കുരങ്ങിനു മുന്നിൽപ്പോലും തോൽക്കുന്ന മനുഷ്യരും കാടിറങ്ങുന്ന മൃഗങ്ങളും


കെ.പി. നിജീഷ് കുമാര്‍കാട്ടുപന്നികളും കാട്ടാനകളും മാനും കുരങ്ങുമെല്ലാം വന്‍തോതില്‍ നാട്ടിലിറങ്ങി കൃഷിയും ജീവിതവും നശിപ്പിച്ചും കാലാവസ്ഥാ വ്യതിയാനം മൂലം കൃഷി നശിച്ച് ജീവിതം ചോദ്യചിഹ്നമാവുകയും ചെയ്തവര്‍ തന്നെയാണ് കടുവാ ഭീതി കൊണ്ടും ഉറക്കമില്ലാത്തവരായി മാറുന്നത്.

കൂട്ടിലടങ്ങാത്ത ശൗര്യം... വയനാട് സുൽത്താൻബത്തേരി ചീരാൽഗ്രാമത്തിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച് ഭീതിപരത്തിയ കടുവയെ കെണിവെച്ചുപിടിച്ച് പച്ചാടി വന്യമൃഗ സംരക്ഷണപരിചരണ കേന്ദ്രത്തിൽ കൊണ്ടുവന്നപ്പോൾ. പഴൂരിൽ ബത്തേരി-ഊട്ടി അന്തസ്സംസ്ഥാന പാതയോരത്തുനിന്ന് 50 മീറ്റർ അകലെ വനത്തിൽവെച്ചാണ് പിടികൂടിയത് | ഫോട്ടോ: എം.വി. സിനോജ്

ന്യമൃഗങ്ങള്‍ക്ക് കാടും നാടും തിരിച്ചറിയാനാവാത്ത കാലമാണ്. അവര്‍ നാട്ടിലിറങ്ങുന്നു, ആളുകളെ ആക്രമിക്കുന്നു, കൃഷിയും സ്വത്തും അപ്പാടെ നശിപ്പിക്കുന്നു. മലയോരത്ത് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയിട്ട് കാലമേറെയായെങ്കിലും പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ഓരോ ദിവസവും വര്‍ധിച്ചു വരികയുമാണ്. കാട്ടാനകളും കാട്ടുപന്നികള്‍ക്കും പുറമെ കടുവയും പുലിയും വരെ ജനവാസ കേന്ദ്രത്തിലിറങ്ങുകയും മനുഷ്യന്റെ ജീവനും സ്വത്തിനും വരെ ഭീഷണിയാവുകയും ചെയ്യുന്നത് നിത്യസംഭവമായി മാറുന്നു. വയനാട്ടിലെ ചീരാലില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ വനപാലകര്‍ക്ക് കൂട്ടിലാക്കാനായത് ഒരു മാസത്തിന് ശേഷമാണ്. അപ്പോഴേക്കും 14 കന്നുകാലികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

കാട്ടുപന്നികളും കാട്ടാനകളും മാനും കുരങ്ങുമെല്ലാം നാട്ടിലിറങ്ങി കൃഷിയും ജീവിതവും നശിപ്പിക്കുമ്പോള്‍, കാലാവസ്ഥാ വ്യതിയാനം മൂലം കൃഷി നശിച്ച് ജീവിതം ചോദ്യചിഹ്നമായവര്‍ തന്നെയാണ് കടുവാ ഭീതി കൊണ്ടും ഉറക്കമില്ലാത്തവരായി മാറുന്നത്. വയനാട് ചീരാലിലെ മുണ്ടക്കൊല്ലി, പണിക്കരുപടി, കുടുക്കി, വല്ലത്തൂര്‍, പഴൂര്‍, കരുവള്ളി, കണ്ടര്‍മല പ്രദേശങ്ങളിലായിരുന്നു കടുവയുടെ വിളയാട്ടം. സന്ധ്യ കഴിഞ്ഞാല്‍ വീടിന് പുറത്ത് പോലും ഇറങ്ങാന്‍ പേടിച്ച് നിന്ന ജനങ്ങള്‍ കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പേടിച്ച് നിന്ന് രക്ഷിതാക്കള്‍. കടുവയുടെ ആക്രമണത്തില്‍ ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട ക്ഷീര കര്‍ഷകര്‍ സമാനതകളില്ലാത്ത പ്രതിസന്ധികളെയാണ് നേരിടേണ്ടി വന്നിരിക്കുന്നത്‌.ജനവാസ കേന്ദ്രത്തിലിറങ്ങിയ കുരങ്ങന്‍

രക്തം വിയര്‍പ്പാക്കി ഉപജീവനം നടത്തിപ്പോരുന്ന കര്‍ഷകന്റെ വാക്കുകള്‍ ആരും കേള്‍ക്കുന്നില്ലെന്ന പരാതി മലയോര കര്‍ഷകര്‍ക്കിടയില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അതേസമയം ജീവിക്കാനുള്ള അവകാശം മനുഷ്യനെന്ന പോലെ വന്യമൃഗങ്ങള്‍ക്കുമുണ്ട്. വന്യമൃഗങ്ങള്‍ കാടിറങ്ങാതെ നോക്കേണ്ടത് ആരാണ് അഥവാ കാടിറങ്ങിയാല്‍ ആ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടവര്‍ ആരൊക്കെയാണ്?

