വാഷിംഗ്ടൺ സ്മിത്ത്‌സോണിയൻ ദേശീയ മൃഗശാലയിലെ ഫ്ളമിംഗോകൾ | Photo-Gettyimage
കുറുക്കന്‍റെ ആക്രമണത്തിൽ മൃഗശാലാ അധികൃതർക്ക് നഷ്ടപ്പെട്ടത് 25 അമേരിക്കന്‍ ഫ്‌ളമിംഗോകളെ. വാഷിംഗ്ടണിലെ സ്മിത്ത്‌സോണിയൻ ദേശീയ മൃഗശാലയിലാണ് സംഭവം. തിങ്കളാഴ്ച മൃഗശാല അധികൃതര്‍ കുറുക്കനെ മൃഗശാലയുടെ പരിസര പ്രദേശത്ത് കണ്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 25 ഫ്‌ളമിംഗോകളെയും താറാവ് വിഭാഗത്തിൽപ്പെടുന്ന ഒരു നോർത്തേൺ പിൻടെയ്‌ലിനെയും ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കമ്പി വേലി തുരന്നാണ് കുറുക്കന്‍ ഫ്‌ളമിംഗോകൾക്ക് സമീപമെത്തിയത്. ചിലപ്പോൾ തന്റെ കുഞ്ഞുങ്ങൾക്ക് ആഹാരം തേടി എത്തിയതാകാം കുറുക്കനെന്നാണ് മൃഗശാലയുടെ ഡയറക്ടറായ ബ്രാൻഡീ സ്മിത്തിന്റെ നിഗമനം.
ഫ്‌ളമിംഗോകളെ പാർപ്പിച്ചിരിക്കുന്നയിടത്ത് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ ആക്രമസംഭവം കൂടിയാണിത്. ആക്രമണത്തിൽ മൂന്ന് ഫ്‌ളമിംഗോകൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. നിലവിൽ ഇവയെ മൃഗശാലയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധി സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയാണ് വേലികൾ സ്ഥാപിച്ചത്. നിരവധി മൃഗശാലകളിൽ അംഗീകരിച്ച മാതൃകയിലുള്ള വേലികൾ ഒരുക്കിയിട്ടും ഇത്തരത്തിലൊരു സംഭവം നടന്നതിന്‍റെ ആഘാതത്തിലാണ് അധികൃതർ.
മൃഗശാലയിൽ ശേഷിക്കുന്നത് 49 ഫ്ളമിംഗോകളാണ്.
രണ്ട് ദിവസം കൂടുമ്പോഴും വേലിക്കെട്ടുകൾ പരിശോധന വിധേയമാക്കിയിരുന്നു. സംഭവം നടക്കുന്നതിന് തലേ ദിവസവും ഇത്തരത്തിൽ പരിശോധന നടത്തിയിരുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ ഇൻഫ്രാർറെഡ് മോഷൻ സെൻസറുകളുള്ള ഡിജിറ്റൽ ക്യാമറ സംവിധാനങ്ങളും മൃഗശാലയിലുണ്ട്. ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ഫ്‌ളമിംഗോകളെയും നോർത്തേൺ പിൻടെയ്ൽ താറാവുകളെയും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മൃഗശാലയ്ക്ക് സമീപം വാസമുറപ്പിച്ചിരിക്കുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ ഇലക്ട്രിക് വേലികളും സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് മൃഗശാലാ അധികൃതർ. നിലവിൽ വംശനാശ ഭീഷണി നേരിടുന്നില്ലെങ്കിലും അമേരിക്കയിൽ ഇപ്പോൾ ഫ്ളമിംഗോകൾ അപൂർവ കാഴ്ചയാണ്.
Content Highlights: wild fox kills 25 flamingos and a duck at national zoo in Washington
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..