പ്രതീകാത്മക ചിത്രം | ഫോട്ടോ:പി.മനോജ്
തൃശ്ശൂർ: ജനവാസമേഖലയിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ പ്രതിരോധിക്കാൻ പുതിയ നീക്കവുമായി വനംവകുപ്പ്. സ്വയം ശബ്ദവും വെളിച്ചവും ഉണ്ടാക്കുന്ന ആനിഡേഴ്സ് മെഷീനുകൾ (ആനിമൽ ഇൻട്രൂഷൻ ഡിറ്റക്ഷൻ ആൻഡ് റിപ്പലന്റ് സിസ്റ്റം) വ്യാപിപ്പിക്കാനാണ് തീരുമാനം. മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ മേഖലകളിലാണ് ആനിഡേഴ്സ് മെഷീനുകൾ സ്ഥാപിക്കുന്നത്.
വനമേഖലയിൽ വ്യാപകമായി ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും വെച്ചുപിടിപ്പിച്ച് വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള പദ്ധതി നിലവിലുണ്ടെങ്കിലും ഇതിന് കാലതാമസം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആനിഡേഴ്സ് മെഷീൻ ദൂരപരിധിയിലെത്തുന്ന മൃഗങ്ങളെ സെൻസറിലൂടെ തിരിച്ചറിയും. വന്യജീവികൾ പരിധിയിലെത്തുന്നതോടെ ശബ്ദവും വെളിച്ചവും പുറപ്പെടുവിക്കും. ഇതോടെ മൃഗങ്ങൾ കാട്ടിലേക്ക് തിരികെപ്പോകുമെന്നാണ് വനംവകുപ്പ് പറയുന്നത്. ഏത് കാലാവസ്ഥയെയും പ്രതിരോധിക്കാനാവുന്ന മെഷീൻ മനുഷ്യർക്കും മൃഗങ്ങൾക്കും സുരക്ഷിതവുമാണ്.
മനുഷ്യ-വന്യജീവി സംഘർഷം തടയാൻ വനംവകുപ്പ് തയ്യാറാക്കിയ 1150 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമാണിത്. പരീക്ഷണാടിസ്ഥാനത്തിൽ ഇടുക്കിയിലും തട്ടേക്കാടും സ്ഥാപിച്ച ആനിഡേഴ്സ് മെഷീനുകൾ വിജയമാണെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് 25 ടെറിട്ടോറിയൽ ഡിവിഷനുകളിലെ പ്രദേശങ്ങളിലും 10 വൈൽഡ് ലൈഫ് ഡിവിഷനുകളിലും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്.
ദെഹ്റാദൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും ചേർന്ന് നടത്തിയ പഠനത്തിലാണ് ആനിഡേഴ്സ് മെഷീൻ ആശയം മുന്നോട്ടു വന്നത്.
ജി.പി.എസ്. ക്യാമറ ട്രാപ്പ്, ഡിജിറ്റൽ സെൻസർ വാൾ, ഡ്രോണുകൾ, എസ്.എം.എസ്. അലർട്ട് സിസ്റ്റം, റിയൽ ടൈം മോണിറ്ററിങ് എന്നിവയും പ്രശ്നമേഖലകളിൽ വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവത്തിലാണ് വന്യമൃഗങ്ങൾ വ്യാപകമായി നാട്ടിലെത്തുന്നതെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. വേനൽക്കാലത്ത് വനത്തിൽ ജലലഭ്യത ഉറപ്പാക്കാനായി ജലസ്രോതസ്സുകളിൽ ചെറിയ തടയണകളും നിർമിക്കും.
Content Highlights: aniders machine to move wild animals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..