വംബറിനുള്ളില്‍ കൂനിക്കൂടി പുതച്ചിരിപ്പായിരുന്നു കാട്... മംഗളാദേവിയെ ഉരുമ്മിയെത്തുന്ന കാറ്റില്‍ ഇലകളൊക്കെയും തണുത്തുവിറയ്ക്കുന്നു. രണ്ടുദിവസമായി കരിങ്കുരങ്ങ് ഒച്ചയിടുന്നുണ്ട്. കടുവയോ പുലിയോ കാട്ടുനായ്ക്കളോ ആ ഭാഗത്ത് എവിടെയോ ഉണ്ടാകണം. പെരിയാര്‍ കടുവസങ്കേതത്തിന്റെ ഉച്ചിയിലെ മംഗളാദേവി വയര്‍ലെസ്‌ സ്റ്റേഷനില്‍ രണ്ടുപേര്‍ കൈകള്‍കൂട്ടിത്തിരുമ്മിയിരിക്കുന്നു, ഫോറസ്റ്റ് വാച്ചര്‍ വിശ്വനാഥനും പ്രൊട്ടക്ഷന്‍ വാച്ചര്‍ ബിജുമോനും. എന്തിനെ കണ്ടിട്ടായിരിക്കും കരിങ്കുരങ്ങിന്റെ ഒച്ചയെന്ന ചര്‍ച്ചയായിരുന്നു അവര്‍ക്കിടയില്‍. പേടിയോടെയെങ്കിലും പലതവണ പുറത്തിറങ്ങി, പ്രത്യേകിച്ചൊന്നും കണ്ടില്ല... കണ്ണീരാല്‍, മധുര ചുട്ടെരിച്ച കണ്ണകിയുടെ കാടകമാണ് മംഗളാദേവി. വര്‍ഷത്തില്‍ ചൈത്രമാസത്തിലെ പൗര്‍ണമിയില്‍മാത്രം നടതുറക്കുന്ന ക്ഷേത്രം. കൊടുങ്കാടിനുള്ളില്‍ ആ ഒരുനാള്‍ കഴിഞ്ഞാല്‍ പാതിമുക്കാലും മണ്ണടിഞ്ഞ കരിങ്കല്‍ക്ഷേത്രനടയ്ക്കല്‍പ്പോലും വന്യമൃഗങ്ങളെത്തും. കണ്ണകി അവര്‍ക്ക് കാടിന്റെ സ്വന്തമാണ്. ക്ഷേത്രത്തിനടുത്താണ് വനംവകുപ്പിന്റെ വയര്‍ലെസ് സ്റ്റേഷന്‍.

ജീപ്പിലായാല്‍പ്പോലും കാടിനുള്ളിലൂടെ മുക്കാല്‍ മണിക്കൂറെടുക്കും പെരിയാറിന്റെ ഈ തലപ്പൊക്കത്തെത്താന്‍. മംഗളാദേവിക്കപ്പുറം കാട് തമിഴിനോടുചേരും.  ഉപ്പും മുളകുംമുതല്‍ കമ്പിളിപ്പുതപ്പുവരെ ഓര്‍ത്തൊരുക്കിയാണ് വിശ്വനാഥനും ബിജുമോനും കാടുകയറുന്നത്. എന്തെങ്കിലും മറന്നാല്‍ കാടിറങ്ങല്‍ ദുഷ്‌കരമാണ്. പെരിയാര്‍ കടുവസങ്കേതത്തിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രധാന വയര്‍ലെസ് സ്റ്റേഷനാണ് മംഗളാദേവി. കാട്ടിലെ കാലാവസ്ഥ, മഴയുടെ അളവ്, മുല്ലപ്പെരിയാര്‍ ജലനിരപ്പ്, ചന്ദനപട്രോളിങ് സംഘം ഓരോ മണിക്കൂറിലും എവിടെയുണ്ട് തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിച്ച് ഉന്നത ഉദ്യോസ്ഥരെ യഥാസമയം അറിയിക്കലാണ് പ്രധാനജോലി. അത്തരമൊരു സാധാരണ ദിവസമായിരുന്നു 2020-ലെ നവംബര്‍-22. പെട്ടെന്നാണ് ആ ദിവസം അസാധാരണമായിമാറിയത്. അവരുടെ ജീവിതത്തിലെ മാത്രമല്ല, പെരിയാറിന്റെ കാടകങ്ങളുടെയും.

