പ്രതീകാത്മക ചിത്രം | Photo-Gettyimage
ലണ്ടൻ: നോര്‍ഫോക്ക് തീരത്ത് സ്ഥാപിക്കാന്‍ പോകുന്ന കാറ്റാടിയന്ത്രങ്ങള്ക്കെതിരേ മുന്നറിയിപ്പുമായി പരിസ്ഥിതി സ്നേഹികള്‍. വംശനാശ ഭീഷണി നേരിടുന്ന കടല്‍പക്ഷികള്‍ക്ക് ഇരട്ടപ്രഹരമേല്പ്പിക്കുന്നതാണ് സംഭവമെന്നും സര്‍ക്കാരിന് അവര്‍ മുന്നറിയിപ്പ് നല്കി. പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്കി യു.കെ പ്രസിഡന്റ ബോറിസ് ജോണ്‍സണും രംഗത്തുണ്ട്. വെള്ളിയാഴ്ച കാറ്റാടിയന്ത്രത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് പ്രതിഷേധവുമായി ജനങ്ങളെത്തിയത്. ബോറിയേസ്, വാന്‍ഗാര്‍ഡ് എന്നീ പദ്ധതികളുടെ ഭാഗമായാണ് കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കുക.
ബ്രിട്ടനില്‍ വംശനാശ ഭീഷണി നേരിടുന്ന കടല്‍പക്ഷികളായ കിറ്റിവേക്സ്, ഗാനെറ്റ്സ്, ബ്ലാക്ക് ബാക്ക്ഡ് ഗല്ലുകല് എന്നിവയുടെ പ്രധാന കോളനി കൂടിയാണ് നോര്‍ഫോക്ക് തീരം. കാറ്റാടിയന്ത്രങ്ങളുടെ മൂര്‍ച്ചയേറിയ ബ്ലെയ്ഡുകള്‍ പക്ഷികള്‍ ചാവാന്‍ കാരണമാകുമെന്ന് ആശങ്ക റോയല്‍ സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ബേഡ്സ് പങ്ക് വെച്ചു. സമുദ്രങ്ങളില്‍ നിന്നു തിരികെ കൂടുകളിലേക്കുള്ള കടല്‍പക്ഷികളുടെ യാത്രയ്ക്ക് കാറ്റാടിയന്ത്രങ്ങള്‍ മാര്‍ഗതടസ്സമാകുന്നു. ഇതിനാൽ കൂടുകളില്‍ ഒറ്റപ്പെട്ട കുഞ്ഞുങ്ങള്‍ മറ്റ് മൃഗങ്ങള്‍ക്ക് ഇരയാകാനും സാധ്യതയുണ്ട്.
കാറ്റാടിയന്ത്രങ്ങള്‍ കടല്‍ പക്ഷികളില്‍ ഉണ്ടാകുന്ന ആഘാതത്തെ കുറിച്ചു പഠനം നടത്തി പ്രശ്നങ്ങൾ കണ്ടെത്തി,എന്നാല്‍ പരിഹാരമാര്‍ഗങ്ങള്‍ ഒന്നും പ്രാബല്യത്തിലായില്ല.
കാറ്റാടിയന്ത്രത്തിന്റെ നിര്‍മാണത്തിന് നേത്യത്വം നല്കുന്ന സ്വീഡിഷ് കമ്പനിയായ വാറ്റന്ഫാളിന് നോര്‍ഫോക്ക് പ്രദേശവാസികളില്‍ നിന്നടക്കം പ്രതിഷേധം നേരിടേണ്ടി വന്നു. പദ്ധതിയുടെ നിര്‍മാണത്തിന് ആവശ്യമായ കേബിളിംഗ് തങ്ങളുടെ വീടുകളില്‍ ആഘാതമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അവർ ഭയക്കുന്നു.
അതേ സമയം വിവാദങ്ങള്‍ക്ക് പ്രതികരണവുമായി കാറ്റാടിയന്ത്രത്തിന്റെ നിര്‍മാണ ചുമതലയുള്ള വാറ്റന്ഫാളും രംഗത്ത് എത്തി. 'കാറ്റാടിയന്ത്രം കാലാവസ്ഥാ വ്യതിയാനത്തെ നേരിടുമ്പോള്‍ നമ്മുടെ ഊര്ജസംവിധാനത്തിന്റെ നട്ടെല്ലായി മാറും. 2050 ഓടെ നമ്മുടെ വൈദ്യുതി ആവശ്യകതയുടെ 80 ശതമാനവും പുനരുപയോഗ ഊര്‍ജം പരിഹരിക്കും. ഇതിന്റെ ഭൂരിഭാഗവും കാറ്റാടിപ്പാടങ്ങളില്‍ നിന്നുമാണ് ലഭിക്കുക', കമ്പനി അറിയിച്ചു.
യു.കെയിലെ വീടുകളുടെ 10 ശതമാനത്തിന് വൈദ്യുതിയെത്തിക്കാന്‍ ഈ പദ്ധതിക്ക് കഴിയും. അതായിത് 39 ലക്ഷം വീടുകള്‍ പദ്ധതിയുടെ ഉപഭോക്താകളാകും. 2020 ല്‍ ബ്രിട്ടനിലെ വൈദ്യുതി വിതരണത്തിന്റെ 24.8 ശതമാനവും സംഭാവന ചെയ്തത് കാറ്റാടിയന്ത്രങ്ങളാണ്. 2030 ഓടെ നെറ്റ് സീറോ കൈവരിക്കുകയാണ് ബ്രിട്ടന്റെ ലക്ഷ്യം.
Content Highlights: windmills in offshore makes it worse for the survival of the seabirds
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..