മൃഗങ്ങള്‍ കാടിറങ്ങുന്നതോ അതോ മനുഷ്യന്‍ കാട് കയറുന്നതോ എന്ന ചോദ്യത്തില്‍ നിന്നാണ് ഈ പ്രശ്‌നത്തെ സമീപിക്കേണ്ടത്. കാരണം കാടിനോട് മനുഷ്യന്‍ അത്രമാത്രം ചെയ്ത് കൂട്ടിയിട്ടുണ്ട്. ആനത്താരകളില്‍ നിര്‍മാണം നടത്തിയും ടൂറിസത്തിന്റെ പേരിലുള്ള കാട്ടിലേക്കുള്ള അധിനിവേശവും അനധികൃത കൃഷിരീതികളുമെല്ലാം മൃഗങ്ങളെ കാടിറക്കുകയാണ്. ജനസംഖ്യ വര്‍ധിച്ചതോടെ കാടും നാടും തമ്മിലുള്ള അകലം കുറഞ്ഞു. കാടിനെ കാടായും നാടിനെ നാടായും മാറ്റാനുള്ള നടപടികള്‍ പലതും സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ല.

സ്റ്റാന്‍ലി

രണ്ടരയേക്കര്‍ ഭൂമിയുള്ള സ്റ്റാന്‍ലി; പക്ഷെ കുരങ്ങന്‍മാര്‍ ജീവിക്കാന്‍ യോഗമില്ലാതാക്കി

ഒക്‌ബോര്‍ 16-ാം തീയതി ഞായറാഴ്ചയാണ് കണ്ണൂര്‍ കണിച്ചാര്‍ പഞ്ചായത്തിലെ ഏലപ്പീടികയിലെ കര്‍ഷകന്‍ വെള്ളക്കല്ലിങ്കല്‍ സ്റ്റാന്‍ലി പെട്രോളും കയറുമെടുത്ത് മരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. കാരണം കുരങ്ങുഭീഷണിയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പല തവണ വീട്ടിനുള്ളില്‍ കയറി കുരങ്ങുകള്‍ വീട്ടുപകരണങ്ങളും ടി.വി അടക്കമുള്ള ഇലക്ട്രോണിക് ഉപരണങ്ങളും വസ്ത്രങ്ങളുമെല്ലാം പൂര്‍ണമായും നശിപ്പിച്ചു കളഞ്ഞു. കര്‍ഷക വിളകളുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട.

കുരങ്ങന്‍മാര്‍ തകര്‍ത്തെറിഞ്ഞ സ്റ്റാന്‍ലിയുടെ കിടപ്പുമുറി

വീട് പൂര്‍ണമായും തകര്‍ത്തുകളഞ്ഞ നിലിയിലായിരുന്നു. സ്റ്റാന്‍ലിയുടെ വയറിംഗ്, മോട്ടോര്‍, ഭക്ഷണസാധനങ്ങള്‍, 18,000 രൂപയുടെ ടി.വി എന്നിവയെല്ലാം പൂര്‍ണമായും തകര്‍ത്തെറിഞ്ഞു കളഞ്ഞു. 150 ഓളം കുരങ്ങന്‍മാര്‍ ആരുമില്ലാത്ത സമയത്ത് ഒരുമിച്ചെത്തിയാണ് ആക്രമണം തുടങ്ങുന്നത്. രണ്ടരയേക്കര്‍ പറമ്പുണ്ടെങ്കിലും തനിക്ക് കൃഷിചെയ്ത് പോലും ജീവിക്കാന്‍ കുരങ്ങന്‍മാര്‍ യോഗമില്ലാതാക്കിയെന്ന് പറയുന്നു സ്റ്റാന്‍ലി. കുരുമുളക് കൃഷിയായിരുന്നു പ്രധാന വരുമാന മാര്‍ഗമെങ്കിലും കവുങ്ങില്‍ നട്ടുവളര്‍ത്തിയ കുരുമുളകെല്ലാം കുരങ്ങന്‍മാര്‍ ഊര്‍ന്നിറങ്ങി നശിപ്പിച്ചുകളഞ്ഞു. നാളികേരം പറിച്ചെറിഞ്ഞു

ഒന്നും രണ്ടും കുരങ്ങന്‍മാര്‍ കാവലിരുന്ന് ബാക്കിയുള്ളവ വീടിനുള്ളില്‍ ഒരുമിച്ച് കയറിയാണ് പരാക്രമമെന്ന് പറയുന്നു സ്റ്റാന്‍ലി. ആരെങ്കിലും വരുന്നത് കണ്ടാല്‍ കാവലിരിക്കുന്നവ സിഗ്നല്‍ നല്‍കും. നിമിഷ നേരം കൊണ്ട് എല്ലാം ഇറങ്ങിയോടും. വനം വകുപ്പ് കുരങ്ങിനെ തുരത്താന്‍ പല വഴികളും നോക്കിയെങ്കിലും ഇവ വീണ്ടും എത്തുന്ന. ജീവിക്കാന്‍ മറ്റ് വരുമാന മാര്‍ഗമില്ലാതായതോടെ പുല്ലുവെട്ടി വരുമാന മാര്‍ഗം കണ്ടെത്തുകയാണ് സ്റ്റാന്‍ലി.

