ജാപ്പനീസ് ചെന്നായ | CARL HUBERT DE VILLENEUVE|WIKIMEDIA COMMONS
ടോക്യോ: 115 കൊല്ലങ്ങള്‍ക്കുമുമ്പേ വംശനാശം വന്നുപോയ ജാപ്പനീസ് ചെന്നായ്ക്കളാണ് നായ്ക്കളുടെ തിരിച്ചറിഞ്ഞ ഏറ്റവും അടുത്ത ബന്ധുവെന്ന് ഗവേഷകര്‍. കിഴക്കന്‍ ഏഷ്യയിലുണ്ടായിരുന്ന ചാരച്ചെന്നായ്ക്കളില്‍ നിന്നാണ് (20,000 മുതല്‍ 40,000 വരെ കൊല്ലങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്നവ) ജാപ്പനീസ് ചെന്നായയും ഇന്നുകാണുന്ന നായ്ക്കളും പരിണമിച്ചതെന്ന് ഇവര്‍ അനുമാനിക്കുന്നു.
ജപ്പാനിലെ ഹയമയിലുള്ള ഗ്രാജ്വേറ്റ് യൂണിവേഴ്‌സിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ യോഹെ ടെറായിയും സംഘവുമാണ് ഡി.എന്‍.എ. പരിശോധനയ്ക്കു പിന്നില്‍.
ജാപ്പനീസ് ദ്വീപുസമൂഹങ്ങളില്‍ ആയിരക്കണക്കിന് കൊല്ലങ്ങളോളം ജീവിച്ചവയാണ് ജാപ്പനീസ് ചെന്നായ്ക്കള്‍. 1905-ല്‍ അവസാനത്തേതും ചത്തതോടെ പൂര്‍ണവംശനാശം സ്ഥിരീകരിച്ചു. മനുഷ്യന്റെ വേട്ടയാണ് വംശം മറയാന്‍ കാരണമായത്. മ്യൂസിയങ്ങളില്‍ സൂക്ഷിച്ച ഇവയുടെ എല്ലുകളില്‍നിന്ന് ശേഖരിച്ച ഡി. എന്‍.എ.യാണ് പഠനത്തിനു വിധേയമാക്കിയിരിക്കുന്നത്. ആധുനിക നായ്ക്കള്‍, ന്യൂഗിനിയിലെ പാടും നായ്ക്കള്‍, ഓസ്‌ട്രേലിയന്‍ നായ്ക്കള്‍ എന്നിവയുടെ ഡി.എന്‍.എ.യ്ക്ക് ജാപ്പനീസ് ചെന്നായകളുടേതുമായി അഞ്ചുശതമാനം സാമ്യമാണ് ഇവര്‍ കണ്ടെത്തിയത്.
19-ാം നൂറ്റാണ്ടിനും 20-ാം നൂറ്റാണ്ടിനുമിടയില്‍ ജീവിച്ചിരുന്ന ഒന്‍പതുതരം ചെന്നായ്ക്കള്‍, ജപ്പാനില്‍ കണ്ടുവരുന്ന 11 തരം നായ്ക്കള്‍, കുറുക്കന്‍മാര്‍ എന്നിവയുടെ ജനിതകഘടനയാണ് പഠനത്തിനുവിധേയമാക്കിയത്.
കിഴക്കന്‍ ഏഷ്യയില്‍ ജീവിച്ചിരുന്ന ചാരച്ചെന്നായ്ക്കളില്‍ ഒരുവിഭാഗം ജപ്പാനിലേക്ക് പലായനം ചെയ്തുവെന്നാണ് കരുതുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..