കേപ് ടൗണ്‍: റുവാണ്‍ഡയിലെ കാണ്ടാമൃഗങ്ങളുടെ അംഗസംഖ്യയിലെ കുറവ് നികത്താനായി ഏതാനും എണ്ണത്തെ ദക്ഷിണാഫ്രിക്കയിലെ ഫിന്‍ഡ പ്രൈവറ്റ് ഗെയിം റിസര്‍വയോറില്‍ നിന്ന് കിഴക്കന്‍ റുവാണ്‍ഡയിലെ അക്കഗേര നാഷണല്‍ പാര്‍ക്കിലേക്ക് വിമാനമാര്‍ഗം എത്തിച്ചു. 30 വെള്ള ദക്ഷിണാഫ്രിക്കന്‍ കാണ്ടാമൃഗങ്ങളെയാണ് എയര്‍ലിഫ്റ്റ് ചെയ്തത്.  ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ സിംഗിള്‍ എയര്‍ലിഫ്റ്റായിരുന്നു ഇത്. 1970 മുതലുള്ള വേട്ടയാടല്‍ ഇവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തിയിരുന്നു. 

രണ്ട് ഹെലികോപ്റ്ററുകളാണ് കാണ്ടാമൃഗങ്ങളെ എയര്‍ലിഫ്റ്റ് ചെയ്യാനായി ഉപയോഗിക്കുക. ഒന്ന് അവയെ മയക്കാനായി ഉപയോഗിക്കുമ്പോള്‍  രണ്ടാമതേത്ത് അവയെ പൊക്കിയെടുക്കാനായി ഉപയോഗിക്കുന്നു. ലോകത്താകെ ശേഷിക്കുന്നതില്‍ 98.8 ശതമാനം ദക്ഷിണാഫ്രിക്കന്‍ കാണ്ടാമൃഗങ്ങളെ സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ, കെനിയ, നമീബിയ എന്നിവിടങ്ങളില്‍ മാത്രമാണ് കാണാന്‍ കഴിയുക.

ഹൗവാര്‍ഡ് ജി ബഫറ്റിന്റെ സാമ്പത്തിക സഹായം സ്വീകരിക്കുന്ന ആഫ്രിക്കന്‍ പാര്‍ക്കുകള്‍, റുവാണ്‍ഡ ഡെവല്‍പ്പ്‌മെന്റ് ബോര്‍ഡ് (ആര്‍.ഡി.ബി) എന്നിവരുടെ നേത്യത്വത്തിലാണ് നാലു വയസ്സിനും 27 വയസ്സിനും ഇടയിലുള്ള 19 പെണ്‍കാണ്ടാമൃഗങ്ങളെയും 11 ആണ്‍കാണ്ടാമൃഗങ്ങളെയും അക്കഗേര നാഷണല്‍ പാര്‍ക്കിലേക്ക് സ്ഥലം മാറ്റിയത്. അക്കഗേര നാഷണല്‍ പാര്‍ക്കിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്ന ആര്‍ഡിബി സംഭവത്തെ ചരിത്രത്തിലേക്കുള്ള നാഴികക്കല്ലെന്നാണ് വിശേഷിപ്പിച്ചത്. 

Read More: പാരഡി നൊബേല്‍ പുരസ്‌കാരം കണ്ടാമൃഗത്തെ കാലില്‍ കെട്ടിത്തൂക്കിയ ഗവേഷണത്തിന്

വന്യമൃഗങ്ങളെ സ്ഥലം മാറ്റുമ്പോള്‍ ട്രക്കുകളാണ് പൊതുവെ ഉപയോഗിക്കാറുള്ളതെങ്കിലും റോഡ് മാര്‍ഗം എത്തിപ്പെടാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ എയര്‍ലിഫ്റ്റ് ചെയ്താണ്  സ്ഥലം മാറ്റുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് കാണ്ടാമൃഗങ്ങളെ എയര്‍ലിഫ്റ്റ് ചെയ്തു തുടങ്ങിയത്. സാധാരണയില്‍ നിന്ന് വിഭിന്നമായി തലകീഴായിട്ടാണ് കാണ്ടാമൃഗങ്ങളെ എയര്‍ലിഫ്റ്റ് ചെയ്യുക. അവരുടെ ആരോഗ്യത്തിന് ഈ രീതിയാണ് നല്ലത് എന്നതിനാലാണിത്.