കുരങ്ങന്‍മാര്‍ തകര്‍ത്തെറിഞ്ഞ സ്റ്റാന്‍ലിയുടെ അടുക്കള

കൃഷി ചെയ്യുന്നത് മനുഷ്യനും വിളവെടുക്കുന്നത് മൃഗങ്ങളും

കൃഷി ചെയ്യുന്നത് മനുഷ്യരും വിളവെടുക്കുന്നത് മൃഗങ്ങളും എന്ന നിലയില്‍ ജീവിതം മടുത്തിരിക്കുമ്പോഴാണ് വയനാട്ടില്‍ പലരും കന്നുകാലി വളര്‍ത്തലിലേക്ക് കടന്നത്. വാഴയും കപ്പയും ചേമ്പും ചേനയുമെല്ലാം മലയോരത്ത് കിട്ടാക്കനിയാവുന്നുവെന്ന് പറയുന്നു കര്‍ഷകര്‍. അത്രമാത്രമാണ് കാട്ടുപന്നികളുടേയും കുരങ്ങിന്റേയുമെല്ലാം പരാക്രമം. കാട്ടുപന്നിയും കുരങ്ങുമെല്ലാം ജനവാസ കേന്ദ്രത്തിന് തൊട്ടടുത്തായി സ്ഥിര താമസം തുടങ്ങിയിരിക്കുന്നു. കാട്ടിനുള്ളില്‍ മാത്രം പലപ്പോഴും കാണാന്‍ കഴിയുമായിരുന്ന മയിലുകള്‍ പോലും വയനാട്ടിലെ ജനവാസ മേഖലയില്‍ കാണപ്പെടുന്നുവെന്ന് നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. മയിലുകള്‍ സാധാരണയായി അല്പം വരണ്ടപ്രദേശങ്ങളില്‍ ജീവിക്കുന്നവരാണ്. അവര്‍ നഗരങ്ങളിലേക്കിറങ്ങാന്‍ കാരണം കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങളുമാണ്.

വന്യജീവികള്‍ നാട്ടിലിറങ്ങി മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അപകടമുണ്ടാക്കുകയും കൃഷിയും ഉപജീവന മാര്‍ഗവും നശിപ്പിക്കുമ്പോഴും മാത്രമേ, നമ്മള്‍ ഇതിനെ പറ്റി ആലോചിക്കാറുള്ളൂ. എന്നാല്‍, കാടിനോടുചേര്‍ന്ന സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് നിത്യേന ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നു. കാട്ടുപന്നിയും കുരങ്ങും മുള്ളന്‍പന്നിയുമൊക്കെ അവരുടെ നിത്യജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും കുടിവെള്ളം മലിനമാക്കുകയും താമസസ്ഥലം തകര്‍ക്കുകയും ചെയ്യുന്നു.

രാത്രിയായാല്‍ വയലുകളിലെത്തുന്ന മാന്‍കൂട്ടങ്ങള്‍

പലായനം ചെയ്യുന്ന കര്‍ഷകര്‍

ഒരുകാലത്ത് മുന്നേക്കറോളം കൃഷിയുള്ള കര്‍ഷകനായിരുന്നു വയനാട് പുല്‍പ്പള്ളിയിലെ സജീവന്‍. നെല്ലും കപ്പയും ചേമ്പുമെല്ലാം നിറഞ്ഞ് നിന്ന പറമ്പ്. കൂട്ടത്തോടെ ഇറങ്ങുന്ന കുരങ്ങുകളായിരുന്നു ആദ്യം പണികൊടുത്തു തുടങ്ങിയത്. ചേനയും ചേമ്പുമെല്ലാം ചുവടോടെ പറിച്ചെടുക്കും. കാട്ടുപന്നികള്‍ കൃഷിക്ക് പുറമെ വീട്ടുകാര്‍ക്ക് പോലും അപകടമുണ്ടാക്കാന്‍ തുടങ്ങിയതോടെ കൃഷിമാത്രമല്ല ഇദ്ദേഹം വീടും ഉപേക്ഷിച്ചു. പിന്നെ ഈ ഭൂമിയില്‍ തീറ്റപ്പുല്‍ കൃഷിയില്‍ അതിജീവിക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥിരമായി എത്തുന്ന മാന്‍കൂട്ടങ്ങള്‍ തീറ്റപ്പുല്ലുകള്‍ക്കും ഭീഷണിയായി. കൂട്ടമായത്തെന്ന മാനുകള്‍ കൃഷി നശിപ്പിക്കുക മാത്രമല്ല മല മൂത്ര വിസര്‍ജനം നടത്തുകയും ചെയ്യും. ഇതോടെ ഈ പുല്ലുകള്‍ കന്നുകാലികള്‍ തിന്നാതെയാവുകയും ആവശ്യക്കാരില്ലാതാവുകയും ചെയ്തു. ഇതോടെ തീറ്റപ്പുല്‍ കൃഷിയും നിന്നു. ജീവിക്കാന്‍ മറ്റ് വഴിയില്ലാതായതോടെ വീടും സ്ഥലവും ഉപേക്ഷിച്ച് സജീവന്‍ മലയിറങ്ങി.