 രാവിലെ പതിനൊന്നു കഴിഞ്ഞുകാണും. അപ്പോഴും കോടനിറഞ്ഞ കാറ്റുണ്ട് മംഗളാദേവിയില്‍. വയര്‍ലസ് സ്റ്റേഷനുപുറത്ത് നില്‍ക്കുകയായിരുന്ന ബിജുമോന്റെ കണ്ണ് ഓടിമറയുന്നൊരു കുഞ്ഞുരൂപത്തിലുടക്കി. ദൂരെ മംഗളാദേവി ക്ഷേത്രപരിസരത്തുനിന്ന് എന്തോ ഒരു ചെറിയ ജീവി നടന്നുവരുന്നതാണ് കണ്ടത്. തലയ്ക്കുമാത്രം വലുപ്പമുണ്ട്. ബിജുമോനെ കണ്ടതും അത് തൊട്ടടുത്ത കാട്ടിലേക്കോടിമറഞ്ഞു. ആ ഭാഗത്തൊരു ചെറിയ കുളമുണ്ട്. ബിജുമോനും വിശ്വനാഥനുംകൂടി അതെന്തു ജീവിയാണെന്നറിയാന്‍ പതുക്കെ കുളത്തിന്റെ ഭാഗത്തേക്കുചെന്നു. ആ ചെറുരൂപം കുളക്കരയില്‍ ഇരിക്കുന്നു. അതൊരു കടുവക്കുഞ്ഞായിരുന്നു...!

 കാടിന്റെ ഉള്ളറിയുന്ന രണ്ടുപേര്‍ക്കും ആദ്യം തോന്നിയത് കൗതുകമല്ല, പേടിയാണ്. കുഞ്ഞുണ്ടെങ്കില്‍ തള്ളക്കടുവ അടുത്തെവിടെയെങ്കിലും കാണും. കുഞ്ഞിനെ രക്ഷിച്ചാല്‍ ആക്രമിക്കുമെന്നുറപ്പാണ്. കുറച്ചുനേരം കാത്തിരുന്നിട്ടും അനക്കമെന്നുമില്ലാതായതോടെ വിശ്വനാഥന്‍ മൊബൈല്‍ ക്യാമറയില്‍ ഒന്നുരണ്ടു പടങ്ങളെടുത്തു. കുറച്ചുകൂടി വ്യക്തമായി കിട്ടാന്‍ മെല്ലെ അടുത്തേക്കുചെന്നു. കടുവക്കുഞ്ഞ് കരഞ്ഞുകൊണ്ട് കാടിനുള്ളിലേക്കോടിമറഞ്ഞു. ''അതോടെ ഞങ്ങളുടെ പേടികൂടി. തള്ളക്കടുവയെങ്ങാന്‍ പാഞ്ഞുവരുമോയെന്നോര്‍ത്ത് പെട്ടെന്ന് വയര്‍ലെസ് സ്റ്റേഷനിലേക്കു കയറി...'' -32 വര്‍ഷത്തെ കാട്ടുജീവിതത്തിലെ മറക്കാനാകാത്ത കാഴ്ചയെക്കുറിച്ചു പറയുമ്പോള്‍ വിശ്വനാഥന്റെ കണ്ണുകള്‍ തിളങ്ങി.

