കൊളാബോസ് കുരങ്ങ്
നൈവാഷ(കെനിയ):''ഭാഗ്യം ഇത്തവണ വന്നപ്പോള്‍ കൊളാബോസ് കുരങ്ങിനെ വീണ്ടും കാണാന്‍ പറ്റി, വംശനാശഭീഷണിയുടെ അങ്ങേയറ്റത്താണവ'' -വന്യജീവി ഫോട്ടോഗ്രാഫറും അമേരിക്കയില്‍ ഐ.ടി. പ്രൊഫഷണലുമായ തിരുവനന്തപുരം സ്വദേശി ജോണ്‍ ലിയോണല്‍ പറഞ്ഞു. 2010 മുതല്‍ കെനിയയില്‍ വരുന്നതാണ് ഞാന്‍. രണ്ടുതവണ അവയുടെ ഫോട്ടോ കിട്ടി. ഇത്തവണയും. തൊപ്പിവെച്ച്, വെളുത്തകോട്ടിട്ടപോലെ മനോഹരവാലുമായി മരത്തില്‍നിന്ന് ഇവ ഇറങ്ങിവരുന്നത് കാണാന്‍തന്നെ നല്ല ഭംഗിയാണ്. ഈ സൗന്ദര്യം തന്നെയായിരുന്നു അവയുടെ ശാപവും.
ചില ഗോത്രവര്‍ഗക്കാര്‍ ഇതിന്റെ വാലും തോലും വസ്ത്രാലങ്കാരത്തിന്റെ ഭാഗമാക്കി. ഈച്ചയാട്ടാനും വാലുപയോഗിക്കുമായിരുന്നു. തോല് ധാരാളം കയറ്റിയയക്കുകയും ചെയ്തു. 1800-കളുടെ അവസാനം രണ്ടു ദശലക്ഷം കൊളാബോസ് തോല് കയറ്റിയയച്ചിട്ടുണ്ടെന്നാണ് കണക്ക്.
1972-ല്‍ കെനിയയിലെ കൗതുകവസ്തുവില്പ്പനശാലകളിലായി 27,000 തോലുണ്ടായിരുന്നു. എത്യോപ്യയില്‍നിന്ന് രണ്ടുലക്ഷം തോല് കയറ്റിയയച്ചിരുന്നു. പരവതാനിയും ചവിട്ടിയും മറ്റും ഉണ്ടാക്കാനുപയോഗിച്ചു. സമുദ്രനിരപ്പില്‍നിന്ന് 10,000 അടി ഉയരത്തിലാണ് ഇവയുടെ വാസം. ''ഇപ്പോള്‍ കെനിയയില്‍ നൈവാഷ തടാകപരിസരത്തും മൗണ്ട് കെനിയയിലുമാണ് ഇവ കുറച്ചുള്ളത്'' -ഗൈഡ് ഡാനിയല്‍ പറഞ്ഞു.
'അംഗഭംഗംവന്ന' എന്ന അര്‍ഥം വരുന്ന ഗ്രീക്ക് പദത്തില്‍ നിന്നാണിവയ്ക്ക് 'കൊളോബോസ്' പേരുവന്നത്. ഇവയ്ക്ക് മറ്റുകുരങ്ങുകളെപ്പോലെ പെരുവിരലില്ല. നവജാതശിശുക്കള്‍ക്ക് പിങ്ക് മുഖവും വെളുത്തകോട്ടുമാണ്. ചിറകുപോലെ തോന്നിക്കുന്ന വെളുത്തരോമങ്ങള്കാരണം ദൂരെനിന്ന് നോക്കിയാല്‍ പക്ഷിയാണോ എന്നുതോന്നിപ്പോകും. പരുന്ത് ഇവയെ റാഞ്ചാനും ശ്രമിക്കും. ഒച്ചയുണ്ടാക്കി ഓടിക്കാന്‍ മുതിര്‍ന്ന കുരങ്ങുകളും.ഇലകളും പഴങ്ങളും വിത്തുകളും പുറമേ ധാതുലവണങ്ങള്‍ അടങ്ങിയ മണ്ണും ഇവ ഭക്ഷിക്കാറുണ്ട്. പുലിയും വലിയ പരുന്തുമാണ് ഇവയുടെ പ്രകൃതിയിലെ ശത്രുക്കള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..