
മംഗലംഡാമിൽനിന്ന് മാറ്റിപ്പാർപ്പിച്ച മാൻകുട്ടി നെല്ലിയാമ്പതിയിൽ
മംഗലംഡാം: മംഗലംഡാമിലെ വനപാലകരുടെയും നാട്ടുകാരുടെയും ഓമനയായ മാളു എന്ന മാന്കുട്ടി ഇപ്പോള്‍ നെല്ലിയാമ്പതി തൂത്തമ്പാറയിലാണ്. നായ്ക്കളുടെ ആക്രമണത്തില്‍ ഒറ്റപ്പെട്ടുപോയ മാന്‍കുട്ടിക്ക് തുണയായത് വനപാലകരായിരുന്നു. വളര്‍ന്നുവലുതായപ്പോള്‍ മാളൂട്ടിക്ക് കുറച്ചുകൂടി വലിയൊരുലോകം ആവശ്യമാണെന്ന് മനസ്സിലാക്കിയാണ് കാട്ടിലേക്കയച്ചത്.
2020 ഒക്ടോബറില്‍ ഒരു റബ്ബര്‍ത്തോട്ടത്തില്‍ അവശനിലയില്‍ മാന്‍കുട്ടിയെ കണ്ടവിവരം നാട്ടുകാരാണ് വനംവകുപ്പില്‍ അറിയിച്ചത്. വനപാലകര്‍ അവളെ കരിങ്കയത്തെ ഓഫീസിലേക്ക് കൊണ്ടുവരികയായിരുന്നു. പശുവിന്‍പാലും കഞ്ഞിവെള്ളവുമായിരുന്നു ആദ്യകാലത്തെ ആഹാരം. പിന്നീട് സ്വയം തീറ്റതേടാനായെങ്കിലും മനുഷ്യരെ വിട്ടുപിരിയാന്‍ മാന്കുട്ടി ഒരുക്കമല്ലായിരുന്നു. ജോബിന് എന്ന ഗാര്ഡുമായിട്ടായിരുന്നു വലിയ ചങ്ങാത്തം.
ഫോറസ്റ്റ് സ്റ്റേഷനിലെ മാന്‍കുട്ടിയുടെ കഥ 'മാതൃഭൂമി'യില്‍ വന്നതോടെ കാണാനെത്തുന്നവരുടെ തിരക്കായി. സെല്‍ഫികള്‍ക്കും മാളൂട്ടി നിന്നുകൊടുത്തു. വളരുന്തോറും അവളുടെ കുറുമ്പുകളും കൂടിവന്നു. ഇരുചക്രവാഹന യാത്രക്കാര്‍ക്കും അയല്‍വീട്ടുകാര്‍ക്കും ക്രമേണ ഒരു പ്രശ്നക്കാരിയായി.
ഇപ്പോള്‍, മൂന്നാഴ്ചയായി മാന്‍കുട്ടിയെ നെല്ലിയാമ്പതിയിലേക്ക് കൊണ്ടുപോയിട്ട്. അവിടെ കൊണ്ടുവിട്ടെങ്കിലും മംഗലംഡാമുകാര് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അവിടത്തെ വാച്ചര്‍ വേലു കൂടെക്കൂടെ മാളുവിനെ കാണാറുണ്ട്. ശത്രുക്കളെ തിരിച്ചറിയാത്ത കുട്ടിയാണെന്നതാണ് പഴയ രക്ഷിതാക്കളുടെ ആശങ്ക. പുലിയുടെ മുമ്പിലൊന്നും പോയി ചാടല്ലെ എന്നവര്‍ പ്രാര്‍ഥിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..