അനധികൃത ക്വാറികളിലെ സ്ഫോടനശബ്ദം കേട്ട് ഭയന്ന് കാടിറങ്ങി കുളത്തിലും കിണറ്റിലും ചാടി ചാകുന്നത് അധികവും തിച്ചൂർ മേഖലയിലാണ് | ഫോട്ടോ:അഖിൽ ഇ.എസ്
വടക്കാഞ്ചേരി: വൈവിധ്യമാർന്ന മാനുകളാൽ സമ്പന്നമാണ് വടക്കാഞ്ചേരി-മച്ചാട് റേഞ്ചിലെ വനമേഖല. പുള്ളിമാൻ, മ്ലാവ്, കേഴ എന്നീ ഇനങ്ങൾ റേഞ്ചുകളിലെ വനമേഖലയിലെല്ലാം അനവധിയാണ്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ മേഖലയില്‍ നൂറിലധികം മാനുകളാണ് ചത്തൊടുങ്ങിയത്. ശരാശരി ഒരുമാസം പത്ത് മാനുകളെങ്കിലും സ്വാഭാവികമായും അല്ലാതെയും ചാകുന്നു. ഇതിൽ പകുതിയിലധികം തെരുവുനായ്‌ക്കളുടെ ആക്രമണത്തിലും തീവണ്ടി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇടിച്ചുമാണ് ചത്തത്.
നായാട്ടുകാർ ഷോക്കടിപ്പിച്ചും കുരുക്കിട്ടുപിടിച്ചും കൊന്ന കേസുകളും കുറവല്ല. അനധികൃത ക്വാറികളിലെ സ്ഫോടനശബ്ദം കേട്ട് ഭയന്ന് കാടിറങ്ങി കുളത്തിലും കിണറ്റിലും ചാടി ചാകുന്നത് അധികവും തിച്ചൂർ മേഖലയിലാണ്.
വനത്തിനുള്ളിൽ അസുരൻകുണ്ട് ഭാഗത്ത് കാട്ടുനായ്‌ക്കൾ (Wild Dog) ധാരാളമുണ്ട്. ഇവയുടെ പ്രധാന ഇര മാനുകളാണ്. ഇവ ഓടിച്ചിട്ട് മാനുകളെ മാംസം കടിച്ചെടുക്കും. രക്തം വാർന്നാണ് ഇവയ്ക്ക് പിന്നീട് ജീവഹാനി സംഭവിക്കുന്നതെന്ന് വനം വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു.
"അകമലയിലെ വെറ്ററിനറി ക്ലിനിക്കിൽ മ്ലാവ്, പുള്ളിമാൻ എന്നിവയെ ഇടയ്ക്കിടെ ചികിത്സയ്ക്ക് വനപാലകർ എത്തിക്കാറുണ്ട്. ചികിത്സ നൽകി ചെറിയതോതിൽ കടിയേറ്റ മാനുകളെ രക്ഷപ്പെടുത്തി വനത്തിലേക്ക് തിരിച്ചയയ്ക്കാറുണ്ട്. കാട്ടുനായ്‌ക്കൾ ആക്രമിക്കുന്ന മ്ലാവ് ഉൾപ്പെടെ ഒന്നും രക്ഷപ്പെടാറില്ല", ഡോ. ഡേവിഡ് എബ്രഹാം പറയുന്നു.
കാട്ടുനായ്കള്‍ക്ക് പുറമേ നേരത്തെ നായാട്ടുകാർ ഉപേക്ഷിച്ച വേട്ടപ്പട്ടികളും വനത്തിലുണ്ട്. ഇതിനു പുറമേ ഇറച്ചിമാലിന്യം തള്ളുന്നതിനാൽ തെരുവുപട്ടികളും കാടുകയറുന്നത് പതിവായിട്ടുണ്ട്.
കാടുവിട്ട് നാട്ടിലേക്കിറങ്ങുന്ന മാനുകൾക്ക് ഏറ്റവും വലിയ ഭീഷണി തെരുവുനായ്‌ക്കളാണ്. ഇവ ഓടിച്ചാൽ മറയില്ലാത്ത കിണറ്റിൽ മാനുകൾ വീണും ചാവുന്നു. ബുധനാഴ്‌ചയും ഒരു പുള്ളിമാൻ തിച്ചൂരിൽ ആൾത്താമസമില്ലാത്ത വീട്ടുകിണറ്റിൽ വീണ് ചത്തു. അകമല ഭാഗത്ത് കാടിറങ്ങുന്ന മാനുകൾ അധികവും വാഹനങ്ങളിടിച്ചാണ് ചാകുന്നത്.
Content Highlights: more than hundreds of deers dead last year in wadakkancherry-machad forest range
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..