 അപ്പോള്‍ത്തന്നെ കടുവക്കുഞ്ഞിന്റെ കാര്യം വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരെയെല്ലാം അറിയിച്ചു. കടുവക്കുഞ്ഞിനെ നിരീക്ഷിക്കാന്‍ നിര്‍ദേശം ലഭിച്ചു. പക്ഷേ, പിന്നെ അവിടെയൊക്കെ നോക്കിയിട്ടും കണ്ടില്ല. വൈകീട്ട് ആറുമണിയായപ്പോള്‍ സ്റ്റേഷന്റെ അടുത്തുനിന്നും കടുവക്കുഞ്ഞ് കരയുന്ന ശബ്ദംകേട്ടു. ബിജുമോന്‍ കണ്‍മുന്നിലെന്നപോലെ ആ നിമിഷങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങി: ''ഞങ്ങള്‍ അങ്ങോട്ടു നടന്നുചെന്നു, കാടിനകത്തുനിന്നായിരുന്നു ശബ്ദം. ഞങ്ങള്‍ അടുക്കുംതോറും ആ ശബ്ദം നേര്‍ത്തുനേര്‍ത്ത് ഇല്ലാതായി. കാട്ടില്‍ ഇരുട്ടുകയറിത്തുടങ്ങിയതോടെ തിരികെ സ്റ്റേഷനിലെത്തി...'' അന്നു രാത്രി എട്ടുമണിയായപ്പോഴേക്കും മംഗളാദേവി വയര്‍ലസ് സ്റ്റേഷനുസമീപം കാട്ടുപോത്തുകൂട്ടമെത്തി. ക്ഷേത്രത്തിന്റെ വശത്തായിരുന്നു അത്.  കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടുമൂന്നു കാട്ടുപോത്തുകള്‍ പുല്ലുതിന്നുകൊണ്ട് കടുവക്കുഞ്ഞിനെക്കണ്ട കാട്ടിലേക്കു നടന്നു. അവ പെട്ടെന്ന് അലറിവിളിച്ചുകൊണ്ട് തിരികെയോടി. കുറച്ചുകഴിഞ്ഞപ്പോള്‍ അവ കാടിന്റെ മറ്റൊരുഭാഗത്തേക്ക് നീങ്ങി.

പിറ്റേന്ന് രാവിലെ വിശ്വനും ബിജുമോനും കടുവക്കുഞ്ഞിനെക്കണ്ട ഇടം പരിശോധിച്ചു. പക്ഷേ, ഒന്നും കണ്ടില്ല. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ക്ഷേത്രത്തിന്റെ താഴ്ഭാഗത്തുനിന്നും കടുവക്കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. നോക്കിനില്‍ക്കേ കടുവക്കുഞ്ഞ് വയര്‍ലെസ്‌ സ്റ്റേഷന്റെ ഗേറ്റ് കടന്ന് അകത്തെത്തി. പേടിച്ച് വാട്ടര്‍ ടാങ്കിന്റെ പിന്നിലൊളിച്ചിരുന്നു. ഇരുവരും ഉടന്‍തന്നെ തേക്കടിയിലെ ഹെഡ് ഓഫീസില്‍ വിവരമറിയിച്ചു. തേക്കടിയില്‍നിന്നും ടൈഗര്‍ മോണിറ്ററിങ് വിങ്ങിലെ റോയ് എബ്രഹാമിനെ അയച്ചു. തള്ളക്കടുവയെ കണ്ടെത്താന്‍ കാട്ടില്‍ ക്യാമറട്രാപ്പുകള്‍ വെക്കാനായിരുന്നു റോയിയോട് ആവശ്യപ്പെട്ടത്. മംഗളാദേവിക്കാട്ടിലെ പലയിടങ്ങളിലായി ക്യാമറയൊക്കെ സ്ഥാപിച്ച് റോയി വയര്‍ലസ് സ്റ്റേഷനിലെത്തി. അപ്പോഴേക്കും ഫോറസ്റ്റ് വാച്ചര്‍ കുട്ടനെന്ന കുട്ടപ്പനും കടുവക്കുഞ്ഞിനെ നോക്കാനെത്തി.

നെഞ്ചിലെ ചൂടേറ്റ്

പെരിയാര്‍ കടുവസങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം മംഗളാദേവിയിലെത്തി കടുവക്കുഞ്ഞിനെ നിരീക്ഷിച്ചു. ആ പെണ്‍കടുവക്കുഞ്ഞ് നന്നേ ക്ഷീണിതയായിരുന്നു. അതിനെ തൊടരുതെന്നും എന്തുചെയ്യുന്നുവെന്ന് നോക്കാനും സുനില്‍ ബാബു നിര്‍ദേശിച്ചു. ഡോക്ടറും എത്തി പരിശോധിച്ചു. മംഗളാദേവിയില്‍ അപ്പോഴേക്കും സൂചിത്തണുപ്പായിക്കഴിഞ്ഞിരുന്നു. കടുവക്കുഞ്ഞിനെ വയര്‍ലെസ് സ്റ്റേഷനിലെ മുറിക്കുള്ളിലാക്കി. അപ്പോഴേക്കും കാടിന്റെ കൂട്ടുകാര്‍ക്ക് അവള്‍ 'മംഗള'യായി മാറിയിരുന്നു. തണുപ്പിന്റെ താളം മുറുകിവന്നു. മൂന്നാംദിവസം രാത്രി ഒമ്പതായതോടെ കടുവക്കുഞ്ഞ് തളര്‍ന്നുപോയി. തലപോലും പൊങ്ങില്ലെന്നായി. റോയിയും കുട്ടനും ഷര്‍ട്ടൊക്കെയൂരി, സ്വന്തം കുഞ്ഞിനെയെന്നോണം ആ കടുവക്കുട്ടിയെ മാറിമാറി നെഞ്ചോടുചേര്‍ത്ത് ചൂടുപകര്‍ന്നു. പക്ഷേ, ആ രാത്രിക്കപ്പുറം കടുവക്കുഞ്ഞ് ജീവിക്കില്ലെന്ന തോന്നലുണ്ടായതോടെ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