മനുഷ്യന്റെ തെറ്റായ ഇടപെടലുകള്‍

മനുഷ്യന്‍ കാടുകയറാന്‍ തുടങ്ങിയപ്പോള്‍ മൃഗങ്ങള്‍ കാടിറങ്ങിയെന്ന വാദത്തിനും കഴമ്പില്ലാതില്ല.വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയില്‍ മനുഷ്യന്റെ ഇടപെടല്‍ കൊണ്ട് കഴിഞ്ഞ കുറെ കാലമായി വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കാട്ടിനുള്ളിലെ നിര്‍മാണ പ്രവൃത്തിയും ക്വാറികളുടെ പ്രവര്‍ത്തനവും മരം മുറിയുമെല്ലാം ഉദാഹരണം മാത്രം. വികസനത്തിനുവേണ്ടി നാം നടപ്പാക്കിയ പല പ്രവര്‍ത്തനങ്ങളും വന്യമൃഗങ്ങളുടെ വാസസ്ഥലങ്ങളെ കീറിമുറിക്കും പോലെയായിരുന്നു. ഇത് നഷ്ടപ്പെടുത്തിയത് അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയാണ്. അനധികൃത ഇടപെടല്‍ മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനം കാട്ടിനുള്ളില്‍ കുടിവെള്ളവും ഭക്ഷണവുമില്ലാതാക്കി. അങ്ങനെ അവര്‍ ഭക്ഷണം തേടിയിറങ്ങിയത് ജനവാസ മേഖലകളിലായി.

കാടിറങ്ങിവരുന്ന മൃഗങ്ങള്‍ക്ക് കാടിനെ അപേക്ഷിച്ച് നാട്ടില്‍ ഇരതേടാന്‍ എളുപ്പമാണ്. ഒരു കൃഷിസ്ഥലത്താണ് ഇറങ്ങുന്നതെങ്കില്‍ ഒരു കൂട്ടത്തിന് വയറുനിറയ്ക്കാനുള്ളത് ഒരിടത്തു നിന്നുതന്നെ കിട്ടുന്നു. മാംസാഹാരികളാണെങ്കിലോ ഉപജീവനത്തിനായി വളര്‍ത്തുമൃഗങ്ങളെ ആശ്രയിക്കുന്ന മനുഷ്യയിടങ്ങളില്‍ നിന്ന് അതും എളുപ്പമാക്കുന്നു. കടുവകളുടെ കാര്യം പറയുമ്പോള്‍ കാട്ടിലെ കൂട്ടത്തില്‍ നിന്നും എന്തെങ്കിലും കാരണത്താല്‍ പുറത്താക്കിയവരും മറ്റ് മൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റവയുമാണ് പ്രധാനമായും ജനവാസ മേഖലയിലേക്ക് ഭക്ഷണം തേടിയിറങ്ങുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വന്യമൃഗങ്ങള്‍ക്കെതിരേയുള്ള പ്രതിരോധസംവിധാനങ്ങള്‍ കുറവായതിനാല്‍ അത് എളുപ്പവുമാണ്. കാട്ടിനകത്താണെങ്കില്‍ വിശപ്പടക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടിവരും. എളുപ്പത്തില്‍ വയറുനിറയ്ക്കാന്‍ ഒരവസരം കിട്ടുമ്പോള്‍ അവര്‍ അത് വിനിയോഗിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലാണ് മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത്. പക്ഷെ ഇതിനെ പ്രതിരോധിക്കാന്‍ ഇനിയും വൈകിയാല്‍ മലയോരത്തെ ജീവിതം തന്നെ ദുസ്സഹമാവുകയും ചെയ്യും.

