മാവേലിത്തവളകളെന്നറിയപ്പെടുന്ന പാതാളത്തവള | ഫോട്ടോ:സന്ദീപ് ദാസ്
കോഴിക്കോട്: പശ്ചിമഘട്ടത്തിൽ കൂടുതലായി കാണുന്ന മാവേലിത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചേക്കും. വ്യാഴാഴ്ച ചേരുന്ന വനം വന്യജീവി ഉപദേശക ബോർഡിന്റെ വാർഷികയോഗത്തിൽ തീരുമാനമുണ്ടാകും. വനംവകുപ്പ് ഇതുസംബന്ധിച്ച് നേരത്തേ ശുപാർശ നൽകിയിരുന്നു.
‘നാസികബട്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നാണ് ശാസ്ത്രീയനാമം. ‘പർപ്പിൾ ഫ്രോഗ്’ എന്ന് പൊതുവേ അറിയപ്പെടുന്ന ഇവയ്ക്ക് മാവേലിത്തവള, പാതാളത്തവള, പന്നിമൂക്കൻ തവള എന്നിങ്ങനെയും പേരുകളുണ്ട്. ഭൂമിക്കടിയിൽ കഴിയുന്ന ഇവ, പ്രജനനത്തിനായി വർഷത്തിൽ ഒരിക്കൽമാത്രമാണ് പുറത്തേക്കുവരുന്നത്. ഐ.യു.സി.എൻ. (ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) ചുവപ്പുപട്ടികപ്രകാരം വംശനാശഭീഷണി നേരിടുന്നവയാണിവ.
ഇരിഞ്ഞാലക്കുട സെയ്ന്റ് ജോസഫ് കോളേജിലെ സുവോളജി വിഭാഗം അധ്യാപകൻ ഡോ. സന്ദീപ് ദാസാണ് മവേലിത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ്. ഈസയും ഒപ്പമുണ്ടായിരുന്നു.
മാവേലിത്തവള
പരിണാമപരമായി പ്രത്യേകതയുള്ളവയാണ് മാവേലിത്തവളകൾ. 80 മുതൽ 120 ദശലക്ഷം വർഷങ്ങൾക്കുമുമ്പേ ഇവ പരിണമിച്ചിട്ടുണ്ടായെന്ന് കണക്കാക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സീഷെൽസിൽമാത്രം കാണപ്പെടുന്ന ‘സൂഗ്ലോസിഡോ’ എന്ന കുടുംബത്തിലെ തവളകളുമായി ഇവയ്ക്ക് ബന്ധമുണ്ടെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.
അതിനാൽ, ഇവയെ ജീവിച്ചിരിക്കുന്ന ഫോസിലായും ഗോണ്ട്വാനാ സിദ്ധാന്തത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവായും കണക്കാക്കുന്നു. കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിലൂടെ പശ്ചിമഘട്ടത്തിലെ ഇവയുടെ ആവാസസ്ഥലവും അവിടെയുള്ള മറ്റു ജീവജാലങ്ങളും ഒരുമിച്ച് സംരക്ഷിക്കപ്പെടുമെന്നതിനാലാണ് ഇത്തരമൊരു നിർദേശം വനംവകുപ്പ് മുന്നോട്ടുവെച്ചത്.
Content Highlights: purple frog to be entitled as official frog of kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..