 പെരിയാര്‍ ഫീല്‍ഡ് ഡയറക്ടറായിരുന്ന കെ.ആര്‍. അനൂപ് രാത്രിതന്നെ ഒരു ഡോക്ടറെ മംഗളാദേവിയിലെത്തിക്കാന്‍ തീരുമാനിച്ചു. വനംവകുപ്പിലെ ഡോ. ശ്യാം ചന്ദ്രനായിരുന്നു ആ നിയോഗം. കല്ലുകള്‍നിറഞ്ഞ കാട്ടുപാതയിലൂടെ കുറഞ്ഞത് 40 മിനിറ്റെടുക്കും മംഗളാദേവിയിലെത്താന്‍. തേക്കടിയില്‍നിന്നും കഷ്ടിച്ച് 25 മിനിറ്റുകൊണ്ട് വനംവകുപ്പിന്റെ ഡ്രൈവര്‍, ഡോ. ശ്യാമിനെ കടുവക്കുഞ്ഞിനടുത്തെത്തിച്ചു. കടിനകത്ത് സമുദ്രനിരപ്പില്‍നിന്ന് അയ്യായിരം അടി മുകളിലായിരുന്നു സംഭവങ്ങളൊക്കെയും. ആ തണുപ്പില്‍ ശരീരോഷ്മവ് അതിവേഗത്തില്‍ കുറഞ്ഞുപോകുന്ന ഹൈപ്പോതര്‍മിയ എന്ന അവസ്ഥയിലേക്ക് കടുവക്കുഞ്ഞെത്തിയിരുന്നു.

ഗ്ലൂക്കോസ് കയറ്റാന്‍ ഞരമ്പുകിട്ടിയില്ല. പകരം തൊലിയില്‍ കുത്തിവെച്ചു. അന്നുരാത്രി ആരും ഉറങ്ങിയില്ല. രാവിലെ ആറുമണിക്ക് ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ കമ്പിളിവിരിച്ച് മംഗളയെ കിടത്തുമ്പോള്‍ ശ്വാസംമാത്രമേ ഉണ്ടായിരുന്നുള്ളൂ. ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന വനംവകുപ്പിലെ ഡോ. ബി.ജി. സിബിയെയും മംഗളാദേവിയിലെത്തിച്ചു. മംഗളയുടെ ശരീരോഷ്മാവ് താഴ്ന്നുപോകാതിരിക്കാന്‍ തെര്‍മോക്കോള്‍കൊണ്ട് ഒരു കൂടുണ്ടാക്കി അതില്‍ കിടത്തി. ആ കൂടിനുള്ളില്‍ ബള്‍ബ് കത്തിച്ചുവെച്ച് ചൂടുകിട്ടുന്നുണ്ടെന്നുറപ്പാക്കി. മംഗളയ്ക്ക് കുപ്പിയില്‍ പാല്‍ കൊടുക്കാനായി അവിടെയുണ്ടായിരുന്ന ഓരോരുത്തരും മത്സരിച്ചു. മംഗളാദേവിയിലേക്ക് മംഗളയ്ക്കുള്ള ആഹാരവും മരുന്നുകളുമായി വനംവകുപ്പിന്റെ ജീപ്പുകള്‍ പായാന്‍ തുടങ്ങി.