താമസം അവസാനിപ്പിച്ച പുല്‍പ്പള്ളിയിലെ
വീടുകളിലൊന്ന്‌

കാട്ടാന കൂട്ടമായി എത്തിയാല്‍ കൃഷിയിടം തകര്‍ത്തേ മടങ്ങൂ. ഒറ്റയാന്‍ വന്നാല്‍ ഓടിക്കാതിരിക്കുന്നതാണ് സുരക്ഷിതം. മുന്നില്‍പെട്ടാല്‍ ജീവിതം അപകടത്തിലാകും. ചെന്നായ, മുള്ളന്‍ പന്നി, മരപ്പട്ടി തുടങ്ങിയവയെല്ലാം അതിര്‍ത്തിയിലെ പൊന്തക്കാടുകളില്‍ താവളം കണ്ടെത്തിയിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ കാട്ടിലും പരിസരങ്ങളിലെ ഇളംകാടുകളിലും മാത്രം കണ്ടിരുന്ന മരപ്പട്ടി തെങ്ങില്‍ കയറി കരിക്കുപറിച്ച് വെള്ളം കുടിച്ച് തൊണ്ട് വലിച്ചെറിയുകയാണ്. പണ്ടൊക്കെ ഓലപ്പടക്കം പൊട്ടിച്ചും പന്തം കത്തിച്ച് പേടിപ്പിച്ചും പാട്ടകൊട്ടി ശബ്ദമുണ്ടാക്കയുമെല്ലാം തിരിച്ചോടിക്കുമായിരുന്നു. എന്നാല്‍ ഇന്ന് എത്ര ശബ്ദം ഉണ്ടാക്കിയാലും ഇവയൊന്നും പോകില്ലെന്നും കര്‍ഷകര്‍ പറയുന്നു.

കാടിന്റെ വാഹക ശേഷി

വനങ്ങള്‍ക്ക് വാഹനശേഷി എന്നൊന്നുണ്ട്. അതായത് ഓരോ കാടിനും ഉള്‍ക്കൊള്ളാനാവുന്ന മൃഗങ്ങളുടെ എണ്ണത്തെയാണ് വാഹക ശേഷി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകം മുഴുവനുമുള്ള വന്യജീവി മാനേജ്‌മെന്റ്‌ ഈയൊരു വാഹകശേഷിയെ അടിസ്ഥാനമാക്കിയാണ് നടപ്പിലാക്കുന്നത്. ഒരാനയ്ക്ക് ഏകദേശം 25 സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലം ആവശ്യമുണ്ടെന്നാണ് കണക്ക്. ആ കണക്കു നോക്കുകയാണെങ്കില്‍ കേരളത്തില്‍ 500 ആനകള്‍ക്ക് മാത്രം കഴിയാനുള്ള സ്ഥലം മാത്രമേ നമ്മുടെ വനത്തിനുളളൂ. 500 ആനകള്‍ മാത്രം പറ്റുന്ന കേരളത്തിലെ വനത്തില്‍ ഇപ്പോള്‍ ഏഴായിരത്തോളം ആനകളുണ്ടെന്നാണ് ഏകദേശം കണക്ക്.

ഇടയ്ക്കിടെ കടുവയും പുലിയുമിറങ്ങുന്ന വയനാടിന്റെ മാത്രം കണക്കെടുക്കാം. വയനാട് വന്യജീവി സങ്കേതം 344 സ്‌ക്വയര്‍ കിലോമീറ്ററാണ്. ഒരു കടുവയ്ക്ക് ശരാശരി 20 സ്‌ക്വയര്‍ കിലോമീറ്റര്‍ വേണമെന്നാണ് കണക്ക്. അങ്ങനെ നോക്കുകയാണെങ്കില്‍ വയനാട്ടില്‍ മൊത്തം ഇരുപത് കടുവകള്‍ക്കുളള ഇടമേയുളളൂ. അവിടെയാണ് 2022 ജനുവരിയിലെ കണക്കുപ്രകാരം 125 മുതിര്‍ന്ന കടുവകളും 25-ല്‍ അധികം കടുവക്കുട്ടികളും കഴിയുന്നത്. ഏതുമൃഗമായാലും അവയുടെ എണ്ണം ക്രമാതീതമായി ഉയരുകയും വനം കുറയുകയും ചെയ്യുന്നതാണ് ജനവാസകേന്ദ്രങ്ങളിലേക്കുളള ഇറക്കത്തിന്, നാട്ടിറക്കത്തിനുളള പ്രധാനകാരണം.