വംശനാശഭീഷണിയുടെ വക്കിലാണ് വെള്ളകാണ്ടാമൃഗങ്ങള്‍. കൊമ്പുകള്‍ക്കായി ഇവ വന്‍തോതില്‍ വേട്ടയാടപ്പെടുന്നു. വെള്ള കാണ്ടാമൃഗത്തിന്റെ ഉപവിഭാഗത്തില്‍ പെടുന്ന സതേണ്‍ വൈറ്റ് റെനോ (ദക്ഷിണ വെള്ള കാണ്ടാമൃഗം) വംശനാശഭീഷണി രൂക്ഷമായി നേരിടുന്ന വിഭാഗമാണ്. ഇരുപതിനായിരത്തോളം സതേണ്‍ വൈറ്റ് റെനോ മാത്രമാണ് ലോകത്താകെ ശേഷിക്കുന്നത്. മറ്റൊരു ഉപവിഭാഗമായ നോര്‍തേണ്‍ വൈറ്റ് റെനോയുടെ ( വടക്കന്‍ വെള്ള കാണ്ടാമൃഗം) ഭൂരിഭാഗവും വംശനാശത്തിന് ഇരയായി. രണ്ട് പെണ്‍ വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങള്‍ മാത്രമാണ് ഭൂമിയിലാകെ ശേഷിക്കുന്നത്. 

"സുരക്ഷിതമായതും യഥാര്‍ത്ഥ വനങ്ങളോട് സാമ്യമുള്ളതുമായ പ്രദേശങ്ങളില്‍ വെള്ള കാണ്ടാമൃഗങ്ങളെ വസിപ്പിക്കുന്നത് ഇവയുടെ വംശവർധനവിനെ സഹായിക്കും", ആഫ്രിക്കന്‍ പാര്‍ക്ക്‌സ് സി.ഇ.ഒ പീറ്റര്‍ ഫിയണ്‍ഹെഡ് പറഞ്ഞു. 

വിമാനത്തില്‍ വെച്ച് കാണ്ടാമൃഗങ്ങളെ മയക്കിയിരുന്നില്ലെന്ന് അക്കഗേര നാഷണല്‍ പാര്‍ക്ക് മാനേജര്‍ ജെസ് ഗ്രുണര്‍ പറഞ്ഞു. എന്നാല്‍ വിമാനത്തില്‍ കയറിയതോടെ അവ പൂര്‍ണമായും കിടക്കാന്‍ തുടങ്ങി. ഇതവയുടെ സ്റ്റെര്‍ണ്ണത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അവയെ ഭാഗികമായി മയക്കി. ഇതുമൂലം അവര്‍ക്ക് എഴുന്നേറ്റു നില്‍ക്കാനും അവരുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാനും സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015 ലും 2017 ലും സമാനമായി വന്യമൃഗങ്ങളെ അക്കഗേര നാഷണല്‍ പാര്‍ക്കിലേക്ക്  എയര്‍ലിഫ്റ്റ് ചെയ്തിരുന്നു. 2015 ല്‍ ഏതാനും സിംഹങ്ങളെയും 2017 ല്‍ 18 ഈസ്റ്റേണ്‍ ബ്ലാക്ക് റെനോകളെയുമാണ് (കിഴക്കന്‍ ബ്ലാക്ക് കാണ്ടാമൃഗം) അക്കഗേരയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തത്.

Content Highlights: 30 South African Rhinos airlifted to Rwanda; largest single airlift ever