 കരടിക്കവലയില്‍
പക്ഷേ, മംഗളയുടെ പിന്‍കാലുകള്‍ തളര്‍ന്നുപോയിരുന്നു. അവള്‍ക്ക് അനങ്ങാന്‍പോലും കഴിയുമായിരുന്നില്ല. തണുപ്പില്‍നിന്ന് അവളെ രക്ഷിക്കാനായി ആറാംദിവസം കരടിക്കവലയിലേക്ക് മാറ്റി. മലമുകളില്‍നിന്നും ഏറെ താഴെയായിരുന്നതിനാല്‍ കരടിക്കവലയില്‍ തണുപ്പ് കുറവായിരുന്നു. രക്തപരിശോധനയില്‍ ചുവന്നരക്തകോശങ്ങളുടെ അളവ് കുറവാണെന്നു തെളിഞ്ഞു. അതോടെ അതിനുള്ള മരുന്നുകള്‍ കൊടുത്തുതുടങ്ങി. ഇതിനിടെ മൂന്നാറിലെ ഡോക്ടര്‍ നിഷയും മംഗളയെ നോക്കാനെത്തി. ചികിത്സയുടെ രണ്ടാമത്തെ ആഴ്ച മംഗള ഇഴഞ്ഞുതുടങ്ങി. ആദ്യം സന്തോഷം തോന്നിയെങ്കിലും കാണെക്കാണെ കണ്ണുനിറയുന്ന കാഴ്ച. മംഗളയ്ക്ക് കണ്ണിന് തിമിരംപോലൊരു മൂടലുമുണ്ടെന്ന് ഡോക്ടര്‍മാര്‍ക്ക് മനസ്സിലായി. ഇതൊക്കെയാവാം അമ്മക്കടുവ മംഗളയെ കളഞ്ഞിട്ടുപോയത്. കാടിന്റെ കാവ്യനീതിയാണത്... ഇരതേടാന്‍പോലും കഴിയില്ലെന്നുറപ്പുള്ള കുഞ്ഞുങ്ങളെ മൃഗങ്ങള്‍ ഉപേക്ഷിക്കും അല്ലെങ്കില്‍ കൊന്നുകളയും.

 മംഗളയുടെ പിന്‍കാലുകളുടെ ചലനശേഷി വീണ്ടെടുക്കുകയായിരുന്നു ഡോക്ടര്‍മാര്‍ക്കും അവളെ നോക്കാന്‍നിന്നവര്‍ക്കും മുന്നിലുള്ള വെല്ലുവിളി. ഉപയോഗശൂന്യമായ ഫ്രിഡ്ജ് കൊണ്ടുവന്ന് അതില്‍ ഇളം ചൂടുവെള്ളം നിറച്ച് നീന്തിക്കാന്‍ തീരുമാനിച്ചു. വലിയൊരു വട്ടപ്പാത്രം വാങ്ങി അതില്‍ വെള്ളം തിളപ്പിച്ചാണ് നീന്തിക്കുന്നതിനായി ഫ്രിഡ്ജില്‍ ഒഴിച്ചത്. ആദ്യതവണ വെള്ളത്തിലിട്ടപ്പോള്‍ മംഗള മുങ്ങിപ്പോയി. പക്ഷേ, രണ്ടാംതവണ അവള്‍ കൈയിട്ടടിക്കാന്‍ തുടങ്ങി. വെള്ളത്തിലിറക്കിയപ്പോഴാണ് അതു കണ്ടത്, വയറിന്റെ ഇടതുഭാഗത്ത് വട്ടത്തിലൊരു മുറിവ്. കാട്ടില്‍നിന്നു കിട്ടിയതോ അമ്മയുടെ നഖം അറിയാതെ കൊണ്ടതോ ആവും. മരുന്നുപുരട്ടി അത് ഭേദമാക്കിയെടുത്തു. നീന്തലുംകൂടിയായപ്പോള്‍ മംഗള മെല്ലെ ഉഷാറാവാന്‍ തുടങ്ങി. ചില ഫിസിയോതെറാപ്പി രീതികളും പരീക്ഷിച്ചു.