ഗ്രില്‍സിനുള്ളിലൂടെ ഭക്ഷണം എടുക്കാന്‍ ശ്രമിക്കുന്ന കുരങ്ങന്‍

ഭക്ഷണമുറപ്പിക്കുക ഏറ്റവും പ്രാഥമിക നടപടി

ജനവാസ മേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളില്‍ ഏറ്റവും കൂടുതല്‍ കാട്ടാനയും മാനും കുരുങ്ങുമാണ്. ഇതിന് പ്രധാന കാരണമായി പറയുന്നതും കാട്ടിനുള്ളിലെ ഭക്ഷണ ലഭ്യതക്കുറവാണ്. ഇക്കാര്യം മുന്‍കൈയെടുത്ത് വനങ്ങളില്‍ മൃഗങ്ങള്‍ക്കാവശ്യമായ ഫലങ്ങള്‍ വനങ്ങളില്‍ കൃഷി ചെയ്യാന്‍ വനം വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. ചക്ക, നെല്ലിക്ക, മാമ്പഴം ഇവയൊക്കെ കാട്ടിനുള്ളില്‍ തന്നെ ലഭ്യമാകുന്ന തരത്തില്‍ കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ തടികൊണ്ടോ മുള്‍ച്ചെടികള്‍കൊണ്ടോ വേലികള്‍ തീര്‍ക്കുന്നതാണ് ഇതില്‍ പ്രധാനം. അല്ലെങ്കില്‍പിന്നെ ഡബ്ല്യു.ഡബ്ല്യു.എഫ്. (വേള്‍ഡ് വൈല്‍ഡ് ഫണ്ട് ഓഫ് നേച്ചര്‍ ) നിര്‍ദേശിക്കുന്നതുപോലെ ചില മൃഗങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ചെടികള്‍ വേലിപോലെ നട്ടുവളര്‍ത്താം. ഉദാഹരണത്തിന് മുളകുചെടികള്‍ നട്ടുപിടിപ്പിച്ചാണ് ഉഗാണ്ടയിലെ കര്‍ഷകര്‍ ആനകളെ അകറ്റി നിര്‍ത്തുന്നതത്രേ. മുളകുചെടികള്‍ ഉള്ളിടത്തേക്ക് ആനകള്‍ വരില്ലെന്ന് മാത്രമല്ല, മുളക് പിന്നീട് ഒരു കാര്‍ഷിക വിളയായി വില്‍ക്കുകയുമാവാം.

നൂതനസംവിധാനങ്ങള്‍ ഉപയോഗിച്ച് വന്യമൃഗങ്ങളെ കണ്ടെത്തലാണ് മറ്റൊരു രീതി. ആഫ്രിക്കയിലെ മസായ് മാരയില്‍ ഇത്തരത്തില്‍ നാട്ടിലിറങ്ങി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ആനകള്‍ക്ക് ഫോറസ്റ്റ് റേഞ്ചര്‍മാരുടെ സഹായത്തോടെ റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഇത്തരം മൃഗങ്ങള്‍ മനുഷ്യവാസകേന്ദ്രങ്ങള്‍ക്കടുത്തെത്തുന്നത് മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കും. റേഡിയോ കോളര്‍ ഉപയോഗിച്ചുള്ള സംവിധാനം നമ്മുടെ കേരളത്തിലും ഇപ്പോള്‍ പ്രചാരത്തിലുണ്ട്. ഓരോ സ്ഥലത്തിന്റെയും അവിടത്തെ മൃഗങ്ങളുടെയും പ്രത്യേകതകള്‍ മനസ്സിലാക്കി മൃഗങ്ങള്‍ക്കോ മനുഷ്യര്‍ക്കോ ഒരുതരത്തിലുമുള്ള ദോഷങ്ങളും വരാത്ത രീതിയില്‍വേണം ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. ഇതിനായി ഉദ്യോഗസ്ഥരും നാട്ടുകാരും വളരെയധികം സഹകരിക്കേണ്ടതുണ്ട്.

വടക്കനാട് കൊമ്പനെ പിടിച്ചുകെട്ടിയപ്പോള്‍.

വടക്കനാട് സമരത്തിന് നാല് വര്‍ഷം, ഉത്തരവുകള്‍ പാലിക്കപ്പെട്ടില്ല

വന്യമൃഗശല്യ പരിഹാരത്തിനായി ദിവസങ്ങളോളം പട്ടിണി കിടന്ന് നേടിയെടുത്ത സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കിക്കിട്ടാന്‍ നാലുവര്‍ഷത്തിനുശേഷം വീണ്ടും വലിയൊരു സമരത്തിനൊരുങ്ങുകയാണ് സുല്‍ത്താന്‍ബത്തേരിയിലെ വടക്കനാട്ടുകാര്‍. ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നാലുവര്‍ഷം പിന്നിട്ടിട്ടും കടലാസിലുറങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് വീണ്ടുമൊരു സമരത്തെക്കുറിച്ച് നാട്ടുകാര്‍ ആലോചിക്കുന്നത്.

വന്യമൃഗശല്യം പരിഹരിക്കുന്നതിനായി കാടും നാടും വേര്‍തിരിച്ച് സുരക്ഷാമതില്‍ കെട്ടണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 2018ല്‍ വടക്കനാട് നിവാസികള്‍ നടത്തിയ അനിശ്ചിതകാല നിരാഹാരസമരം വലിയ ചര്‍ച്ചയായിരുന്നു. വയനാടുകണ്ട വലിയപ്രക്ഷോഭത്തിന് പതിനായിരങ്ങളുടെ പിന്തുണയും ലഭിച്ചിരുന്നു. 2018 മാര്‍ച്ച് 17 നാണ് വയനാട് വന്യജീവിസങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിന് മുന്നില്‍ പന്തല്‍കെട്ടി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്.

