Image: Sidikul Akbar
ഗൂഡല്ലൂര്‍: പശ്ചിമഘട്ടത്തിന്റെ നീലഗിരി മേഖലയിൽ കാണപ്പെടുന്ന അപൂര്‍വയിനം വരയാടുകളുടെ (നീലഗിരി താർ, Nilgiritragus hylocrius) എണ്ണം കൂടുന്നതായി പഠനം. വേട്ടയാടലും ആവാസവ്യവസ്ഥയില്ലാത്തായതും കാരണം ശുഷ്കിച്ചിരുന്ന താറുകള്‍ മൂന്നിരട്ടിയിലേറെ വര്‍ധിച്ചെന്നാണ് എം.എ. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ഇന്ത്യയുടെ പഠനം സൂചിപ്പിക്കുന്നത്.
ഇവയുടെ എണ്ണത്തെക്കുറിച്ചുള്ള ഔദ്യോഗിക കണക്കുകള്‍ വരാനിരിക്കുന്നതേയുള്ളൂ. ആവാസവ്യവസ്ഥകള്‍ പുനഃസ്ഥാപിക്കപ്പെടുന്നതോടെ ഇവയെ കൂട്ടത്തോടെ കാണാനാവുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എം.എ. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ഇന്ത്യക്കായുള്ള നീലഗിരി താര് സംരക്ഷണപരിപാടിയുടെ കോഓര്‍ഡിനേറ്ററായിരുന്ന പ്രെഡിറ്റ്, 2010നും 2013നുമിടയില്‍ കിന്നകൊറൈ പ്രദേശത്ത് താറിന്റെ കൂട്ടത്തെ കണ്ടതായി നേരത്തെ പഠനങ്ങളില്‍ സൂചിപ്പിച്ചിരുന്നു. ഈ പ്രദേശത്ത് താറുകളുടെഎണ്ണം 10നും 15 നുമിടയില്‍ വര്‍ധിച്ചതായാണ് സൂചന. 2015ലെ ഡബ്ല്യു. ഡബ്ല്യു. എഫിന്റെ റിപ്പോര്‍ട്ടനുസരിച്ച് 3,122 എണ്ണം വരയാടുകള്‍ മാത്രമായിരുന്നു രാജ്യത്തുണ്ടായിരുന്നത്.
2017ല്‍ 420-430 എണ്ണവും 2019ല്‍ 600ലധികവും ഉണ്ടെന്ന് കരുതുന്ന നീലഗിരി താറിന്റെ എണ്ണത്തില്‍ വര്‍ധനയുണ്ടായേക്കാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. വേട്ടയാടലില്‍നിന്നുള്ള സംരക്ഷണം വര്‍ധിച്ചതും ഈ പ്രദേശത്തെ മനുഷ്യസാമീപ്യം കുറഞ്ഞതും വര്‍ധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. എബനാട്, ഷോളൂര്‍ കൊക്കല്‍, ഗ്ലെന്മോര്ഗന്, കോടനാട്, ദേവര്‍ഷോല, മുതുമല എന്നിവയുള്‍പ്പെടെ നീലഗിരിയിലെ വിശാലമായ പ്രദേശങ്ങളില്‍ താര് ഒരുകാലത്ത് പതിവുകാഴ്ചയായിരുന്നു. കുത്തനെയുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ ഈ പ്രദേശങ്ങള്‍, താറിന് അനുയോജ്യമായ ആവാസ വ്യവസ്ഥയായിരുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..