റോയിയും കുട്ടനും അടുപ്പിനടുത്തുകൊണ്ടുപോയിരുത്തി ഇടയ്ക്കിടെ ചൂടുപിടിപ്പിക്കും. ഒരുമാസമായപ്പോള്‍ വേച്ചുവേച്ചാണെങ്കിലും മംഗള മെല്ലെ നടക്കാന്‍ തുടങ്ങി. പിന്നെയുള്ള രണ്ടുമാസത്തോളം രാവും പകലും റോയിക്കും കുട്ടനുമൊപ്പമായിരുന്നു മംഗള. രണ്ടുപേരുടെയും നടുക്കാണ് കിടക്കുക. രാത്രിയില്‍ മൂത്രമൊഴിക്കും. അതു കഴിഞ്ഞാല്‍ കരച്ചില്‍. വെളുപ്പിന് രണ്ടുമണിയാകുമ്പോള്‍ എഴുന്നേറ്റിരുന്ന് ആ കുഞ്ഞ് കളിക്കാന്‍ തുടങ്ങും. കിടന്നുറങ്ങുന്നവരുടെ തലമുടിയില്‍ പിടിച്ചുവലിക്കുക, ദേഹത്ത് കുത്തിമറിയുക അങ്ങനെയങ്ങനെ... കൊച്ചുപിള്ളേരെ നടക്കാന്‍ പരിശീലിപ്പിക്കുന്ന വാക്കര്‍വരെ മംഗളയ്ക്കായി പ്രത്യേകമുണ്ടാക്കി. അതില്‍ നടത്തിച്ചുനോക്കി. വശങ്ങളിലേക്ക് മറിഞ്ഞുവീഴാതെ നടക്കാനായി തീവണ്ടിപ്പാതപോലൊരു ട്രാക്ക് ഉണ്ടാക്കി നടത്തിച്ചു. പിന്നെ പുല്ലില്‍ നടക്കാന്‍ തുടങ്ങി. അപ്പോള്‍ പിന്‍കാലുകള്‍ വളഞ്ഞുപോകുമായിരുന്നു. ദിവസേനയെന്നോണം നടത്തിച്ചു. രണ്ടുമൂന്നു മാസം കഴിഞ്ഞതോടെ മംഗള 'നല്ലനടപ്പ്' ശീലിച്ചു. മെല്ലെ ഓടിക്കളിക്കാന്‍ തുടങ്ങി...

 കൊക്കരക്കാലം
കരടിക്കവലയിലെ കൂട് അവള്‍ക്ക് പോരാതെവന്നു, അങ്ങനെ ലോകകടുവദിനമായ 2021 ജൂലായ് 29-ന് അവളെ കൊടുംകാടിനുള്ളിലെ കൊക്കരയിലേക്കുമാറ്റി. അവള്‍ക്കായി പ്രത്യേകമായൊരു കൂടുപണിതു, നാല്‍പ്പതു മീറ്ററിന്റെ ചുറ്റളവില്‍ കമ്പിവേലികളുമായി കാടിനുള്ളിലൊരു കൂട്... അതിനുള്ളില്‍ മഴകൊള്ളാതെ കയറിക്കിടക്കാന്‍ മറ്റൊരു കൂടും. ഇനിയവള്‍ മനുഷ്യരെ കാണരുത്. കാരണം ഒന്നുമാത്രം, അവളെ കാടിന്റെ മകളാക്കിമാറ്റണം.  കാട്ടില്‍നിന്നു കിട്ടയവളെ കാട്ടിലേക്കയക്കാനുള്ള ആദ്യപടിയായിരുന്നു അത്. കൂടാകെ കാണുന്നതരത്തില്‍ സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചു. ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലിരുന്നാല്‍ ഓരോ നിമിഷവും മംഗളയെന്തുചെയ്യുന്നെന്നു കാണാം. അവള്‍ക്കുള്ള പോത്തിറച്ചിയും പാലും കൊടുക്കാന്‍മാത്രം ആളുപോകും. രണ്ടുവര്‍ഷത്തോളം മംഗളയുടെ കാട്ടിലേക്കുള്ള പ്രവേശനപരീക്ഷയാണ്. ഇനി വലിയൊരു കാടുതന്നെ കൂടാക്കിമാറ്റി അവളെ അതിലേക്കുമാറ്റും. അവിടെ സ്വന്തമായി വേട്ടയാടാന്‍ പഠിക്കണം. അതിനുള്ള മൃഗങ്ങളെ കൂട്ടിലിടും, അവയെ ഓടിച്ചിട്ടു പിടിക്കണം, കാട്ടിലെ കടുവയെപ്പോലെ... മിടുക്കിയാണെങ്കില്‍ പെരിയാര്‍ കാടുകള്‍ അവള്‍ക്ക് സ്വന്തമാകും.

