ഓസ്ട്രേലിയയിൽ കണ്ടെത്തിയ ഭീമൻ തവള | Photo-AP
നമ്മുടെ പരിസരത്ത് സ്ഥിരമായി കാണുന്ന ജീവിവര്‍ഗമാണ് തവളകള്‍. ഇത്തിരിക്കുഞ്ഞന്മാര് മുതല്‍ വലിപ്പമുള്ളവ വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇവ അധിക വലിപ്പം ആര്ജിക്കാറില്ല. ഇതിനൊരു വിരോധാഭാസമായി തീര്‍ന്നിരിക്കുകയാണ് ഓസ്ട്രേലിയയില്‍ കണ്ടെത്തിയ വലിപ്പമേറിയ തവള. അസാധാരണ വലിപ്പം മൂലം 'ടോഡ്സില' എന്നാണ് ഈ തവളയ്ക്ക് നൽകിയ പേര്. തവളയ്ക്ക് 2.7 കിലോഗ്രാം തൂക്കം വരും. ക്വീന്‍സ്ലന്‍ഡിലുള്ള കോണ്‍വേ ദേശീയ ഉദ്യാനത്തില്‍ ട്രാക്ക് വര്‍ക്കുകള്‍ നടക്കുന്നതിനിടെയാണ് പാര്‍ക്ക് റേഞ്ചർ പെൺതവളയെ കണ്ടെത്തിയത്.
യഥാര്‍ത്ഥ പ്രായം വ്യക്തമല്ല. പ്രദേശത്ത് ഏറെ നാളായി ഇവയുടെ സാന്നിധ്യമുണ്ടായിരുന്നെന്ന നിഗമനത്തിലാണ് വിദ്ഗധ സംഘം. 15 വര്‍ഷം വരെ ആയുസ്സുള്ള കെയ്ന്‍ വിഭാഗത്തില്‍പെടുന്ന തവളയാണിത്. കണ്ടെയ്നറിലാക്കിയ തവളയെ ഒടുവില്‍ വനമേഖലയില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു. കരിമ്പുചെടികള്‍ നശിപ്പിക്കുന്ന വണ്ടിനെ തുരത്താന്‍ 1935-ലാണ് കെയ്ന്‍ തവളയെ ക്വീന്‍സ്ലന്‍ഡില്‍ അവതരിപ്പിച്ചത്.
വായിലൊതുങ്ങുന്നതെന്തും അകത്താക്കാന്‍ പോന്നവയാണ് കെയ്ന്‍ തവളകള്‍. ചെറിയ പ്രാണികള്‍ മുതല്‍ സസ്തനികള്‍ വരെ ആഹാരപ്പട്ടികയില് ഉള്‍പ്പെടുന്നു. ദക്ഷിണ-മധ്യ അമേരിക്കന്‍ സ്വദേശികളായ കെയ്ന്‍ തവളകള്‍ക്ക് ഓസ്ട്രേലിയയില്‍ പ്രകൃത്യാലുള്ള വേട്ടക്കാരില്ല. ഭൂഖണ്ഡത്തില്‍ 200 ദശലക്ഷം കെയ്ന്‍ തവളകളുള്ളതായി കണക്കാക്കപ്പെടുന്നു.
ഒരു നൂറ്റാണ്ടിന് മുമ്പ് നൂറോളം വരുന്നവ മാത്രമാണുണ്ടായിരുന്നത്. അധിനിവേശ വിഭാഗത്തില്പെടുന്നതാതിനാല് ഒടുവില്‍ 'ടോഡ്സില'യെ ദയാവധത്തിന് വിധേയമാക്കുകയായിരുന്നു. വിഷമുള്ളയിനം തവളകളാണ് കെയ്ന്‍ തവളകള്‍. ഇവ മൂലം ചില പ്രാദേശികജീവികളുടെ വംശം നശിച്ചു പോയിട്ടുണ്ട്. കെയ്ന്‍ തവളയുടെ മൃതദേഹം ക്വീന്‍സ്ലന്‍ഡ് മ്യൂസിയത്തിന് സമര്‍പ്പിക്കും. സ്വീഡനില്‍ 1991-ല്‍ കണ്ടെത്തിയ പ്രിന്‍സെന്‍ എന്ന് വിളിപ്പേരുള്ള തവളയാണ് ഇതിന് മുമ്പ് കണ്ടെത്തിയതില്‍ ഏറ്റവും വലിപ്പമേറിയത്. 2.65 കിലോഗ്രാം ഭാരമായിരുന്നു പ്രിന്സെന്നുണ്ടായിരുന്നത്.
Content Highlights: giant cane toad weighing 2.7 kg found in Australia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..