പ്രതീകാത്മക ചിത്രം | ഫോട്ടോ:പ്രശോഭ്.എ
മൂന്നാര്‍: വന്യമൃഗങ്ങളുടെ സാന്നിധ്യം ജനങ്ങളെ അറിയിക്കാന്‍ ഏര്‍പ്പെടുത്തിയ മുന്നറിയിപ്പ് സംവിധാനം വിപുലപ്പെടുത്തി വനംവകുപ്പ്. കാട്ടാന ഇറങ്ങിയ സ്ഥലങ്ങളേക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു ഇതുവരെ സംവിധാനത്തിലൂടെ നല്‍കിയിരുന്നത്. എന്നാല്‍ പുലി, കടുവ എന്നിവ ഇറങ്ങുന്ന അവസരങ്ങളിലും സന്ദേശം നല്‍കിത്തുടങ്ങി. മേഖലയില്‍ ഇവയുടെ സാന്നിധ്യവും ശല്യവും കൂടിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് സംവിധാനം വിപുലപ്പെടുത്തിയത്. മുന്നറിയിപ്പ് സംവിധാനം വിജയമാണെന്ന് വനംവകുപ്പ് പ്രതികരിച്ചു. വാട്‌സാപ്പ്, ടെക്സ്റ്റ് മെസേജ് എന്നിവ വഴിയാണ് മുന്നറിയിപ്പ് നല്‍കുന്നത്.
സംവിധാനം ഇങ്ങനെ....
വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി രണ്ടുവര്‍ഷം മുന്‍പാണ് മുന്നറിയിപ്പ് സംവിധാനം ആരംഭിച്ചത്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനാണ് പദ്ധതി തയ്യാറാക്കിയത്.
വന്യമൃഗങ്ങള്‍ ഇറങ്ങിയതായി അറിവ് ലഭിച്ചാല്‍ ഓരോ വനമേഖഖലയിലുമുള്ള വാച്ചര്‍മാരുടെ നേതൃത്വത്തിലാരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പുകള്‍, ആര്‍.ആര്‍.ടിയുടെയുടേയും ജനജാഗ്രതാ സമിതിയുടെയും വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ എന്നിവയിലൂടെ സന്ദേശം കൈമാറും. ടെക്സ്റ്റ് മെസേജും നല്‍കും. ഇതിലൂടെ വന്യമൃഗങ്ങളുടെ മുന്നില്‍പ്പെടാതെ പൊതുജനങ്ങള്‍ക്ക് ശ്രദ്ധിക്കാനാകും.
പദ്ധതി ആരംഭിച്ചതിനുശേഷം തോട്ടം തൊഴിലാളികളടക്കമുള്ളവര്‍ക്കു നേരെയുണ്ടായിരുന്ന വന്യമൃഗ ഭീഷണി ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിഞ്ഞെന്ന് മൂന്നാര്‍ റെയിഞ്ച് ഓഫീസര്‍ എസ്. ഹരീന്ദ്രകുമാര്‍ പറഞ്ഞു.
മൂന്നാറിലെ വിവിധപ്രദേശങ്ങളില്‍ വന്യജീവി ആക്രമണം രൂക്ഷമായി തുടരുകയായി. ടൗണില്‍തന്നെ പലവട്ടം കാട്ടാനയിറങ്ങി നാശമുണ്ടാക്കുന്നുണ്ട്. തോട്ടം മേഖലകളില്‍ കടുവയും പുലിയും ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവാണ്. അതിനാല്‍ മുന്നറിയിപ്പ് സംവിധാനത്തിനൊപ്പം കാട്ടുമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് തടയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Content Highlights: forest department extends facilities for WhatsApp alert about wild animals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..