Stacy from San Diego, CC BY 2.0, via Wikimedia Commons
വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന പക്ഷിയിനമാണ് കാലിഫോര്‍ണിയന്‍ കോണ്ടോര്‍ എന്നറിയപ്പെടുന്ന കഴുകന്മാര്‍. എന്നാല്‍ ഇവയുമായി ബന്ധപ്പെട്ട് ഏറെ പ്രത്യാശ നല്‍കുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് അമേരിക്കയിലെ വന്യജീവി ഗവേഷകര്‍. ആണ്‍ ജനതിക ഡിഎന്‍എ ഇല്ലാതെ തന്നെ അടുത്ത തലമുറയ്ക്ക് ജന്മം നല്‍കാന്‍ ഇവയ്ക്ക് ആവുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
അതായത് കന്യകയായിരിക്കുമ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ (വിര്‍ജിന്‍ ബര്‍ത്ത്) ഇവയ്ക്കാവും. പാര്‍ത്തെനോജെനെസിസ് അല്ലെങ്കില്‍ അസെക്ഷ്വല്‍ റീ പ്രൊഡക്ഷന്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. നേരത്തെ പല്ലികള്‍, പാമ്പുകള്‍, സ്രാവുകള്‍ പോലുള്ള ജീവികളില്‍ ഇത്തരം വിര്‍ജിന്‍ ബര്‍ത്ത് സംഭവിക്കാറുണ്ടെന്ന് കണ്ടെത്തിയിരുന്നു.
മെക്‌സികോയിലും അമേരിക്കയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലുമായി വെറും 500 ഓളം കാലിഫോര്‍ണിയന്‍ കോണ്ടോറുകള്‍ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. 1980 കളില്‍ രണ്ട് ഡസനോളം മാത്രമേ ജീവച്ചിരിപ്പുണ്ടായിരുന്നുള്ളൂ. വര്‍ഷങ്ങള്‍ നീണ്ട സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങളിലൂടെയാണ് അടുത്ത കാലങ്ങളിലായി ഇവയുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്.
സാന്‍ഡിയാഗോ സൂ വൈല്‍ഡ് ലൈഫ് അലയന്‍സില്‍ നിന്നുള്ള കണ്ടെത്തല്‍ അമേരിക്കന്‍ ജനറ്റിക് അസോസിയേഷന്‍ ജേണല്‍ ഓഫ് ഹെറിഡിറ്റിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2001 ലും 2009 ലും വിരിഞ്ഞ കഴുകന്‍ കുഞ്ഞുങ്ങളില്‍ നടത്തിയ ജനിതക പരിശോധനയില്‍ അവയ്ക്ക് അവയുടെ ഡിഎന്‍എയില്‍ ആണ്‍ പക്ഷികളുമായി ബന്ധമില്ലെന്ന് കണ്ടെത്തിയത്. മൃഗശാലയിലെ ആണ്‍ കഴുകന്മാരുമായി ഇണചേര്‍ത്തിയാണ് പ്രജനനം നടത്താറുള്ളത്. എന്നാല്‍ കുഞ്ഞുങ്ങളുടെ ഡിഎന്‍എയില്‍ അച്ഛന്‍ കഴുകന്റെ ജനിതക സാന്നിധ്യം ഉണ്ടായിരുന്നില്ല.
467 ആണ്‍ കഴുകന്മാരെ ഇതിന്റെ ഭാഗമായി പരിശോധിച്ചിരുന്നു. ഇണചേരുന്നതിന് ആണ്‍വര്‍ഗം ജീവിച്ചിരിക്കുമ്പോള്‍ തന്നെ പക്ഷികള്‍ മുട്ടവിരിയിച്ച് കുഞ്ഞുങ്ങളുണ്ടാക്കുന്നത് ആദ്യമായാണ്.
പാര്‍ത്തെനോ ജെനെസിസ് അത്യപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. ഇത് മറ്റ് ജീവികളില്‍ സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പെണ്‍ ജീവിയുടെ ഉള്ളിലെ ഒരു കോശം ബീജമായി പെരുമാറുകയും അണ്ഡവുമായി കൂടിച്ചേര്‍ന്ന് ഭ്രൂണമായി മാറുകയും ചെയ്യുമ്പോഴാണ് പാര്‍ത്തെനോ ജെനെസിസ് അഥവാ അസെക്ഷ്വല്‍ റീ പ്രൊഡക്ഷന്‍ നടക്കുന്നത്. ആണ്‍ വര്‍ഗം ഒട്ടും ഇല്ലാതെ വരുമ്പോഴോ എണ്ണം കുറയുമ്പോഴോ മാത്രമാണ് ഇത് സംഭവിക്കാറുള്ളതും.
എന്തായാലും ഈ കണ്ടെത്തലിനെ ഏറെ മഹത്തരമായാണ് ശാസ്ത്രലോകം കാണുന്നത്. അപ്രതീക്ഷിതമായൊരു കണ്ടെത്തല്‍ കൂടിയായിരുന്നു അത്.
പഠനം നടത്തിയ രണ്ട് പക്ഷികളും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഒന്ന് 2003 ല്‍ തന്നെ ചത്തു. മറ്റൊന്ന് ഏഴ് വയസില്‍ 2017 ലാണ് ചത്തത്. ഇവയുടെ അമ്മ പക്ഷികള്‍ സാധാരണ കഴുകന്മാരെ പോലെ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഒന്നിന് 11 കുഞ്ഞുങ്ങളുണ്ടായി മറ്റേതിന് 23 കുഞ്ഞുങ്ങളുണ്ടായി. ആണ്‍ കഴുകന്മാരുമായുള്ള ഇണചേരലിലൂടെയാണ് ഇതുണ്ടായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..