പ്രതീകാത്മക ചിത്രം | Photo: AP
ന്യൂഡല്‍ഹി: വംശനാശത്തിന്റെ വക്കിലെത്തിയ കടുവകളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്തു. ലോകത്താകമാനമുള്ള കടുവകളുടെ 70 ശതമാനം വരുന്ന കടുവകളുടെ വാസസ്ഥലം ഇപ്പോള്‍ ഇന്ത്യയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കടുവകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിതിനൊപ്പം കടുവകളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 6 ശതമാനം വളര്‍ച്ചയുണ്ടായതായും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
കടുവകളുടെ എണ്ണം ഇരട്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു തുടങ്ങിയത് 2018-ലാണ്. പീറ്റേര്‍സ്ബര്‍ഗ് ഡിക്ലറേഷന്‍ ഓണ്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ നിലവില്‍ വരുന്നതിന് മുമ്പാണിത്.
76,000 സ്‌ക്വയര്‍ കിലോമീറ്ററിന് 53 കടുവകളുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ ഇന്ന് 2,967 കടുവകളുണ്ട്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കൃത്രിമ പ്രജനനത്തിലൂടെ കടുവകളെ അവതരിപ്പിക്കുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രകൃതായുള്ള ആവാസവ്യവസ്ഥയിലാണ് ഇതൊക്കെ സംഭവിക്കേണ്ടതെന്നും സത്യവാങ്മൂലത്തില്‍ അതോറിറ്റി കൂട്ടിച്ചേര്‍ത്തു.
പ്രകൃതിയുമായി ഇഴ ചേര്‍ന്നുള്ള ശാസ്ത്രീയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് രാജ്യത്ത് കടുവകളുടെ എണ്ണം ഇരട്ടിച്ചതിനുള്ള പ്രധാന കാരണമെന്നും വിലയിരുത്തപ്പെടുന്നു. 2006, 2010, 2014, 2018 തുടങ്ങിയ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച സര്‍വ്വേയില്‍ കടുവകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
പന്തേര ടൈഗ്രിസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നവരാണ് കടുവകള്‍. മാര്‍ജ്ജാര കുടുംബത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലുതും ശക്തിയേറിയതുമായ അംഗമാണ്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ആണ്‍കടുവയ്ക്ക് 200 കിലോഗ്രാം ഭാരമുണ്ടാകും. ഇന്ത്യ, റഷ്യ, ചൈന, വിയറ്റ്നാം, ലാവോസ്, കംബോഡിയ, തായ്‌ലാന്‍ഡ്, മലേഷ്യ, മ്യാന്മാര്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളിലാണ് കടുവകളെ സാധാരണയായി കണ്ടുവരുന്നത്.
Content Highlights: india now home to 70 percentage of world's tiger population
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..