 മംഗളയുടെ കണ്ണുകള്‍
ചരിത്രത്തിലേക്ക് കടുവക്കാലുകള്‍വെക്കാന്‍ അവള്‍ ഒരുങ്ങുകയായിരുന്നു. പക്ഷേ, പോകെപ്പോകെ മനസ്സിലായി മംഗളയുടെ കണ്ണിന്റെ മൂടല്‍ മാറുന്നില്ലെന്ന്. തുള്ളിമരുന്നു കൊടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പരിചയമില്ലാത്തവര്‍ പോയാല്‍ പ്രശ്‌നമാണെന്നതിനാല്‍ അതിനും നിയോഗിച്ചത് റോയിയെയും കുട്ടനെയുമാണ്. കൂട്ടിലേക്കുചെന്നാല്‍ സ്‌നേഹം കാണിക്കാന്‍ മംഗള ഓടിവന്ന് ഇരുവരുടെയും ദേഹത്തേക്ക് ചാടിക്കയറും. ''ചിലസമയത്ത് അവള്‍ സൂത്രപ്പണികള്‍ കാണിക്കും, മരുന്നൊഴിക്കാന്‍ ചെല്ലുമ്പോള്‍ രണ്ടുകണ്ണും അടച്ചുപിടിച്ചുനില്‍ക്കും...'' -കുട്ടന്‍ ചിരിയോടെ പറയുന്നു. ഒടുവില്‍ ഒക്ടോബറോടെ ഡോക്ടര്‍മാര്‍ മംഗളയുടെ കാഴ്ചയില്‍ കാര്യമായ തകരാറുണ്ടെന്നു കണ്ടെത്തി. തിമിരമാണെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. കടുവക്കുഞ്ഞിന് തിമിരം വരുന്നതൊക്കെ അപൂര്‍വമാണ്. ഡോക്ടര്‍മാരുടെ വിദഗ്ധസംഘം പരിശോധിക്കുകയും തിമിരമാണെന്ന് ഉറപ്പിക്കുകയും ചെയ്താല്‍ ശസ്ത്രക്രിയയിലേക്ക് പോകേണ്ടിവരും. അതും വിജയിച്ചില്ലെങ്കില്‍ മംഗള ഏതെങ്കിലുമൊരു മൃഗശാലയിലെ കൂടിനുള്ളില്‍ കണ്ണുകാണാത്ത കടുവയായി ജീവിക്കും. അങ്ങനെയാവല്ലേ എന്ന പ്രാര്‍ഥനയിലാണ് അവളെ കുഞ്ഞിനെപ്പോലെ നോക്കികൊണ്ടുവന്നവരെല്ലാം... പെരിയാര്‍ക്കാടുകളില്‍ ഒരു രാജകുമാരിയെപ്പോലെ മംഗള തുള്ളിച്ചാടിനടക്കുന്നതു കാണാനാണ് അവര്‍ക്കിഷ്ടം.

കടുവകളും തിമിരവും

കെ.ആര്‍. അനൂപ്
മുന്‍ ഫീല്‍ഡ് ഡയറക്ടര്‍ (പ്രോജക്ട് ടൈഗര്‍), പെരിയാര്‍ കടുവസങ്കേതം

പ്രായം ചെന്ന കടുവകളില്‍ തിമിരം കാണപ്പെടാറുണ്ട്. പലപ്പോഴും കടുവകള്‍ ചത്തുകഴിഞ്ഞ് പോസ്റ്റുേമാര്‍ട്ടം ചെയ്യുമ്പോഴാണ് ഇതറിയുക. കണ്ണിന് മുമ്പെപ്പോഴെങ്കിലുമുണ്ടായ ക്ഷതംമൂലം വരുന്ന തിമിരമായിരിക്കും (ട്രോമാറ്റിക് കാട്രാക്ട്) ഭൂരിഭാഗത്തിനും. പോസ്റ്റുേമാര്‍ട്ടം ചെയ്യുമ്പോള്‍ മാത്രമാണ് പ്രായം ചെന്ന കടുവകളില്‍ ഒട്ടുമിക്കതിനും ഒരു കണ്ണിനേ കാഴ്ചയുണ്ടായിരുന്നുള്ളൂ എന്ന് തിരിച്ചറിയാറ്. എന്നാല്‍ കടുവാക്കുഞ്ഞുങ്ങളില്‍ തിമിരം റിപ്പോര്‍ട്ട് ചെയ്യുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. കടുവകളിലെ തിമിരം കണ്ടെത്തുകയും ചികിത്സിച്ച് ഭേദമാക്കുകയും ചെയ്യുന്നതും ലോകത്തുതന്നെ അപൂര്‍വമായേ സംഭവിക്കാറുള്ളൂ.