ഐക്യദാര്‍ഢ്യവുമായി ആയിരങ്ങളാണ് ഓരോ ദിവസവും എത്തിക്കൊണ്ടിരുന്നത്. സമരം ശക്തമായതോടെ നാട്ടുകാരുടെ ആവശ്യം എത്രയുംപെട്ടെന്ന് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 27ന് സമരം അവസാനിപ്പിച്ചു. പ്രദേശത്തെ സ്ഥിരം ശല്യക്കാരനായ വടക്കനാട് കൊമ്പന്റെ ആക്രമണത്തില്‍ മഹേഷ് എന്ന സ്‌കൂള്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടതോടെ അതേവര്‍ഷം മേയ് 20ന് വടക്കനാട്ടെ അമ്മമാര്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി.

കൊമ്പനെ പിടിക്കാമെന്ന ഉറപ്പില്‍ മേയ് 31ന് സമരം അവസാനിപ്പിച്ചു. ആനയെ പിടികൂടി കൂട്ടിലടച്ചെങ്കിലും വനാതിര്‍ത്തിയിലെ സുരക്ഷാക്രമീകരണം നടപ്പാകാതെ കിടന്നു.

ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ വടക്കനാട് ഗ്രാമത്തിന് ചുറ്റും 34 കിലോമീറ്ററില്‍ സുരക്ഷയൊരുക്കുന്നതിന് ഡി.പി.ആര്‍. തയാറാക്കി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ആദ്യഘട്ടമായി മാങ്കുളം മോഡല്‍ റോപ് ഫെന്‍സിങ് നടപ്പാക്കാന്‍ തീരുമാനിക്കുകയും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കുകയും ചെയ്തു. മൂന്നരക്കിലോമീറ്റര്‍ വടക്കനാട്ടും ആറര ക്കിലോമീറ്റര്‍ തോട്ടാമൂലയിലും നടപ്പാക്കാനായിരുന്നു പദ്ധതി. ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍, നാളിതുവരെ പദ്ധതി നടപ്പായിട്ടില്ല. സമരം ചെയ്ത് നേടിയെടുത്ത ഉറപ്പുകളെല്ലാം ജലരേഖകളായപ്പോള്‍ കര്‍ഷകഭൂമിയില്‍ വന്യജീവികളുടെ വിഹാരം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

വനത്താല്‍ ചുറ്റപ്പെട്ട വടക്കനാട് പകല്‍ പോലും വന്യമൃഗശല്യം രൂക്ഷമാണ്. നാലുഭാഗത്തുനിന്നും വന്യമൃഗങ്ങള്‍ കൂട്ടമായിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. വിളവിറക്കുന്നതുമുതല്‍ രാവും പകലും കാവലിരുന്നാലും വന്യമൃഗങ്ങള്‍ എല്ലാം നശിപ്പിക്കുകയാണ്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ വിശ്വസിച്ച് നാലുവര്‍ഷം കാത്തിരുന്നെങ്കിലും യാതൊരു നടപടിയുമായില്ല. യാതൊരുതരത്തിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെവന്നതോടെ വീണ്ടും സമര മുഖത്തേക്ക് പോവുകയാണ് പ്രദേശവാസികള്‍

കൂരാച്ചുണ്ടില്‍ വീട്ടില്‍ കയറിയ കാട്ടുപന്നി

നഷ്ടപരിഹാരം നാമമാത്രം

കാട്ടുമൃഗങ്ങള്‍ മൂലം കൃഷിനാശം ഉണ്ടാകുന്ന കര്‍ഷകര്‍ക്കു നല്‍കുന്ന നഷ്ടപരിഹാരം നാമമാത്രമാണ്. ആന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയടക്കമുള്ള കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലകളിലിറങ്ങി കൃഷി നശിപ്പിക്കുന്നത് തുടര്‍ക്കഥയാണ്. ചേനയും ചേമ്പും കപ്പയും വാഴയുമെല്ലാം മൃഗങ്ങള്‍ നശിപ്പിക്കാറുണ്ട്. ഈ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ വനം വകുപ്പ് മുഖേന നഷ്ടപരിഹാര തുക ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണു തുകയില്‍ കുറവു വരുത്തിയത്. വന്യജീവികളുടെ ആക്രമണത്തില്‍ ജീവഹാനിയുണ്ടായാല്‍ പത്തു ലക്ഷം രൂപയും പരിക്കേറ്റാല്‍ 75,000 രൂപയുമാണ് ഇപ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരം. മോട്ടോര്‍ വാഹന ഇന്‍ഷ്വറന്‍സിന്റെ മാതൃകയില്‍ നഷ്ടപരിഹാരം കണക്കാക്കി തുക നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നട്ടെല്ലിനും മറ്റും പരിക്കേറ്റ്, കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്തവര്‍ക്കു 75,000 രൂപ കൊണ്ട് എന്തു ചെയ്യാന്‍ കഴിയും.

