പ്രതീകാത്മക ചിത്രം| Photo: PTI
ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളെ സംസ്ഥാനത്തെ മറ്റ് വന്യജീവി സങ്കേതങ്ങളിലേക്ക് മാറ്റാനൊരുങ്ങി അധികൃതർ. മന്ദസോര്‍, നീമച്ച് തുടങ്ങിയ ജില്ലകളില്‍ സ്ഥിതി ചെയ്യുന്ന ഗാന്ധി സാഗര്‍ വന്യജീവി സങ്കേതത്തിലേക്കാകും ഏതാനും ചീറ്റകളെ മാറ്റുക. മുന്‍പ് രാജസ്ഥാനിലെ മുകുന്ദ്ര ഹില്‍സ് ടൈഗര്‍ റിസര്‍വിലേക്ക് ചീറ്റകളെ മാറ്റാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ചീറ്റ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റിയുടെ അന്തിമതീരുമാനത്തില്‍ ഗാന്ധി സാഗര്‍ വന്യജീവി സങ്കേതം ഇതിനായി തിരഞ്ഞെടുക്കുകയായിരുന്നു.
ഗാന്ധി സാഗറിന് ശേഷം ചീറ്റകളെ മാറ്റി പാര്‍പ്പിക്കാന്‍ അത്യുത്തമം എന്ന് കരുതുന്ന സ്ഥലം നൗറദേഹി വന്യജീവി സങ്കേതമായിരിക്കുമെന്നും അധികൃതര്‍ പ്രതികരിച്ചു. നവംബറോടെ ചീറ്റകളെ സ്വീകരിക്കാന്‍ ഗാന്ധി സാഗര്‍ വന്യജീവി സങ്കേതം ഒരുങ്ങും. എന്നാല്‍ നിലവിലെ സ്ഥിതിഗതികള്‍ പ്രകാരം ഇതിനും മുമ്പേ തന്നെ ചീറ്റകളെ ഗാന്ധി സാഗറിലെത്തിക്കാന്‍ കഴിഞ്ഞക്കുമെന്ന പ്രത്യാശ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് മിനിസ്ട്രി ചന്ദ്ര പ്രകാശ് ഗോയല്‍ പങ്ക് വെച്ചു.
കുനോയ്ക്ക് 21 ചീറ്റകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. 20 ചീറ്റകളെയാണ് ഇവിടെ എത്തിച്ചത്. ഇതോടാപ്പം നാല് ചീറ്റക്കുഞ്ഞുങ്ങള്‍ ദേശീയോദ്യാനത്തില്‍ പിറന്നു. പ്രായപൂര്‍ത്തിയായ മൂന്ന് ചീറ്റകളും മൂന്ന് ചീറ്റക്കുഞ്ഞുങ്ങളും ഇവിടെ ചത്തു. എന്നാല്‍ ഭാവിയില്‍ എണ്ണം കൂടിയേക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ചീറ്റകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും മറ്റിടങ്ങളില്‍ തുടങ്ങി കഴിഞ്ഞു. ഗാന്ധി സാഗര്‍ വന്യജീവി സങ്കേതത്തില്‍ 80 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന പ്രദേശത്ത് വേലിക്കെട്ടുന്നതിനായി 20 കോടി രൂപ മുതല്‍മുടക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ചമ്പല്‍ നദി കടന്നു പോകുന്നതും ഈ വന്യജീവി സങ്കേതത്തിലൂടെയാണ്. 368 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണം ഗാന്ധി സാഗര്‍ വന്യജീവി സങ്കേതത്തിന് ഉള്ളപ്പോള്‍ 1,197 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണമാണ് നൗറദേഹി വന്യജീവി സങ്കേതത്തിനുള്ളത്. ചീറ്റ ആക്ഷന്‍ പ്ലാന്‍ പ്രകാരമായിരിക്കും ചീറ്റകളെ മാറ്റി പാര്‍പ്പിക്കുകയെന്ന് ഗോയല്‍ പ്രതികരിച്ചു.
"ആദ്യത്തെ പരിഗണന ഗാന്ധി സാഗറും രണ്ടാം പരിഗണന നൗറദേഹിയുമാണ്. ഈ രണ്ടു സ്ഥലങ്ങളിലും പദ്ധതി വിജയകരമാവുകയാണെങ്കില്‍ മാത്രമേ അടുത്ത സ്ഥലം തിരഞ്ഞെടുക്കു. ചീറ്റകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് മാത്രമേ മാറ്റിപാര്‍പ്പിക്കല്‍ ഉണ്ടാവുകയുള്ളൂ", ഗോയല്‍ പറഞ്ഞു.
ആഫ്രിക്കയില്‍ നിന്നുമെത്തിച്ച 50 ശതമാനം ചീറ്റകളും അതിജീവിക്കുകയാണെങ്കില്‍ പദ്ധതി (പ്രൊജ്ക്ട് ചീറ്റ) വിജയകരമായതായി വിലയിരുത്തപ്പെടും. 21 ചീറ്റകളെ മാത്രമേ ഒരേ സമയം കുനോയില്‍ പാര്‍പ്പിക്കാന്‍ കഴിയുകയുള്ളൂ. അതിനാലാണ് മറ്റുള്ളവയെ ഗാന്ധി സാഗര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുന്നതെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടു ബാച്ചുകളിലായി 20 ചീറ്റകള്‍ രാജ്യത്തെത്തിയിരുന്നു. നമീബിയയില്‍ നിന്നും എട്ടും ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളുമാണ് രാജ്യത്തെത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17-ന് ചീറ്റകളുടെ ആദ്യ ബാച്ച് എത്തിയപ്പോള്‍ രണ്ടാം ബാച്ചെത്തിയത് ഈ വര്‍ഷം ഫെബ്രുവരി 18-നാണ്. ജ്വാല എന്ന പെണ്‍ചീറ്റയ്ക്ക് മാര്‍ച്ചില്‍ ജനിച്ച നാല് ചീറ്റക്കുഞ്ഞുങ്ങളില്‍ മൂന്നെണ്ണവും ചത്തിരുന്നു. ഇതോടെ രാജ്യത്തെത്തിച്ചതിൽ ശേഷിക്കുന്നത് 17 ചീറ്റകൾ മാത്രമാണ്
Content Highlights: few cheetahs from kuno to be moved to gandhi sagar wildlife sanctuary


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..