"അവിശ്വസനീയമായിരുന്നു മംഗളയുടെ പ്രത്യക്ഷപ്പെടല്‍, തള്ളക്കടുവ ഉപേക്ഷിച്ചുപോയതാണെന്ന് വിശ്വസിക്കാനായിരുന്നില്ല. രണ്ടുദിവസം നിരീക്ഷണത്തില്‍വെച്ചത് തള്ളക്കടുവവന്ന് കുഞ്ഞിനെ കൂട്ടട്ടെ എന്നുകരുതിയാണ്. ഇന്ത്യയില്‍ ഇതിനുമുമ്പ് കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട കടുവക്കുഞ്ഞിനെ രക്ഷിച്ചെടുത്തതായി അറിവിലില്ല. പെരിയാറിലെപ്പോലെ മധ്യപ്രദേശിലെ കന്‍ഹ കടുവസങ്കേതത്തില്‍ ഒരു കടുവക്കുഞ്ഞിനെ ഇപ്പോള്‍ സംരക്ഷിക്കുന്നുണ്ട്. അതുപക്ഷേ, ഇത്രത്തോളം പ്രായംകുറഞ്ഞ കടുവക്കുഞ്ഞല്ല. ഉപേക്ഷിക്കപ്പെട്ട കടുവക്കുഞ്ഞുങ്ങളെ എങ്ങനെ സംരക്ഷിക്കണമെന്ന് ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുണ്ട്. കാട്ടിലേക്ക് തിരച്ചയക്കാനുള്ളതിലും മാര്‍ഗനിര്‍ദേശങ്ങളുണ്ട്. അത് കൃത്യമായി പാലിച്ചുകൊണ്ടാണ് ഓരോഘട്ടവും മറികടക്കുന്നത്. പൂര്‍ണവളര്‍ച്ചയെത്തിയ 50 മൃഗങ്ങളെ വേട്ടയാടി കൊന്നുതിന്നുകഴിഞ്ഞാലേ മംഗളയെ കാട്ടിലേക്ക് തുറന്നുവിടാനാകൂ.''
 

എ.പി. സുനില്‍ ബാബു,
ഡെപ്യൂട്ടി ഡയറക്ടര്‍, പെരിയാര്‍ (ഈസ്റ്റ്) കടുവസങ്കേതം

"കടുവക്കുഞ്ഞിനെ ജീവനോടെ കിട്ടിയതിനുപിന്നില്‍ വനംവകുപ്പിലെ വാച്ചര്‍മാര്‍, ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ വലിയ ടീം വര്‍ക്കാണ്. അവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ യഥാസമയം നല്‍കുന്നതിലാണ് ഞങ്ങളടക്കമുള്ള ഉന്നത ഉദ്യോഗസ്ഥസംഘം ശ്രദ്ധിച്ചത്. ഇപ്പോഴുള്ളത് അത്യാവശ്യം ഓടിക്കളിക്കാവുന്ന താരതമ്യേന ചെറിയ കൂടാണ്. മംഗളയെ ഇനി പത്തു ഹെക്ടറെങ്കിലുമുള്ള വലിയൊരു പ്രദേശത്തേക്ക് തുറന്നുവിടണം. അവിടേക്ക് ജീവനുള്ള മൃഗങ്ങളെ ഇട്ടുകൊടുത്ത് വേട്ടയാടാന്‍ പഠിപ്പിക്കണം. അതില്‍ വിജയംകണ്ടാല്‍ കാട്ടിലേക്ക് ധൈര്യമായി തുറന്നുവിടാം... ഇന്ത്യയിലെ ചരിത്രവിജയം തന്നെയായിരിക്കും അത്.''
 

Content Highlights: about mangala, the tiger cub