നഷ്ടപരിഹാര തുകയ്ക്കായി വനംവകുപ്പിന്റെ ഓഫീസുകള്‍ കയറി ഇറങ്ങിയ പല കര്‍ഷകര്‍ക്കും ലഭിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ യാത്രാ ചെലവിലും മറ്റുമായി നഷ്ടപ്പെടുന്നുണ്ട്. കൃഷിനാശം സംബന്ധിച്ച് കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് അടക്കം വനം വകുപ്പിന് അപേക്ഷ സമര്‍പ്പിക്കണം. ഇവര്‍ വീണ്ടും അന്വേഷണം നടത്തി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറാണ് തുക അനുവദിക്കുന്നത്. പട്ടയത്തിന്റെ പകര്‍പ്പ്, കരം അടച്ച രസീതിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബന്ധപ്പെട്ട കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, നശിച്ച വിളകളുടെ ഫോട്ടോ എന്നിവടയക്കമാണ് അപേക്ഷ നല്‍കേണ്ടത്. ഇതിനുശേഷം തുക അനുവദിച്ച് ഉത്തരവുണ്ടായാല്‍ അതോടൊപ്പം ലഭിക്കുന്ന ബില്ലില്‍ റവന്യു സ്റ്റാമ്പ് ഒട്ടിച്ച് അപേക്ഷകന്‍ ഒപ്പിട്ട് വനംവകുപ്പിന്റെ ഡിവിഷനില്‍ ഓഫീസില്‍ എത്തിക്കണം. ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് മുന്‍ഗണന ക്രമത്തില്‍ ലഭ്യമാക്കുന്നമെന്നാണ് ഡിവിഷണല്‍ ഓഫീസറുടെ ഉത്തരവില്‍ പറയുന്നത്. ചുരുക്കത്തില്‍ യാത്രാചെലവ് ഉള്‍പ്പെടെ മുടക്കുന്ന കര്‍ഷകന്റെ കൈവശം നഷ്ടപരിഹാരതുക ലഭിക്കണമെങ്കില്‍ വീണ്ടും കാത്തിരിക്കണം.

എ.കെ ശശീന്ദ്രന്‍

നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നത് ഗൗരവമായി പരിഗണിക്കും-എ.കെ ശശീന്ദ്രന്‍

വയനാട് ജില്ലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം എന്ന നിലയില്‍ വനം വകുപ്പ് തയ്യാറാക്കുന്ന സമഗ്ര മാസ്റ്റര്‍ പ്ലാന്‍ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും ഇതിനായി ജനപ്രതിനിധികളുമായും ബന്ധപ്പെട്ട ജനവിഭാഗങ്ങളുമായും ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടത്തുമെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. കാടും നാടും വേര്‍ത്തിരിക്കുന്നതിനായി വയനാടിന് മൊത്തത്തിലുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള പ്രാഥമികമായ വിവരങ്ങളും രേഖകളും ശേഖരിച്ചു കഴിഞ്ഞു. ഇനി ഓരോ സ്ഥലത്തും എന്തെല്ലാം ചെയ്യണം, ഇതു വരെ എന്തെല്ലാം ചെയ്തു, അവ എത്രത്തേളം ഫലപ്രദമാണ്, ഓരോ പ്രദേശത്തിനും അനുയോജ്യമായ പ്രതിരോധ സംവിധാനങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍പരിശോധിച്ച് വിശദമായ ചര്‍ച്ചകളിലൂടെ പ്ലാന്‍ തയ്യാറാക്കണം. ഇതിനായി ഡി.എഫ്.ഒമാര്‍ പ്രാദേശിക തലങ്ങളില്‍ കൂടിയാലോചനകള്‍ നടത്തും. തുടര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് എവിടെ നിന്നെല്ലാം ഫണ്ട് കണ്ടെത്താം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ആര്‍.ആര്‍.ടിയെ ശക്തിപ്പെടുത്തല്‍, നിരീക്ഷണത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം, ലൈന്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ചെയ്യാവുന്ന കാര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തും. ജനങ്ങളെ വിശ്വാസത്തിലെടുത്താണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ടു പോകുകയുള്ളൂ. ചീരാലിലെ കടുവ ശല്യത്തിനെതിരായ ജനകീയ പ്രതിഷേധത്തെ സര്‍ക്കാറിനെതിരായ നീക്കമായല്ല കണ്ടത്. അതിനെ പോസിറ്റീവായി കണ്ടുള്ള സമീപനമാണ് സര്‍ക്കാറും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരും സ്വീകരിച്ചത്.

കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വനാതിര്‍ത്തിയുമായി ബന്ധപ്പെട്ട സാഹചര്യമല്ല കേരളത്തിലുള്ളത്. അവിടങ്ങളില്‍ ജനവാസ മേഖലകള്‍ അതിര്‍ത്തി പങ്കിടുന്നത് കുറവാണ്. ഇവിടത്തെ സ്ഥിതി അതല്ല. ആയതിനാല്‍ അവിടങ്ങളിലെ എല്ലാ രീതികളും ഇവിടെ പ്രായോഗികമല്ലെന്ന് മനസ്സിലാക്കണം. ഗുജറാത്തിലും മറ്റും ബഫര്‍സോണ്‍ പോലും പ്രശ്‌നമല്ല. വനം വകുപ്പ് ഏറ്റെടുത്ത ശേഷം നാല് സംസ്ഥാനങ്ങളിലെ ഭരണാധികാരികളുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Content Highlights: man and animel clashes in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented