം സമയത്താണ് സഞ്ചരിക്കുന്നതും ഇര തേടുന്നതുമെല്ലാം മനസ്സിലാക്കി. അങ്ങനെ നീണ്ട ഗവേഷണങ്ങളിലൂടെയാണ് കുഞ്ഞന്‍ ചെമ്പനെക്കുറിച്ചുള്ള വലിയ വിവരങ്ങള്‍ മനസ്സിലാക്കിയത്.