പോലീസ് കാറിന് മുകളിൽ കൂടൊരുക്കിയ ഹെറിങ് ഗള്ളുകളുടെ ജോഡി | Photo-facebook.com/DorsetLiveNews
പക്ഷികള്‍ കെട്ടിടങ്ങളിലും മരചില്ലകളിലും കൂടൊരുക്കുന്നത് സാധാരണമാണ്. എന്നാല്‍ പോലീസ് കാറിന് മുകളില്‍ കൂടൊരുക്കി വ്യത്യസ്തരാവുകയാണ് കടല്‍ക്കാക്ക വിഭാഗക്കാരായ ഹെറിങ് ഗള്ളുകളുടെ ജോഡി. ഇംഗ്ലണ്ടിലാണ് സംഭവം. ഡോര്‍സെറ്റ് പ്രവിശ്യയില്‍ അതിര്‍ത്തി സംരക്ഷണ വിഭാഗക്കത്തില്പെടുന്ന ഡോര്‍സെറ്റ് പോലീസിന്റെ കാറിലാണ് കടല്‍ക്കാക്ക കൂടൊരുക്കിയത്.
സംരക്ഷിത വിഭാഗക്കാരായ ഇവയുടെ കൂട് നശിപ്പിക്കുന്നതും മറ്റും വൈല്‍ഡ്ലൈഫ് ആന്‍ഡ് കണ്ട്രിസൈഡ് ആക്ട് 1981 പ്രകാരം നിയമവിരുദ്ധമാണ്. ഡ്യൂട്ടിക്കിടയില്‍ മറ്റ് വാഹനങ്ങള്‍ക്ക് എന്തെങ്കിലും കേടുപാട് പറ്റിയാല്‍ ഉപയോഗിക്കാന്‍ വെച്ചിരുന്ന സ്പെയര്‍ കാറിന്റെ മുകളിലാണ് കൂട്. അതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കില്ലെന്ന് പോലീസ് അധികൃതര്‍ പറയുന്നു.
മറ്റേത് കടല്ക്കാക്കയെയും പോലെ തന്നെ സംരക്ഷിത വിഭാഗത്തില്‍ പെടുന്നവയാണ് ഇവയെന്ന് റോയല്‍ സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ബേര്‍ഡ്സ് (ആര്എസ്പിബി) വക്താക്കള്‍ പറയുന്നു. ദീര്‍ഘനാളായി ഉപയോഗിക്കാത്ത വാഹനമായതിനാലായിരിക്കും കടല്‍ക്കാക്കകള്‍ കൂടൊരുക്കിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നു. കൂട്ടില്‍ മുട്ടയുള്ള ലക്ഷണങ്ങളൊന്നുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൂട്ടില്‍ പാര്‍പ്പുറപ്പിച്ചിരിക്കുന്ന പക്ഷികളുടെ സംരക്ഷണം അതിപ്രധാനമാണെന്ന് റോയല്‍ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവലിറ്റി ടു ആനിമല്‍സ് (ആര്‍എസ്പിസിഎ) അധികൃതര്‍ പറയുന്നു. കാക്കകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ ചിലപ്പോള്‍ അവ കൂടുതന്നെ ഉപേക്ഷിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പു നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..